തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോഷ്യേറ്റ് പ്രഫസർ റാങ്ക്ലിസ്റ്റിൽ ഒന്നാം റാങ്ക് നൽകിയതു വിവാദമായ സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമന നടപടികൾ മരവിപ്പിക്കുമ്പോൾ അത് പുതിയ നിയമയുദ്ധമാകും. അതിൽ പ്രിയാ വർഗ്ഗീസിന്റെ അദ്ധ്യാപന പരിചയക്കുറവാകും ഏറ്റവും അധികം ചർച്ചയാവുക. വിസി നിയമനത്തിനുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ചപ്പോൾ, അതു നിയമമാകണമെങ്കിൽ തന്റെ ഒപ്പു വേണമല്ലോയെന്നു ഗവർണർ തിരിച്ചടിച്ചിരുന്നു. കണ്ണൂരിലെ സ്റ്റേയോടെ സർക്കാരും ഗവർണറുമായുള്ള പോര് കൂടുതൽ രൂക്ഷമായി.

അതിനിടെ സർവകലാശാലാ നിയമനങ്ങളിൽ സർക്കാരിനു പങ്കില്ലെന്നു മന്ത്രി ആർ.ബിന്ദു. കണ്ണൂർ സർവകലാശാലയിലെ മലയാളം അസോഷ്യേറ്റ് പ്രഫസർ റാങ്ക്ലിസ്റ്റ് ഗവർണർ മരവിപ്പിച്ചതു സംബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം നടത്തിയതെന്നും മന്ത്രി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടലാണ് അദ്ധ്യാപന പരിചയ യോഗ്യത പോലും പരിഗണിക്കാതെ അതിവേഗം എല്ലാം നടന്നതിന് കാരണമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറം വിമർശിക്കുന്നത്. സാങ്കേതികമായി സർക്കാരിന് നിയമനത്തിൽ പങ്കില്ലെങ്കിലും ഈ ആക്ഷേപം അതിശക്തമായി തന്നെ ചർച്ചകളിൽ തുടരും.

ഇത്രവേഗത്തിൽ ഗവർണ്ണർ നിയമനം റദ്ദാക്കുമെന്ന് ആരും കരുതിയില്ല. കണ്ണൂർ വൈസ് ചാൻസലർ, ഇന്റർവ്യൂ ബോർഡിലെയും സിൻഡിക്കറ്റിലെയും അംഗങ്ങൾ എന്നിവർ ഉൾപ്പെടെ ഈ നിയമന നടപടികളുമായി ബന്ധപ്പെട്ട എല്ലാവർക്കും കാരണം കാണിക്കൽ നോട്ടിസ് അയയ്ക്കാനും ഉത്തരവിട്ടു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിൽ ക്രമക്കേടില്ലെന്ന വിസി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ വിശദീകരണം തള്ളിയാണു നടപടി. നിലവിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡെപ്യൂട്ടേഷനിൽ ജോലി നോക്കുകയാണ് പ്രിയ. അതുകൊണ്ടു തന്നെ കണ്ണൂർ സർവ്വകലാശാല നിയമ പോരാട്ടത്തിന് പോകാതെ പുതിയ നിയമന നടപടികൾ എടുത്താലും പ്രിയയ്ക്ക് അപേക്ഷിക്കാനാകില്ലെന്നാണ് സൂചന. അദ്ധ്യാപനത്തിലെ കണക്ക് കുറവ് ഇപ്പോഴും പ്രിയയ്ക്കുണ്ടാകും.

അതിനിടെ ഗവർണ്ണറുടെ നടപടിക്കെതിരെ അടുത്തദിവസം തന്നെ കോടതിയെ സമീപിക്കുമെന്നു വിസി പ്രതികരിച്ചു. പ്രിയ വർഗീസിന്റെ നിയമന ഉത്തരവ് 2 ദിവസത്തിനകം ഇറങ്ങുമെന്നും ഗവേഷണ പ്രബന്ധങ്ങളുടെ സൂക്ഷ്മപരിശോധന നടക്കുന്നതിനാലാണ് ഉത്തരവ് വൈകുന്നതെന്നും വിസി ഗവർണറുടെ തീരുമാനം വരുംമുൻപു പറഞ്ഞിരുന്നു. പിന്നാലെയാണ് എല്ലാ നടപടികളും ഗവർണ്ണർ താൽകാലികമായി റദ്ദാക്കിയത്. ബന്ധപ്പെട്ടവരുടെ ഹിയറിങ് നടത്തി റാങ്ക്ലിസ്റ്റ് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികളിലേക്കു ഗവർണർ കടക്കാനാണു സാധ്യത. ആദ്യ പടിയായാണു നിയമന നടപടിക്കുള്ള സ്റ്റേ. സിൻഡിക്കറ്റ് അംഗീകരിച്ചു പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക റദ്ദാക്കാൻ ചാൻസലർ കൂടിയായ ഗവർണർക്ക് സർവകലാശാലാ നിയമപ്രകാരം അധികാരമുണ്ട്.

കണ്ണൂർ വിസിക്കെതിരെ 2 പരാതികൾ കൂടി ഗവർണറുടെ മുന്നിലുണ്ട് ഗവർണറെ ഒഴിവാക്കി ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചതും സിൻഡിക്കറ്റിന്റെ പോലും അംഗീകാരമില്ലാതെ സ്വാശ്രയ കോളജിന് അഫിലിയേഷനു ശുപാർശ ചെയ്തതും. ഇവയും റദ്ദാക്കും. പ്രിയാ വർഗ്ഗീസിന്റെ നിയമനം സ്റ്റേ ചെയ്യുന്ന തീരുമാനമെടുത്ത ശേഷം ഗവർണർ ഉജ്ജയിനിലേക്കു പോയി. താൻ ചാൻസലറായി ഇരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അനുവദിക്കില്ലെന്നു വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു പറയുകയും ചെയ്തു. തിരിച്ചു വന്ന ശേഷം കണ്ണൂർ സർവ്വകലാശാലയ്‌ക്കെതിരെ കൂടുതൽ നടപടികൾ എടുക്കും.

2021 സെപ്റ്റംബറിൽ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയാണു കണ്ണൂർ സർവകലാശാലയെ പിടിച്ചുകുലുക്കിയ ആദ്യ വിവാദം. വിവിധ പഠനബോർഡുകളിലെ 68 അംഗങ്ങൾക്ക് യോഗ്യതയില്ലെന്നും ഗവർണറുടെ അനുമതിയില്ലാതെ പുനഃസംഘടിപ്പിച്ചുവെന്നുമായിരുന്നു പരാതി. പുനഃസംഘടനയ്ക്ക് അനുമതി തേടി രണ്ടാമതു നൽകിയ അപേക്ഷ ഗവർണറുടെ പരിഗണനയിലാണ്. തലശ്ശേരി ബ്രണ്ണൻ കോളജിലെ എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്‌സ് കോഴ്‌സിന്റെ സിലബസിൽ ആർഎസ്എസ് നേതാക്കളുടെ ചിന്തകൾ കൂടുതലായി ഉൾപ്പെടുത്തിയെന്നതായിരുന്നു തുടർന്നുണ്ടായ മറ്റൊരു വിവാദം. സിലബസ് പരിഷ്‌കരിച്ച് വിവാദം അവസാനിപ്പിച്ചു.

മലയാളം പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയ വർഗീസിനെ നിയമിക്കാൻ നീക്കം നടക്കുന്നുവെന്നു 2021 നവംബർ രണ്ടാം വാരത്തിൽ തന്നെ ആക്ഷേപമുയർന്നിരുന്നു. 2021 നവംബർ 12 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. തൊട്ടുപിറ്റേന്നു തന്നെ അപേക്ഷകളുടെ സൂക്ഷ്മപരിശോധന ഉൾപ്പെടെയുള്ളവ പൂർത്തിയാക്കി. നവംബർ 18നു തന്നെ അഭിമുഖം പൂർത്തിയാക്കി. പ്രിയയ്ക്കായിരുന്നു ഒന്നാം റാങ്ക്. നിയമോപദേശമുൾപ്പെടെയുള്ളവ പൂർത്തിയാക്കി ജൂൺ 27ന് റാങ്ക് പട്ടിക സിൻഡിക്കറ്റ് അംഗീകരിച്ചു.

നവംബർ 18ന്, പ്രിയയ്ക്ക് ഒന്നാം റാങ്ക് ലഭിക്കുന്ന അഭിമുഖം കഴിഞ്ഞ് 5 ദിവസം പിന്നിടുമ്പോഴേക്കും പ്രഫ.ഗോപിനാഥ് രവീന്ദ്രനു കണ്ണൂർ വിസിയായി പുനർനിമയനം നൽകി. പുതിയ വിസിയെ കണ്ടെത്താനുള്ള സേർച് കമ്മിറ്റി റദ്ദാക്കിയാണ് നിയമനം. പ്രിയയുടെ റാങ്കിനുള്ള പ്രത്യുപകാരമാണ് നിയമനമെന്ന് ആരോപണം. ഇതിനെതിരെ 2 അദ്ധ്യാപകർ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.