- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിസർച്ച് സ്‌കോർ സർവകലാശാല അതു മുഴുവൻ പരിശോധിച്ചു വകവച്ചു തന്നിട്ടുള്ളതല്ലെന്ന പ്രിയാ വർഗ്ഗീസിന്റെ ആരോപണം ഉയർത്തുന്നതും അഭിമുഖത്തിലേക്കുള്ള വഴിയിലെ ചതികൾ; മുഖ്യമന്ത്രിയുടെ പിഎസിന്റെ ഭാര്യയുടെ വാദങ്ങൾ തെറ്റെന്നും റിപ്പോർട്ട്; എല്ലാം പ്രോ വൈസ് ചാൻസലർ പരിശോധിച്ചിരുന്നു; എല്ലാ വശങ്ങളും പരിശോധിച്ച് ഗവർണ്ണർ ഉടൻ തീരുമാനം എടുക്കും
കണ്ണൂർ: കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രിയാ വർഗ്ഗീസിന്റെ വാദമെല്ലാം തെറ്റ്. മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങി പുതിയ ആരോപണം ചർച്ചയാക്കുന്നുവെന്നാണ് ആരോപണം. എന്നാൽ ഒരു ആരോപണവും ആരും പിൻവലിച്ചിട്ടില്ല. പുതിയ റിപ്പോർട്ടുകൾ വരുമ്പോൾ അതു കൊടുക്കുന്നുവെന്ന് മാത്രം. അദ്ധ്യാപന പരിചയത്തിലെ വിവാദം അതുപോലെ നിലനിൽക്കുന്നു. ഇതിനൊപ്പമാണ് റിസർച്ച് സ്‌കോറിലെ വസ്തുതകൾ വിവരാവകാശമായി എത്തിയത്. അതിനിടെ പുറത്തുവന്ന റിസർച്ച് സ്‌കോറുകൾ സർവകലാശാല വിലയിരുത്തിയതല്ലെന്ന പ്രിയ വർഗീസിന്റെ വാദം തെറ്റെന്ന റിപ്പോർട്ട് പുറത്തു വരികയാണ്. ഈ വിഷയത്തിൽ ്്ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ ഉടൻ തീരുമാനം എടുക്കും. ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
റിസർച്ച് സ്‌കോറിന് ആധാരമായ രേഖകൾ പരിശോധിച്ച് ഉറപ്പിച്ചതാണ്. പ്രോ വിസി അധ്യക്ഷനായ കമ്മിറ്റിയാണ് പരിശോധിച്ചത്. സ്‌കോർ അപേക്ഷകരുടെ അവകാശവാദം മാത്രമല്ല. അപേക്ഷകൻ നൽകിയ രേഖകൾ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആർട്ടിക്കിളുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ചുരക്കപ്പട്ടിക തയാറാക്കിയത്. പത്തു പേരിൽനിന്നാണ് പ്രിയ വർഗീസും ജോസഫ് സ്‌കറിയയും അടക്കമുള്ള ആറു പേരുടെ പട്ടിക അഭിമുഖത്തിനായി സർവകലാശാല തയാറാക്കിയത്. നാലു പേരെ ഒഴിവാക്കിയത് അവരുടെ ഗവേഷണ പേപ്പറുകളിൽ മതിയായ യോഗ്യതയില്ലാത്തതിനാലാണ്. ഈ വസ്തുത മറച്ചു വച്ചായിരുന്നു ഇന്നലെ പ്രിയയയുടെ പോസ്റ്റ് എത്തിയതെന്നാണ് ഉയരുന്ന വാദം.
നാലു പേരെ എന്തിനാണ് ഒഴിവാക്കിയതെന്നും സർവകലാശാല കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റിസർച്ച് പേപ്പർ സംബന്ധിച്ച വിവരങ്ങൾ സർവകലാശാല കൃത്യമായി പരിശോധിച്ചിട്ടില്ലെന്ന പ്രിയ വർഗീസിന്റെ വാദം തെറ്റാകും. ഇതിനൊപ്പ്ം അഭിമുഖത്തിലേക്ക് ആളെ തിരഞ്ഞെടുത്തതിൽ സർവ്വകലാശാലയ്ക്ക് തന്നെ തെറ്റുപറ്റിയെന്ന് പ്രിയാ വർഗ്ഗീസും സമ്മതിക്കുന്നതിന് തുല്യമാണ് ഇത്. അതുകൊണ്ട് തന്നെ ഈ നിയമനം റദ്ദാക്കണമെന്ന വാദത്തിന് കൂടുതൽ ശക്തിപകരും. അതിനിടെ പ്രിയയെ അതിവേഗം നിയമിക്കാൻ സർവ്വകലാശാലയിൽ സമ്മർദ്ദവും ഉണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ. ഇതാണ് വിവാദങ്ങൾക്ക് പുതിയ തലം നൽകുന്നത്.
വിവരാവകാശ രേഖയായി പുറത്തുവന്നിരിക്കുന്നത് അക്കങ്ങളിലെ കള്ളക്കളിയെന്നാണ് പ്രിയ വർഗീസ് ഫേസ്‌ബുക് കുറിപ്പിൽ ആരോപിച്ചത്. കോവിഡ് കാലമായിരുന്നതുകൊണ്ട് അപേക്ഷ ഓൺലൈനായിട്ടായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്. ഈ ഓൺലൈൻ ഡേറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മൾ ടൈപ്പ് ചെയ്തു കൊടുക്കുന്ന മുറയ്ക്ക് സ്‌കോർ കോളത്തിൽ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോൾ നമ്മുടെ ആകെ സ്‌കോറും ഓട്ടോ ജനറേറ്റ് ആയി വരും. ഇങ്ങനെ ഓൺലൈൻ അപേക്ഷയിൽ കംപ്യൂട്ടർ സോഫ്റ്റ്‌വെയർ അടയാളപ്പെടുത്തിയ അക്കങ്ങൾ ആണ് ഇപ്പോൾ ഈ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്മേൽ സർവകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് (ഫിസിക്കൽ വെരിഫിക്കേഷൻ )നടത്തിയിട്ടില്ലെന്നാണ് പ്രിയയുടെ ആരോപണം
സാധാരണ ഇതു നടക്കാറുള്ളത് ഇന്റർവ്യു ദിവസമാണ്. ഇന്റർവ്യു ഓൺലൈൻ ആയിരുന്നതു കൊണ്ട് അന്നും അതുനടന്നില്ല. അതായത് എന്റെ 156ഉം അപരന്റെ 651ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണ്. സർവകലാശാല അതു മുഴുവൻ പരിശോധിച്ചു വകവച്ചു തന്നിട്ടുള്ളതല്ല എന്നാണ് പ്രിയ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതെല്ലാം രാജ് ഭവനും പരിശോധിക്കും. അതിന് ശേഷം യുജിസിയുടെ അനൗദ്യോഗിക വിശദീകരണവും ഗവർണ്ണർ ചോദിക്കും. അതിന് ശേഷമാകും നടപടികളിലേക്ക് കടക്കുക.
ഫാക്കൽറ്റി ഡെവലപ്‌മെന്റിനായി ചെലവഴിച്ചതും അക്കാദമിക തസ്തികകളിൽ ഡപ്യൂട്ടേഷനിൽ ചെലവഴിച്ച കാലയളവും അദ്ധ്യാപന പരിചയമായി കണക്കാക്കാം എന്നവാദവും സംശയത്തിലാണ്. ഇതുസംബന്ധിച്ച് സ്റ്റാൻഡിങ് കൗൺസിൽ, അഡ്വക്കേറ്റ് ജനറൽ എന്നിവരിൽനിന്നു നിയമോപദേശം ലഭിച്ചിട്ടുണ്ട്. റിസർച്ച് സ്‌കോർ കൂടിയതുകൊണ്ട് മാത്രം ഉദ്യോഗാർഥി തിരഞ്ഞെടുക്കപ്പെടണമെന്നില്ലെന്നു കണ്ണൂർ സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ യുജിസിയിൽ നിന്ന് വേണം സർവ്വകലാശാല ഉപദേശം തേടാൻ. അതുണ്ടായിട്ടില്ലെന്നതാണ് നിർണ്ണായകം. സ്റ്റാൻഡിങ് കൗൺസിലിൽ് സിപിഎം ആധിപത്യമാണ്. അഡ്വക്കേറ്റ് ജനറലിനെ നിയമിച്ചത് പിണറായിയും. യുജിസിയാണ് ഈ വിഷയത്തിൽ നിലപാട് എടുക്കേണ്ടത്.
പ്രിയ വർഗീസിനെക്കാൾ റിസർച്ച് സ്‌കോർ കൂടിയ ആൾ തഴയപ്പെട്ടു എന്ന വാദത്തിൽ കഴമ്പില്ലെന്നും സർവകലാശാല വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പ്രിയയ്ക്ക് മതിയായ അദ്ധ്യാപക പ്രവർത്തി പരിചയമില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം റിസർച്ച് സ്‌കോറും പുറത്തുവന്നതിനു പിന്നാലെയാണു സർവകലാശാലയുടെ വിശദീകരണം. 156 സ്‌കോർ പോയിന്റ് മാത്രമുള്ള പ്രിയ വർഗീസിനു ഒന്നാം റാങ്ക് നൽകിയപ്പോൾ ഏറ്റവും കൂടുതൽ 651 റിസർച്ച് സ്‌കോർ പോയിന്റുള്ള ചങ്ങനാശ്ശേരി എസ്ബി കോളജ് അദ്ധ്യാപകൻ ജോസഫ് സ്‌കറിയയ്ക്ക് രണ്ടാം റാങ്കും 645 സ്‌കോർ പോയിന്റുള്ള മലയാളം സർവകലാശാല അദ്ധ്യാപകൻ സി.ഗണേശിനു മൂന്നാം റാങ്കുമാണ് നൽകിയത്. അസോഷ്യേറ്റ് പ്രഫസർ തസ്തികയ്ക്ക് ആറ് അപേക്ഷകരാണ് ഉണ്ടായിരുന്നത്. ആറു പേരെയും അഭിമുഖത്തിനു ക്ഷണിച്ചിരുന്നു.
പ്രിയ വർഗീസിന് അഭിമുഖത്തിനു 32 മാർക്ക് നൽകി ഒന്നാം റാങ്കിലെത്തിച്ചപ്പോൾ 15 വർഷത്തെ അദ്ധ്യാപന പരിചയമുള്ള ജോസഫ് സ്‌കറിയക്ക് 30 മാർക്കും സി.ഗണേശിന് 28 മാർക്കുമാണ് നൽകിയത്. സിലക്ഷൻ കമ്മിറ്റി തയാറാക്കിയ മൂന്നു പേരുടെ റാങ്ക് പട്ടികയാണ് സർവകലാശാല സിൻഡിക്കറ്റ് അംഗീകരിച്ചത്. അസോഷ്യേറ്റ് പ്രഫസർ നിയമനം സംബന്ധിച്ച വിവാദങ്ങൾ ഉയർന്നതിനിടെ സിപിഎം നേതാവ് കെ.കെ. രാഗേഷിന്റെ ഭാര്യയായ ഡോ. പ്രിയ വർഗീസിനു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ അസി.ഡയറക്ടർ എന്ന നിലയിൽ ഒരു വർഷം കൂടി ഡപ്യൂട്ടേഷൻ നീട്ടി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു.
തൃശൂർ കേരളവർമ കോളജിൽ മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസറായ പ്രിയയ്ക്ക് കഴിഞ്ഞ ജൂലൈ 7 മുതൽ പ്രാബല്യത്തോടെയാണ് ഡപ്യൂട്ടേഷൻ നീട്ടി നൽകിയത്. കണ്ണൂരിൽ പ്രമോഷനോടെ നിയമനം കിട്ടിയാൽ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറാകാനുള്ള സാധ്യത പ്രിയയ്ക്ക് തെളിയും. ഇതിന് വേണ്ടിയാണ് പുതിയ നീക്കങ്ങളെന്ന ആരോപണവും ശക്തമാണ്. വിഷയത്തിൽ ഗവർണ്ണർക്ക് മുമ്പിൽ പരാതിയും ഉണ്ട്. ഇതിൽ ഗവർണ്ണർ എടുക്കുന്ന നിലപാടും നിർണ്ണായകമാകും. ചാൻസലർ പദവിയിൽ നിന്ന് ഗവർണ്ണറെ മാറ്റാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ഇതിന് കാരണവും പ്രിയ വർഗ്ഗീസിന്റെ നിയമനം പ്രശ്നമില്ലാതെ നടത്താനാണെന്ന വാദവും ശക്തമാണ്.
മറുനാടന് മലയാളി ബ്യൂറോ