കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനത്തിൽ ക്രമക്കേടില്ലെന്ന നിലപാടിൽ ഉറച്ച് കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. സർവകലാശാലയിലെ അസോസിയ്റ്റ് പ്രൊഫസർ നിയമനം അഭിമുഖം മാനദണ്ഡമാക്കി തന്നെയെന്ന് വിസി അറിയിച്ചു. അഭിമുഖത്തിൽ മികവുകാട്ടിയത് പ്രിയാവർഗീസാണെന്നും നിയമന നടപടികളിൽ ക്രമക്കേടില്ലെന്നും വിസി ഗവർണ്ണർക്ക് വിശദീകരണം നൽകി. വിസിയുടെ റിപ്പോർട്ട് ഗവർണ്ണറുടെ ഓഫീസ് പരിശോധിക്കുകയാണ്. പ്രിയാ വർഗീസിന്റെ നിയമനത്തിൽ വിസിയുടെ വിശദീരണം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു ഗവർണ്ണർ നേരത്തെ അറിയിച്ചത്.

നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് വിസി അറിയിച്ചു. സിമിലാരിറ്റി ചെക്കിങ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി. ഗവർണർ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നൽകുകയാണെങ്കിൽ മറുപടി നൽകാമെന്നും ഡോ.ഗോപിനാഥൻ നായർ പറഞ്ഞു.

റിസർച്ച് സ്‌കോർ എന്നത് ഉദ്യോഗാർത്ഥികളുടെ അവകാശം മാത്രമല്ല, യൂണിവേഴ്‌സിറ്റി സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണ്. ഇക്കാര്യത്തിൽ പ്രിയ വർഗീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചിട്ടില്ല. വിവരാവകാശ രേഖ വഴി ഇന്റർവ്യൂവിന്റെ റെക്കോഡ് പുറത്തു വിടാൻ കഴിയുമോ എന്നതിൽ വ്യക്തത ഇല്ല എന്നും വൈസ് ചാൻസലർ പറഞ്ഞു. പുറത്തു വിടാൻ കഴിയില്ലെന്നാണ് നിയമ വൃത്തങ്ങളിൽ നിന്ന് മനസിലാകുന്നത്. അത്തരത്തിൽ ചെയ്യണമെങ്കിൽ ഇന്റർവ്യൂ ബോർഡിലെ 11 പേരുടെയും അഭിമുഖത്തിൽ പങ്കെടുത്ത ആറു പേരുടെയും അനുമതി വേണ്ടി വരുമെന്നും ഡോ.ഗോപിനാഥൻ നായർ വ്യക്തമാക്കി. സർവകലാശാലയ്ക്ക് ഇക്കാര്യത്തിൽ ബുദ്ധിമുട്ടൊന്നും ഇല്ലെന്നും വൈസ് ചാൻസലർ അറിയിച്ചു.

സിൻഡിക്കേറ്റ് പ്രിയ വർഗീസിന് നിയമനം നൽകാൻ തീരുമാനിച്ചെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് ഇതുവരെ അയച്ചിട്ടില്ല. അത് ഗവർണറുടെ തീരുമാനം അറിയുന്നതിനുവേണ്ടിയാണെന്നാണ് സൂചന. ഇന്നു വൈകുന്നേരം അഞ്ചോടെ ഗവർണർ ഡൽഹിക്കു തിരിക്കും. അതിനു മുൻപ് ഈ വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

അഭിമുഖത്തിൽ രണ്ടാം സ്ഥാനത്തുവന്ന ഉദ്യോഗാർഥിയെ വളരെ ഉയർന്ന റിസർച്ച് സ്‌കോർ ഉണ്ടായിട്ടും തഴഞ്ഞത് വിവാദമായിരുന്നു. വൈസ് ചാൻസലറുടെ റിപ്പോർട്ട് ചാൻസലറായ ഗവർണറുടെ ഓഫീസ് പരിശോധിക്കുകയാണ്. നിയമന വിഷയത്തിൽ വൈസ് ചാൻസലറുടെ വിശദീകരണം ലഭ്യമായ ശേഷം തുടർ നടപടികൾ എന്നാണ് ഗവർണർ ഇന്നലെ പറഞ്ഞത്.