കൊച്ചി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന്റെ നിയമനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. കണ്ണൂർ സർവകലാശാലയിലേക്കുള്ള അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. പട്ടികയിൽ രണ്ടാം റാങ്കിലുള്ള ഡോ. ജോസഫ് സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചത്. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നാണ് ആവശ്യം. അനധികൃതമായി നിയമനം നേടുകയാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

അതിനിടെ, പ്രിയ വർഗ്ഗീസിനെ അസി.പ്രൊഫസറായി നിയമിക്കാനുള്ള നീക്കം സ്റ്റേ ചെയ്ത ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ യൂണിവേഴ്‌സിറ്റി ഉടനെ കോടതിയെ സമീപിക്കില്ല. നിയമനം മരവിപ്പിക്കാനുള്ള ഗവർണറുടെ ഉത്തരവ് സ്റ്റേ ആയി കണക്കാക്കാമോ എന്നതിൽ വ്യക്തത തേടും. അതിനു ശേഷം മാത്രം കോടതിയെ സമീപിക്കാനാണ് യൂണിവേഴ്‌സിറ്റിയുടെ തീരുമാനം. സർക്കാരും ഗവർണ്ണറെ പ്രകോപിപ്പിക്കുന്നതിന് അനുകൂലമല്ല. ഈ സാഹചര്യത്തിലാണ് കണ്ണൂർ സർവ്വകലാശാല നിയമ നടപടികൾ തൽകാലം വേണ്ടെന്ന് വയ്ക്കുന്നത്. അതിനിടെ കണ്ണൂർ വിസിക്കെതിരെ ഗവർണ്ണർ നടപടി എടുക്കുമെന്നും സൂചനയുണ്ട്.

പ്രിയാ വർഗ്ഗീസിന്റെ നിയമനത്തിൽ കണ്ണൂർ വിസി ഗുരുതര ചട്ടലംഘനം നടത്തിയെന്ന നിയമോപദേശം ഗവർണ്ണർക്ക് കിട്ടിയിട്ടുണ്ട്. യുജിസിയിൽ നിന്നടക്കം ഗവർണ്ണർ അനൗദ്യോഗിക വിശദീകരണം തേടിയെന്നാണ് സൂചന. വലിയ അട്ടിമറികൾ നടന്നുവെന്നാണ് ഗവർണ്ണർക്ക് കിട്ടിയ നിയമോപദേശം. ഈ സാഹചര്യത്തിൽ ഡൽഹിയിലുള്ള ഗവർണ്ണർ മടങ്ങിയെത്തിയാൽ നടപടി ഉറപ്പാണ്. വിസിയെ പുറത്താക്കാൻ പോലും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വ്യക്തമായ നിയമോപദേശം രാജ് ഭവൻ തേടുന്നുണ്ട്.

അതേ സമയം, കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിന്റെ നിയമന നീക്കത്തിനെതിരെ പരാതി നൽകിയ ജോസഫ് സ്‌കറിയ കാലിക്കറ്റ് സർവകലാശാല മലയാളം വിഭാഗം പ്രൊഫസർ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ ഡോ.ജോസഫ് സ്‌കറിയയെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാളവിഭാഗം പ്രൊഫസറായി നിയമിക്കാനുള്ള നീക്കം തടയുമെന്ന നിലപാടിലാണ് ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ. കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ ഇടത് അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ പട്ടികയിൽ ഒന്നാം റാങ്കുകാരനായ സ്‌കറിയയുടെ നിയമന നീക്കത്തിൽനിന്നും വൈസ് ചാൻസലർ പിന്മാറിയിരുന്നു.

റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട കോടതി നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം മാത്രം നിയമനവുമായി മുന്നോട്ട് പോകാമെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിലപാട്. ഇതിന് പിന്നിലും രാഷ്ട്രീയമുണ്ട്. പ്രിയാ വർഗ്ഗീസിന്റെ നിയമനം വിവാദത്തിലാക്കിയതിന്റെ പകയാണ് ഇതിന് പിന്നിൽ. പ്രൊഫസർ തസ്തികയിലേക്കുള്ള ജോസഫ് സ്‌കറിയയുടെ അപേക്ഷ നേരത്തെ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി സർവകലാശാല തള്ളിയിരുന്നു. എന്നാൽ കോടതി ഉത്തരവുമായാണ് ജോസഫ് സ്‌കറിയ നിയമനപ്രക്രിയയിൽ പങ്കെടുത്തത്.

കോടതി നടപടികൾ പൂർത്തിയായില്ലെന്ന വാദമാണ് ഇടത് സിൻഡിക്കറ്റ് അംഗങ്ങൾക്ക്. പ്രൊഫസർ തസ്തികയിൽ നിയമനത്തിനുള്ള അഭിമുഖം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ജനുവരിയിൽ തന്നെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പൂർത്തിയായിരുന്നു.