കൊല്ലം: പ്രണയിച്ച പെൺകുട്ടിയോടു സ്ത്രീധനം ആവശ്യപ്പെട്ടു ബിജെപി നേതാവിന്റെ ബന്ധുക്കൾ. വിവരം ചോദിക്കാൻ ചെന്ന കാമുകിയുടെ മൃതദേഹം പിന്നീടു കണ്ടെത്തിയത് തോട്ടിൽ നിന്ന്. കരിങ്ങന്നൂർ അടയറ പ്രശാന്ത് മന്ദിരത്തിൽ പ്രിയ (21)യുടെ മൃതദേഹമാണ് ഇത്തിക്കരയാറ്റിൽ നിന്നു കണ്ടെത്തിയത്.

ബിജെപി നേതാവായ അരുൺ ബാബുവുമായി കഴിഞ്ഞ ആറ് മാസമായി പ്രിയ പ്രണയത്തിലായിരുന്നു. മെക്കാനിക് ആയ അരുണും പ്രിയയും സ്ഥിരം സഞ്ചരിച്ചിരുന്നത് ഒരേ ബസിലായിരുന്നു ഈ പരിചയമാണ് പ്രണയത്തിലേക്ക് മാറിയത്. ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാർ അറിഞ്ഞത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ വീട്ടുകാർ ഒടുവിൽ സമ്മതിക്കുകയായിരുന്നു.

ഇരുവരും തമ്മിലുള്ള രജിസ്റ്റർ വിവാഹം നടത്തി നൽകാമെന്ന് വീട്ടുകാർ സമ്മതിച്ചു. ഒടുവിൽ വിവാഹത്തിന്റെ തലേ ദിവസം അരുണിന്റെ സഹോദരി ഐശ്വര്യയും മറ്റ് നവാല് പേരും ചേർന്ന് പ്രിയയുടെ വീട്ടിലെത്തുകയും സ്ത്രീധനമായി പണവും സ്വർണ്ണവും നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തന്റെ വിവാഹത്തിന് വീട്ടുകാർ 75 പവൻ സ്വർണം നൽകിയതാണെന്നും അത്കൊണ്ട് സഹോദരന് 50 പവനെങ്കിലും ലഭിക്കണമെന്നും ആവശ്യപ്പെട്ടു.

അരുണിന്റെ സഹോദരിയും മറ്റ് ചില ബിജെപി നേതാക്കളും ഇപ്രകാരം സ്ത്രീധനം ആവശ്യപ്പെട്ടത് പ്രിയയ്ക്ക് ഉൾക്കൊള്ളാനായില്ല. ഇതിൽ മനംനൊന്താണ് പ്രിയ ആത്മഹത്യ ചെയ്തതെന്നാണു വിവരം. അരുണിനെ ഒന്നാം പ്രതിയായും സഹോദരി ഐശ്വര്യയെ രണ്ടാം പ്രതിയായും അച്ഛൻ ബാബുവിനെ മൂന്നാം പ്രതിയായും കേസ് എടുത്തതായി പൂയപ്പള്ളി എസ്ഐ സാബു മറുനാടൻ മലയാളിയോടു പറഞ്ഞു. അരുൺ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

കരിങ്ങന്നൂരിൽ ബുധനാഴ്ചയാണു പെൺകുട്ടിയെ കാണാതായത്. മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. വെളിനല്ലുർ പഞ്ചായത്ത് പ്രസിഡന്റ് എം.കെ നിർമലയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. സംഭവത്തിൽ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ബുധനാഴ്ച രാവിലെ അരുൺബാബുവിന്റെ പുതുശ്ശേരിയിലുള്ള വീട്ടിലെത്തിയ പ്രിയയെ പിന്നീട് കാണാതാവുകയായിരുന്നു. പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ പുതുശ്ശേരി വള്ളക്കടവിൽ മൃതദേഹം കണ്ടത്തെിയത്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് കൊട്ടാരക്കര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി.

മരണത്തിനുത്തരവാദികളായ അരുൺ ബാബുവിനെയും അയാളുടെ പിതാവ്, സഹോദരി എന്നിവരെയും ബിജെപി നേതാക്കളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു റോഡ് ഉപരോധം. സംഭവം അറിഞ്ഞ് എഴുകോൺ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി നാട്ടുകാരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉറപ്പ് നൽകിയ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.