- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള യൂണിവേഴ്‌സിറ്റിയിൽ പികെ ബിജുവിന്റെ ഭാര്യ; കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ പി രാജീവിന്റെ ഭാര്യ; കാലടി യൂണിവേഴ്‌സിറ്റിയിൽ എംബി രാജേഷിന്റെ ഭാര്യ; കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ കെകെ രാഗേഷിന്റെ ഭാര്യ; രാഷ്ട്രീയനേതാക്കളുടെ കുടുംബം പോറ്റാൻ സർക്കാർ മുൻകൈയിൽ ഉന്നത പദവികൾ ദാനംചെയ്യുന്ന സ്ഥാപനങ്ങളായി സർവ്വകലാശാലകൾ മാറിയോ? പ്രിയാ വർഗ്ഗീസിന്റെ നിയമനത്തിൽ സംഭവിച്ചത്
കണ്ണൂർ: കേരള യൂണിവേഴ്‌സിറ്റിയിൽ പി.കെ. ബിജുവിന്റെ ഭാര്യ, കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ പി. രാജീവിന്റെ ഭാര്യ, കാലടി യൂണിവേഴ്‌സിറ്റിയിൽ എം.ബി രാജേഷിന്റെ ഭാര്യ, കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ കെ.കെ രാഗേഷിന്റെ ഭാര്യ. സംസ്ഥാനത്തെ ഉന്നത സർവകലാശാലകളിലെ ഈ ഭാര്യാ നിയമനങ്ങളെല്ലാം വിവാദത്തിലായി. രാഷ്ട്രീയക്കാരന്റെ ഭാര്യയാണ് എന്നത് അയോഗ്യതയാകുന്നത് എങ്ങനെ എന്ന മറുചോദ്യമാണ് വിവാദ നിയമനം നേടിയവരൊക്കെ ഉന്നയിക്കുന്നത്. ഈ ഭാര്യമാരൊക്കെ പ്രസ്തുത തസ്തികയ്ക്കുള്ള അടിസ്ഥാന യോഗ്യതയുള്ളവർത്തന്നെയാണ്. പക്ഷേ, ഇവരേക്കാളൊക്കെ വളരെ ഉയർന്ന യോഗ്യതകളുള്ളവർ പുറത്താക്കപ്പെടുകയും ഇവർക്കു മാത്രം ജോലി ലഭിക്കുകയും ചെയ്യുന്നുവെന്നത് യാദൃശ്ചികവും.
മേൽപ്പറഞ്ഞ നേതാക്കളുടെയെല്ലാം ഭാര്യമാരുടെ നിയമനങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും പ്രിയാ വർഗീസിന്റെ നിയമനമാണ് ഇതിൽ ഏറെ ചർച്ചചെയ്യപ്പെട്ടത്. അതിന് കാരണം അദ്ധ്യാപന പരിചയക്കുറവിലെ പ്രശ്‌നങ്ങളാണ്. തൃശ്ശൂർ കേരള വർമ്മ കോളേജിൽ അദ്ധ്യാപികയായിരുന്ന പ്രിയ വർഗീസ് കണ്ണൂർ യൂണിവേഴ്സിറ്റി മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ചട്ടം മറികടന്നാണ് എന്നതാണ് ഉയർന്നുവന്ന ആരോപണം. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018-ലെ റഗുലേഷൻ നിഷ്‌കർഷിക്കുന്ന അദ്ധ്യാപന പരിചയം അവർക്ക് ഇല്ല എന്നതാണ് പരാതി. ഇതിനൊപ്പം റിസർച്ച് സ്‌കോറും ഇല്ല.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഭരണകക്ഷിയുടെ പ്രമുഖ നേതാവ് എന്നീ നിലകളിൽ കെ.കെ. രാഗേഷിനുള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചട്ടങ്ങളെ അട്ടിമറിച്ചാണ് പ്രിയ വർഗീസിന്റെ നിയമനമെന്നും യൂണിവേഴ്സിറ്റി വി സി ഗോപിനാഥ് രവീന്ദ്രൻ അതിന് ഒത്താശ ചെയ്തെന്നുമാണ് ആരോപണം. ഗോപിനാഥ് രവീന്ദ്രന് വി സി ആയി പുനർ നിയമനം നൽകിയതിനുള്ള പ്രത്യുപകാരമാണ് ഇതെന്നും പരാതി ഉയർന്നു. ഇത് പരിഗണിച്ചാണ് ഗവർണ്ണർ നിയമന നടപടികൾ റദ്ദാക്കിയത്. ഇതോടെ കോടതിയിൽ പോകുമെന്ന് പ്രഖ്യാപിക്കുകായണ് വിസി. എന്നാൽ സർവ്വകലാശാലാ ചാൻസലർക്കെതിരെ വിസിക്ക് കോടതിയിൽ പോകാനാകുമോ എന്ന ചോദ്യവും പ്രസക്തമാണ്.
എട്ടുവർഷം അദ്ധ്യാപന പരിചയമാണ് റഗുലേഷൻ പ്രകാരം ആവശ്യം. എയ്ഡഡ് കോളേജിൽ ജോലിയിൽ പ്രവേശിച്ച ശേഷം പ്രിയ വർഗീസ് എഫ്.ഡി.പി (ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനിൽ മൂന്നു വർഷത്തെ പിഎച്ച്ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻസ് ഡീൻ (ഡയറക്ടർ ഓഫ് സ്റ്റുഡന്റ് സർവീസസ്) ആയി രണ്ട് വർഷം ഡെപ്യൂട്ടേഷനിൽ ജോലിചെയ്ത കാലയളവും ചേർത്താണ് അദ്ധ്യാപനപരിചയം കാണിച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചാണ് യൂണിവേഴ്സിറ്റി അവരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ഇന്റർവ്യൂവിന് വിളിക്കുകയും ചെയ്തത്. 2021 നവംബർ 18-ന് നടന്ന ഇന്റർവ്യൂവിൽ അവർക്ക് ഒന്നാം റാങ്ക് ലഭിച്ചു. തുടർന്ന് അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ജൂൺ 27-ന് ചേർന്ന സിൻഡിക്കേറ്റ് അംഗീകരിക്കുകയും ചെയ്തു
ഗവേഷണ കാലവും സ്റ്റുഡന്റ്‌സ് ഡീൻ ആയി പ്രവർത്തിച്ച കാലവും അടക്കം അഞ്ചു വർഷത്തോളമുള്ള കാലം അദ്ധ്യാപന കാലമായി പരിഗണിക്കുന്നത് യുജിസിയുടെ ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ എന്ന സംഘടന രംഗത്തുവന്നതോടെയാണ് വിഷയം ആദ്യം വിവാദമാകുന്നത്. അതുമായി ബന്ധപ്പെട്ട നിയമനടപടികൾ നിലനിൽക്കെ മറ്റൊരു വിവരംകൂടി വിവരാവകാശ നിയമപ്രകാരം പുറത്തുവന്നു. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ആറ് ഉദ്യോഗാർഥികളുടെ റിസർച്ച് സ്‌കോറിന്റെ വിശദാംശങ്ങളായിരുന്നു അത്. ഇതുപ്രകാരം ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ആറുപേരിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്‌കോർ നേടിയ ആൾ പ്രിയ വർഗീസ് ആണ്.
എട്ടുവർഷത്തെ അദ്ധ്യാപനപരിചയം എന്ന മാനദണ്ഡം അട്ടിമറിക്കപ്പെട്ടു എന്നതാണ് ആദ്യത്തെ ആരോപണം. രണ്ടു ഘട്ടമായി അഞ്ച് വർഷത്തെ ഡെപ്യൂട്ടേഷൻ കാലാവധി കൂടി ചേർത്താണ് തന്റെ എട്ടുവർഷത്തെ അദ്ധ്യാപന പരിചയം എന്ന് പ്രിയ വർഗീസ് തന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ ഇങ്ങനെ പരിഗണിക്കുന്നതിൽ തെറ്റില്ലെന്നും അത് ചട്ടവിരുദ്ധമല്ലെന്നും അവർ പറയുന്നു. എഫ്.ഡി.പി കാലയളവിനെ ഡെപ്യൂട്ടേഷനായി പരിഗണിക്കാം എന്ന ഒരു സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടി പി.എച്ച്.ഡി കാലയളവിനെ അദ്ധ്യാപനപരിചമായി കണക്കാക്കാമെന്ന വാദമാണ് ഉയർത്തുന്നത്. ഇക്കാര്യത്തിൽ തനിക്ക് അനുകൂലമായി നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
പി.എച്ച്.ഡി കാലയളവ് അദ്ധ്യാപനപരിചയമായി കാണിക്കാനാവില്ലെന്ന് വ്യക്തമാക്കുന്നു യുജിസി 2018 റഗുലേഷനിലെ ഭാഗം. ക്ലോസ് 3.11 - എന്നാൽ, അസോസിയേറ്റ് പ്രൊഫസർ നേരിട്ടുള്ള നിയമനത്തിന് അദ്ധ്യാപനപരിചയം പരിഗണിക്കുമ്പോൾ എം.ഫിൽ, പിഎച്ച്.ഡി ഉൾപ്പെടെയുള്ള പഠനാവധികൾ ഒന്നും ഉൾപ്പെടുത്താൻ പാടില്ലെന്നാണ് യുജിസി 2018 റഗുലേഷനിൽ പറയുന്നത് (ക്ലോസ് 3.11). എഫ്.ഡി.പി കാലയളവിനെ ഡെപ്യൂട്ടേഷനായി പരിഗണിക്കാം എന്ന ഉത്തരവ് പ്രമോഷൻ അടക്കമുള്ളവയ്ക്ക് സർവീസ് കണക്കാക്കുന്നതിനാണ് പരിഗണിക്കുക. ഈ ഉത്തരവ് ഉപയോഗിച്ച് ഗവേഷണ വിദ്യാർത്ഥിയായിരുന്ന കാലയളവിനെ അദ്ധ്യാപനകാലമായി അവതരിപ്പിക്കാനാവില്ലെന്നുമാണ് എതിർവാദം.
കൂടാതെ, സ്റ്റുഡന്റ്സ് ഡീൻ എന്ന അക്കാദമിക ഇതര തസ്തികയിൽ ഡെപ്യൂട്ടേഷനിൽ ജോലിചെയ്ത രണ്ടുവർഷവും യുജിസി റഗുലേഷൻ അനുസരിച്ച് അദ്ധ്യാപന കാലമായി പരിഗണിക്കാനാവില്ല. 2018 റഗുലേഷനിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എട്ടു കൊല്ലത്തെ അദ്ധ്യാപന പരിചയം പ്രിയാ വർഗ്ഗീസിന് ഇല്ലെന്നതാണ് വാദാം. ഡെപ്യൂട്ടേഷൻ കാലയളവ് അദ്ധ്യാപനപരിചയമായി പരിഗണിക്കരുതെന്ന് വ്യക്തമാക്കുന്ന ഭാഗം. അപ്പൻഡിക്സ്-2, പട്ടിക- ഒന്ന്-ലഭിച്ചു എന്നവകാശപ്പെടുന്ന നിയമോപദേശം കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ സ്റ്റാൻഡിങ് കോൺസിലിന്റേതാണ്. ഇതും രാഷ്ട്രീയ നിയമനം നൽകുന്നതിനുള്ള ഉപകാരമാണെന്ന വാദവും ചർച്ചയാണ്.
പുറത്തുവന്ന വിവരാവകാശരേഖ പ്രകാരം ചുരുക്കപ്പട്ടികയിൽ ജോസഫ് സ്‌കറിയ എന്ന ഉദ്യോഗാർഥി 651 സ്‌കോറുമായി ഒന്നാം സ്ഥാനത്തും ഗണേശ് സി. എന്ന ആൾ 645 സ്‌കോർ നേടി രണ്ടാമതുമാണുള്ളത്. പ്രിയവർഗീസ് ആകട്ടെ ഏറ്റവും കുറഞ്ഞ 156 സ്‌കോർ നേടി ആറാമതും. കോവിഡ് പശ്ചാത്തലം ചൂണ്ടിക്കാട്ടി ഇന്റർവ്യൂ നടന്നത് ഓൺലൈൻ ആയി ആയിരുന്നു. ഇതിനു ശേഷമുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രകാരം പ്രിയ വർഗീസിന് ഒന്നാം റാങ്കും ഏറ്റവും കൂടുതൽ റിസേർച്ച് സ്‌കോർ നേടിയ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് അദ്ധ്യാപകൻ ജോസഫ് സ്‌കറിക്ക് രണ്ടാം റാങ്കും മലയാളം സർവ്വകലാശാല അദ്ധ്യാപകൻ സി. ഗണേശിന് മൂന്നാം റാങ്കുമാണ് ലഭിച്ചത്.
കോവിഡ് ലോക്ഡൗൺ കഴിഞ്ഞ് കോളേജുകളും സ്‌കൂളുകളും തുറക്കുകയും സർവകലാശാലാ പരീക്ഷകളടക്കം ആരംഭിക്കുകയും ചെയ്ത ശേഷമാണ് കോവിഡെന്ന കാരണം ചൂണ്ടിക്കാട്ടി ഇന്റർവ്യൂ ഓൺലൈൻ ആയി നടത്തിയത്. ഇതും സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 21-ാം തീയതി സർവകലാശാല വി സി ഗോപിനാഥ് രവീന്ദ്രന് എക്സ്റ്റൻഷൻ കൊടുക്കാൻ ഇരിക്കെയാണ് 18-ാം തീയതി ഇന്റർവ്യൂ നടക്കുന്നത്. 18-ന് നടന്ന ഇന്റർവ്യൂവിൽ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനു തൊട്ടുപിന്നാലെ വി സിയെ പുനർനിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്ത് നൽകിയെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ ആരോപിക്കുന്നു.
ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി ഇവർ ചാൻസിലർ കൂടിയായ ഗവർണർക്ക് നിവേദനം നൽകിയിരിക്കുകയാണ്. വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയവർഗീസിന് ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ മറികടന്നാണെന്ന് ഇതിൽ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയതാൽപര്യം മുൻനിർത്തി സർവകലാശാലകളിൽ നടന്നിട്ടുള്ളതും നടക്കുന്നതുമായ പിൻവാതിൽ നിയമനങ്ങളുടെ യാഥാർഥ്യം വ്യക്തമാക്കുന്നതാണ് പ്രിയ വർഗീസിന്റെ നിയമനം എന്ന വിലയിരുത്തലാണ് ചർച്ചയാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ