സ്‌കർ പുരസ്‌കാരച്ചടങ്ങിൽ നിറഞ്ഞുനിന്ന ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര അണിഞ്ഞത് 54 കോടിയോളം രൂപ വിലയുള്ള വജ്രാഭരണങ്ങൾ. കാതിലിട്ട കമ്മലും കൈകളിൽ അണിഞ്ഞിരുന്ന മോതിരവുമാണ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായത്. ഇതിൽ കമ്മലിനുമാത്രം വില 21 കോടി കവിയും.

ലൊറെയ്ൻ ഷ്വാറ്റ്‌സ് രൂപകൽപന ചെയ്ത 50 കാരറ്റ് വജ്രം കൊണ്ട് നിർമ്മിച്ച കമ്മലുകളാണിത്. കൈയിലണിഞ്ഞിരുന്ന 22 കാരറ്റ് മോതിരങ്ങൾക്കുമുണ്ട് 25 കോടിയോളം രൂപ. ലളിതമെന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്ന ആഭരണങ്ങളാണ് പ്രിയങ്ക അണിഞ്ഞിരുന്നതെങ്കിലും അതിന്റെ വില കേട്ടാൽ ആരുമൊന്ന് അമ്പരക്കുമായിരുന്നു.

ഓസ്‌കർ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിനായാണ് പ്രിയങ്കയെ സംഘാടകർ ക്ഷണിച്ചിരുന്നത്. മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചതും വിതരണം ചെയ്തതും പ്രിയങ്കയാണ്. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ നിമിഷമായി ഇതുമാറി.

ലെബനീസ് ഡിസൈനർ സുഹൈർ മുറാദ് രൂപകൽപന ചെയ്ത ഗൗൺ അണിഞ്ഞാണ് പ്രിയങ്ക ചടങ്ങിനെത്തിയത്. സുഹൈറിന്റെ 2016-ലെ സ്പ്രിങ് സമ്മർ കളക്ഷനിൽനിന്ന് തിരഞ്ഞെടുത്തതാണ് ഈ വെളുത്ത പട്ടുവസ്ത്രം. മുൻ ലോകസുന്ദരി കൂടിയായ പ്രിയങ്കയ്ക്ക് ഓസ്‌കർ പുരസ്‌കാരദാനച്ചടങ്ങിൽ ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്.