തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യബസ് സമരം പ്രഖ്യാപിച്ച് ബസ്സുടമകൾ.ബസ് ചാർജ് വർദ്ധന വൈകുന്നതിൽ പ്രതിഷേധിച്ചുള്ള സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉടമകൾ അറിയിച്ചു.മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.

കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ദ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചു. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകുന്നു.

വിലക്കയറ്റത്തിനിടയിൽ ബസ് ചാർജ് വർദ്ധനവ് സാധാരണക്കാർക്ക് ഇരട്ടപ്രഹരമാകുമെന്ന വിലയിരുത്തലാണ് സർക്കാരിനെ കുഴപ്പിച്ചത്. എന്നാൽ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുമെന്ന സൂചന നൽകി വീണ്ടും ചർച്ചകൾ സജീവമാക്കിയതും ഗതാഗത മന്ത്രിയാണ്. ചാർജ് വർദ്ധനവിൽ എൽഡിഎഫിന്റെ അനുമതിയും വൈകുകയാണ്.

'കഴിഞ്ഞ നവംബറിൽ ബസ് സമരം പ്രഖ്യാപിച്ചതാണ്. ഗതാഗതമന്ത്രിയുമായി അതിന് ശേഷം നടത്തിയ ചർച്ചയിൽ ചാർജ് കൂട്ടാമെന്ന ഉറപ്പ് നൽകി. എന്നാൽ നാലരമാസത്തിന് ശേഷവും കൂട്ടിയില്ല. ശബരിമല മകരവിളക്ക്, വിദ്യാർത്ഥികളുമായി ചർച്ച, മുഖ്യമന്ത്രി വിദേശത്ത് പോയി തിരികെ വരട്ടെ തുടങ്ങി ന്യായങ്ങൾ പറഞ്ഞാണ് ഉറപ്പ് പാലിക്കാതെ സർക്കാർ ഒഴിഞ്ഞു മാറിയത്. ബജറ്റിലും ആനുകൂല്യമുണ്ടായില്ല. അതേ സമയം കെ എസ് ആർ ടിസി ക്ക് വേണ്ടി 1000 കോടിയാണ് സർക്കാർ നൽകിയത്.

ഡീസൽ വില വർധിച്ചപ്പോൾ കെ എസ് ആർടിസിക്ക് വേണ്ടി സർക്കാർ കോടതി കയറി. ഇന്ധനവില ദിവസേനെ കൂടുന്ന സാഹചര്യത്തിൽ സ്വകാര്യ മേഖല വലിയ പ്രതിസന്ധിയെ നേരിടുന്നു. ബസ് ഉടമകളെ സംബന്ധിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയാണെന്നും ചാർജ് വർധനയല്ലാതെ മറ്റൊരു മാർഗം മുന്നിലില്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കി.

അതേ സമയം സർക്കാരിനെ സമ്മർദത്തിലാക്കുന്ന സമരവുമായി മുന്നോട്ട് പോകരുതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. ബസ്,ഓട്ടോ ടാക്‌സി പണിമുടക്കുമായി മുന്നോട്ട് പോയാൽ കെ എസ് ആർ ടി സി കൂടുതൽ സർവീസ് നടത്തും. ചാർജ് വർധന സർക്കാർ അംഗീകരിച്ചതാണ്. അത് എപ്പോൾ എങ്ങനെ വേണം എന്നതിൽ ചർച്ച നടക്കുകയാണ്. ഈ സമയത്ത് സമരം കൊണ്ട് സർക്കാരിനെ സമ്മർദപ്പെടുത്താമെന്ന് കരുതേണ്ടെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

വിലക്കയറ്റത്തിനിടയിൽ ബസ് ചാർജ് വർധന സാധാരണക്കാർക്ക് ഇരട്ട പ്രഹരമാകുമെന്ന വിലയിരുത്തലാണ് സർക്കാരിനെ കുഴപ്പിച്ചത്. എന്നാൽ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുമെന്ന സൂചന നൽകി വീണ്ടും ചർച്ചകൾ സജീവമാക്കിയതും ഗതാഗത മന്ത്രിയാണ്. ചാർജ് വർദ്ധനവിൽ എൽഡിഎഫിന്റെ അനുമതിയും വൈകുകയാണ്.