ഓയൂർ: കരിങ്ങന്നൂർ പതുശ്ശേരി വള്ളക്കടവിൽ മരിച്ചനിലയിൽ കാണപ്പെട്ട കരിങ്ങന്നൂർ അടയറ പ്രശാന്ത് മന്ദിരത്തിൽ പ്രസാദിന്റെ മകൾ പ്രിയയുടെ (21) മരണത്തിലെ ദുരൂഹത കൂടുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രിയയുടേതുകൊലപാതകമെന്ന് ആരോപിക്കുകയാണ് ബന്ധുക്കൾ.

പ്രിയ ശ്വാസം മുട്ടിമരിച്ചതാണെന്നും, ഒരുതുള്ളി വെള്ളംപോലും ഉള്ളിൽ ചെന്നിട്ടില്ലെന്നും, ശരീരത്തിൽ പല ഭാഗത്തും രക്തം കട്ടപിടിച്ച് കിടക്കുന്നതായും ശരീരത്തിൽ റബ്ബർമരത്തിന്റെ ഇലകൾ ഒട്ടിപ്പിടിച്ചിരുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉണ്ട്. മൃതദേഹം ആറ്റിൽനിന്നെടുക്കുമ്പോൾ പ്രിയ ധരിച്ചിരുന്ന ഷാൾ 23 സെമീ. നീളത്തിൽ വായിൽ തിരുകി കയറ്റിയ നിലയിലായിരുന്നു . ചെരുപ്പ് മൃതദേഹത്തോടൊപ്പം ഇല്ലായിരുന്നു. ആറിന്റെ മറുകരയിൽ നിന്നും പൊലീസ് കഴിഞ്ഞ ദിവസം ചെരുപ്പ് കണ്ടെടുത്തിരുന്നു.

കഴിഞ്ഞ മാസം 30 നാണ് പ്രിയയെ ആറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. പുതുശ്ശേരി ഐശ്വര്യ ഭവനിൽ അനന്ദു എന്ന് വിളിക്കുന്ന അരുൺ ബാബുവുമായി പ്രിയ അടുപ്പത്തിലാവുകയും ഇരുവരുടെയും വിവാഹം നടത്തുന്നതിന് വീട്ടുകാർ തമ്മിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു . എന്നാൽ പ്രിയയെ കാണാതാകുന്നതിന് തലേദിവസം അരുൺ ബാബുവിന്റെ സഹോദരിയും പ്രദേശ വാസികളായ ബിജെപി പ്രവർത്തകരും ഉൾപ്പെട്ട സംഘം പ്രിയയുടെ വീട്ടിലെത്തി സ്ത്രീധനവും സ്വർണ്ണവും ആവശ്യപ്പട്ടിരുന്നു. ഇതേച്ചൊല്ലി ഇരുവീട്ടുകാരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാവുകയും ചെയ്തു. വിവാഹം മുടങ്ങുമെന്ന ഭയത്താൽ പിറ്റേദിവസം രാവിലെ അരുൺബാബുവിന്റെ വീട്ടിലെത്തിയ പ്രിയയെ പിന്നീട് കാണാതായി. രണ്ട് ദിവസത്തിന് ശേഷം പ്രിയയുടെ മൃതദേഹം ഇത്തിക്കരയാറ്റിലെ പുതുശ്ശേരി വള്ളക്കടവിൽ കാണപ്പെടുകയായിരുന്നു.

പ്രിയയുമായി അടുപ്പത്തിലായിരുന്ന അരുൺബാബു (23), അരുൺബാബുവിന്റെ സഹോദരി ഐശ്വര്യ (25) പിതാവ് ബാബു, ബന്ധുവായ കരങ്ങന്നൂർ പുതുശ്ശേരി ടിപ് ടോപ്പ് വീട്ടിൽ ഡെന്നി ( 37),ബി.ജെ. പി പ്രവർത്തകനായ കരിങ്ങന്നൂർ പുത്തൻവിള വീട്ടിൽ ജയകുമാർ( 35),ബി.ജെ. പി മണ്ഡലം സെക്രട്ടറി കരിങ്ങന്നൂർ മങ്ങാട് ചാലൂർ ചരുവിള വീട്ടിൽ മനോജ് (41), ബി.ജെ. പി വെളിനല്ലൂർ പഞ്ചായത്ത് സെക്രട്ടറി പുതുശ്ശേരി ശിവഗംഗ വീട്ടിൽ മനോജ് (36 )എന്നിവർ റിമാന്റിലാണ്. ഏഴ് പ്രതികളിൽ നാലുവരെ യുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കഴിഞ്ഞ ദിവസം സംഭവസ്ഥലത്തുകൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു.

കേസിലെ ഒന്നാംപ്രതി പ്രിയയുമായി അടുപ്പത്തിലായിരുന്ന അരുൺബാബുവാണ്. ഇയാളുടെ സഹോദരിയായ ഐശ്വര്യയാണ് രണ്ടാംപ്രതി. മൂന്നാംപ്രതിയും അരുൺബാബുവിന്റെ പിതാവവുമായ ബാബു ഒളിവിലാണ്. അരുൺബാബുവിന്റെ സഹോദരിയും സുഹൃത്തുക്കളും പ്രിയയുടെ വീട്ടിലെത്തി സ്തീധനമായി പണവും സ്വർണവും ആവശ്യപ്പെട്ടെങ്കിലും വീട്ടുകാർ അത് നിരസിച്ചു. തുടർന്ന് ബുധനാഴ്ച രാവിലെ അരുൺബാബുവിന്റെ വീട്ടിലെത്തി സംസാരിച്ച് മടങ്ങിയ പ്രിയയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ ഇത്തിക്കരയാറ്റിലെ പുതുശ്ശേരി വള്ളക്കടവിൽ കണ്ടെത്തുകയായിരുന്നു.

ബിജെപി നേതാവായ അരുൺ ബാബുവുമായി കഴിഞ്ഞ ആറ് മാസമായി പ്രിയ പ്രണയത്തിലായിരുന്നു. മെക്കാനിക് ആയ അരുണും പ്രിയയും സ്ഥിരം സഞ്ചരിച്ചിരുന്നത് ഒരേ ബസിലായിരുന്നു ഈ പരിചയമാണ് പ്രണയത്തിലേക്ക് മാറിയത്. ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാർ അറിഞ്ഞത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ വീട്ടുകാർ ഒടുവിൽ സമ്മതിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള രജിസ്റ്റർ വിവാഹം നടത്തി നൽകാമെന്ന് വീട്ടുകാർ സമ്മതിച്ചു. ഒടുവിൽ വിവാഹത്തിന്റെ തലേ ദിവസം അരുണിന്റെ സഹോദരി ഐശ്വര്യയും മറ്റ് നാല് പേരും ചേർന്ന് പ്രിയയുടെ വീട്ടിലെത്തുകയും സ്ത്രീധനമായി പണവും സ്വർണ്ണവും നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തന്റെ വിവാഹത്തിന് വീട്ടുകാർ 75 പവൻ സ്വർണം നൽകിയതാണെന്നും അത്കൊണ്ട് സഹോദരന് 50 പവനെങ്കിലും ലഭിക്കണമെന്നും ആവശ്യപ്പെട്ടു.

അരുണിന്റെ സഹോദരിയും മറ്റ് ചില ബിജെപി നേതാക്കളും ഇപ്രകാരം സ്ത്രീധനം ആവശ്യപ്പെട്ടത് പ്രിയയ്ക്ക് ഉൾക്കൊള്ളാനായില്ല. ഇതിന് ശേഷമായിരുന്നു മരണം. എന്നാൽ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റമാണ് പ്രതികൾക്ക് മേൽ ചുമത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ ഇതുകൊലപാതകമാണെന്ന് തെളിഞ്ഞതായി പ്രിയയുടെ ബന്ധുക്കൾ പറയുന്നു.