തിരുവനന്തപുരം: ഒരോ തെരഞ്ഞെടുപ്പ് സമയത്തും ഫലപ്രദമായി മതവികാരം ഉയർത്താൻ മനോരമയെ ആരും പഠിപ്പിക്കേണ്ട. ശ്രീനാരായണ ഗുരുവിന്റെ പ്രതിമയും ശരിയത്ത് മതവികാരവും ഒക്കെ ഫലപ്രദമായി ഉപയോഗിച്ച മനോരമ ഇന്ന് പുതിയ വിവാദം തുറന്നു വിട്ടിരിക്കുന്ന വിവാദം ചങ്ങനാശ്ശേരിയിൽ മുൻ മെത്രാനും കത്തോലിക്ക സഭയിലെ കടുത്ത കമ്മ്യൂണിസ്റ്റ് വിരോധിയുമായ മാർ പവ്വത്തിന്റെ ലേഖനത്തിന്റെ പേരിലാണ്. ക്രൈസ്തവർക്കിടയിൽ സംശയങ്ങൾ ജനിപ്പിക്കുക തന്നെയാണ് ഇതിന്റെ ലക്ഷ്യം. പ്ത്രത്തിലും ചാനലിലുമൊക്കെ പ്രാധാന്യത്തോടെ വാർത്ത നൽകി പുതിയ ചർച്ചകൾക്ക് സാഹചര്യമൊരുക്കുകയാണ് മനോരമയെന്ന് വ്യക്തം.

അച്യുതമേനോൻ മന്ത്രിസഭയ്‌ക്കെതിരെ സ്വകാര്യ മാനേജ്‌മെന്റുകൾ 1972ൽ നടത്തിയ കോളജ് സമരത്തിൽ വ്യവസായ മന്ത്രി ടി.വി. തോമസ് കത്തോലിക്കാ സഭയെ രഹസ്യമായി പിന്തുണച്ചെന്നാണ് മാർ ജോസഫ് പൗവത്തിലിന്റെ വെളിപ്പെടുത്തൽ. മന്ത്രി സ്വന്തം കാറിൽ ഒരു രാത്രി ചങ്ങനാശേരി അരമനയിലെത്തിയാണത്രേ പിന്തുണ അറിയിച്ചത്. ടി.വി. തോമസിനു ദൈവവിശ്വാസം നഷ്ടപ്പെട്ടിട്ടില്ലായിരുന്നുവെന്നും അവസാനകാലത്ത് പാപ കുമ്പസാരം നടത്തുന്നതിനോടു യോജിച്ചെന്നും മാർ പൗവത്തിൽ വ്യക്തമാക്കുന്നുവെന്നാണ് മനോരമ വാർത്ത. അതായത് കറകളഞ്ഞ കമ്മ്യൂണിസ്റ്റായ ടിവി തോമസിനെതിരെ ഗുരുതരമായ ആരോപണമാണ് മാർ പവ്വത്തിൽ ഉന്നയിക്കുന്നത്. നിലവിൽ സിപിഐ(എം) മുന്നണിയുടെ ഭാഗമായ കെആർ ഗൗരിയമ്മ ഇതിനോട് പ്രതികരിക്കാനും വാദ പ്രതിവാദങ്ങൾ തുടങ്ങാനുമുള്ള സാധ്യത തിരിച്ചറിഞ്ഞാണ് വാർത്ത. സിപിഐയുടെ ഇതിനോട് പ്രതികരിക്കേണ്ടി വരും. മന്ത്രിസഭയിൽ പ്രവർത്തിച്ച് മുഖ്യമന്ത്രിക്ക് എതിരെ ടിവി തോമസ് പ്രവർത്തിച്ചുവെന്നത് ഗുരുതര ആരോപണമാണ്.

ചങ്ങനാശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ 'കുടുംബജ്യോതി'യിൽ മാർ പൗവത്തിലിന്റെ ആത്മകഥ ഖണ്ഡശ പ്രസിദ്ധീകരിക്കുന്നുണ്ട്. ഉടനെ പുറത്തിറങ്ങുന്ന നവംബർ ലക്കത്തിലുള്ള 'സംഭവബഹുലമായ 1972(3)' എന്ന അധ്യായത്തിലാണ് ടി.വി. തോമസിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുളതെന്ന് മനോരമ പറയുന്നു. സ്വകാര്യ മാനേജ്‌മെന്റുകളുടെ കോളജുകളിലെ ഫീസ് സർക്കാർ കോളജുകളിലേതിനു തുല്യമാക്കി സർക്കാർ ഇറക്കിയ ഉത്തരവാണ് കോളജുകളടച്ചുള്ള സമരത്തിനു വഴിവച്ചത്. സിപിഐ - കോൺഗ്രസ് കൂട്ടുകക്ഷി മന്ത്രിസഭയുടെ നടപടിക്കായി അന്നത്തെ കോൺഗ്രസ് നേതാക്കളാണ് ശക്തമായി വാദിച്ചത്. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പുനഃപരിശോധിക്കണമെന്ന വാദം പോലമുണ്ടായി. ഒടുവിൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇടപെട്ടാണ് പ്രതിസന്ധി പരിഹരിച്ചതെന്നും പറയുന്നു.

കോളജ് സമരകാലത്ത് മാർ പൗവത്തിൽ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനാണ്. ആർച്ച്ബിഷപ്പിന്റെ വെളിപ്പെടുത്തൽ മനോരമ വിശദീകരിക്കുന്നത് ഇങ്ങനെ: 1972ലെ വിദ്യാഭ്യാസ സമരത്തെക്കുറിച്ചു മുൻപു സൂചിപ്പിച്ചെങ്കിലും അധികമാരും അറിയാത്ത ഒരു സംഭവം ഇവിടെ രേഖപ്പെടുത്തുന്നത് ചരിത്രത്തിന്റെ പൂർണതയ്ക്ക് ആവശ്യമാണെന്നു തോന്നുന്നു. 1972ൽ അച്യുതമേനോൻ മന്ത്രിസഭയാണ് ഭരണത്തിലുള്ളത്; സിപിഐ - കോൺഗ്രസ് കൂട്ടുകക്ഷി ഭരണം. സ്വകാര്യവിദ്യാലയങ്ങളെ കൈപ്പിടിയിലൊതുക്കാൻ കോൺഗ്രസും കെഎസ്‌യുക്കാരുമാണ് അന്ന് ഏറെ കോലാഹലമുണ്ടാക്കിയത്. പ്രമുഖ കമ്യൂണിസ്റ്റായ ടി.വി. തോമസാണ് വ്യവസായ മന്ത്രി. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ആലപ്പുഴ ഫൊറോനാ പള്ളിയിലെ സജീവ പ്രവർത്തകനും. സമരത്തിൽ തോമസിന്റെ ഭാഗത്തുനിന്ന് ഒരു സഹായവും സഭ പ്രതീക്ഷിച്ചിരുന്നില്ല. സമരം തണുത്തുതുടങ്ങി എന്ന് തോന്നലുളവായ സന്ദർഭത്തിൽ അദ്ദേഹം അപ്രതീക്ഷിതമായി ഇടപെട്ടു. ഒരു രാത്രി ഔദ്യോഗിക വാഹനം മാറ്റിവച്ച് സ്വന്തം കാറിൽ ടി.വി. തോമസ് ചങ്ങനാശേരി അരമനയിൽ വന്നു. എന്നെ കണ്ടു സംസാരിച്ച അദ്ദേഹത്തിനു നൽകാൻ ഒരു സന്ദേശമേ ഉണ്ടായിരുന്നുള്ളു, ഒന്നും വിട്ടുകൊടുക്കരുത്. ധൈര്യമായി പിടിച്ചുനിൽക്കണം. അദ്ദേഹത്തിനു ദൈവവിശ്വാസം പാടേ നഷ്ടപ്പെട്ടിരുന്നില്ല എന്നതിനു വേറെ തെളിവെന്തിൻ

''ടി.വി. തോമസ് രോഗബാധിതനായി തിരുവനന്തപുരത്ത് ആശുപത്രിയിലായ സമയം. അദ്ദേഹത്തെ കാണാൻ ഞാൻ ചെന്നു. മുറിക്കുള്ളിലും പുറത്തും നിറയെ പാർട്ടിക്കാർ. അദ്ദേഹത്തോടു സ്വകാര്യമായി സംസാരിക്കാൻ കുറച്ചു സമയം എനിക്കു ലഭിച്ചു. രോഗം ഗുരുതരമായിരുന്നതിനാൽ കുമ്പസാരിച്ചു പരിശുദ്ധ കുർബാന സ്വീകരിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തോട് അന്വേഷിച്ചു (അദ്ദേഹത്തിൽ വിശ്വാസം ഉണ്ടായിരുന്നു എന്ന ധാരണയിലായിരുന്നു അന്വേഷണം.) അതിന് അദ്ദേഹം പറഞ്ഞത്, '' അത് എനിക്കറിയാം, സമയത്ത് ഞാനതു ചെയ്തുകൊള്ളാം'' എന്നായിരുന്നു. താൻ പറയുന്നത് ഇടതുപക്ഷയാത്രികർക്ക് ഇഷ്ടപ്പെടില്ലെന്നറിയാം. പക്ഷേ ഇതാണ് ചരിത്രവസ്തുത എന്ന പ്രസ്താവനയോടെയാണ് മാർ പൗവത്തിൽ അധ്യായം അവസാനിപ്പിക്കുന്നതെന്നും പറയുന്നു.

അതിനിടെ, മാർ പവ്വത്തിൽ നടത്തി പ്രസ്താവന അനുചിതമായി പോയെന്ന് സിപിഐ ദേശീയ നിർവാഹക സമിതി അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. മരണകിടക്കയിൽ ടി വി തോമസ് പാപകുമ്പസാരം ആവശ്യപ്പെട്ടെങ്കിൽ ബിഷപ്പ് അത് നൽകിയോയെന്ന് വ്യക്തമാക്കണമെന്നും പന്ന്യൻ രവീന്ദ്രൻ മറുനാടൻ മലയാളിയോടു പറഞ്ഞു.

ടി വിയെ പോലുള്ള ഒരു പോരാളി ഒരിക്കലും തലയിൽ മുണ്ടിട്ട് അരമനകളിൽ കയറിയിറങ്ങിയിട്ടുണ്ടെന്ന് പറയുന്നത് അവിശ്വസനീയമാണ്. ജീവിച്ചിരിക്കുമ്പോൾ പറയാതെ മരിച്ച് മൺമറഞ്ഞശേഷം ലേഖനം എഴുതി വിവാദത്തിലാക്കാൻ ശ്രമിക്കുന്ന മുൻ സഭാമേലദ്ധ്യാക്ഷന്റെ നീക്കങ്ങൾ നിർത്തിവെക്കണം. അദ്ദേഹത്തിന്റെ നീക്കങ്ങളിൽ കനത്ത ദുരൂഹതയാണ് നിഴലിക്കുന്നത്.

ടി വി തോമസ് എത്തരത്തിലുള്ള ആളായിരുന്നെന്ന് പറയാൻ ടി വിക്കുമാത്രമെ കഴിയു. ആദ്യന്തം ഭൗതികവാദിയായി കഴിഞ്ഞ നേതാവിന് ആത്മീയ പരിവേഷം ഇപ്പോൾ സഭ
നൽകുന്നതെന്തിനാണെന്ന് പരിശോധിക്കണം. മരിച്ചവരുമായി ആശയവിനിമയം സാദ്ധ്യമല്ലെന്ന് കണ്ടിട്ടായിരിക്കാം ബിഷപ്പ് ഇത്തരം സാഹസങ്ങൾ കാട്ടുന്നത്. അദ്ദേഹത്തിന്റെ ലേഖനത്തിൽ ദുരൂഹതയുണ്ട്.

ആരോഗ്യപരമായി ഏറെ ദുരിതം അനുഭവിക്കുന്ന സഭാമുന്മേധാവി ഇത്തരത്തിൽ ഒരു ലേഖനം
എഴുതിത്ത്ത്ത്തീർക്കൽ അപ്രാപ്യമെന്നിരിക്കെ ഇതിന്റെ ഉറവിടം കണ്ടെത്തണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതുതന്നെയാണ്. കേരളത്തിന്റെ വികസനത്തിന് ശക്തമായ നിലപാടുകളെടുത്ത ഭരണാധികാരിയായിരുന്നു ടി വി തോമസ്. ജനങ്ങൾ
രാഷ്ട്രീയഭേദമെന്യേ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന നേതാവ്. കമ്മ്യൂണിസ്റ്റുകാരൻ ആത്യന്തികമായി ഭൗതികവാദിയായിരിക്കണമെന്നാണ് തത്വം. എന്നാൽ വിശ്വാസിയായ കമ്മ്യൂണിസ്റ്റുകളുമുണ്ടാകാം.

പക്ഷെ അതൊരു തെറ്റല്ലെന്നിരിക്കെ മാർ പവ്വൗത്തിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ അനുചിതമായി പോയെന്നെ പറയാൻ തരമുള്ളു. ടി വി കുമ്പസാരമാവശ്യപ്പെട്ടെന്ന
മാർ പവ്വത്തിലിന്റെ വെളിപ്പെടുത്തൽ കേരളത്തിൽ അത്രവലിയ പൊട്ടിത്തെറിയുണ്ടാക്കുമെന്ന് ആരും കരുതുന്നില്ല. അതുകേട്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ ഇളകി സഭാനേതൃത്വത്തിനെതിരെ തിരിയുമെന്നും കരുതേണ്ട. ദുരൂഹത നിഴലിക്കുന്ന നാലോളം വെളിപ്പെടുത്തലുകളാണ് പവ്വത്തിൽ തിരുമേനി നടത്തിയിട്ടുള്ളത്. സർക്കാരും സഭയും തമ്മിലുള്ള തർക്കത്തിൽ പകൽ നേരങ്ങളിൽ സർക്കാർ ഭാഗത്തും രാത്രിയിൽ സഭയുടെ ഭാഗത്തും നിലകൊണ്ടയാളെന്ന തരത്തിലാണ് ടി വിയെ ചിത്രികരിച്ചത്. പച്ചമലയാളത്തിൽ 'കരിങ്കാലി' എന്ന വിശേഷണമാണ് മാർ പവ്വത്തിൽ ടി വിയെ കുറിച്ച് പറഞ്ഞുവച്ചതെന്നും പന്ന്യൻ പറഞ്ഞു.