- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്'; സംഘപരിവാർ രാഷ്ട്രീയം കേരളത്തിലേക്ക് കൊണ്ടുവരാൻ നീക്കം; കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ലാലുവിനെ പേരെടുത്ത് വിമർശിച്ച് സിപിഎം അനുകൂല ഉദ്യോഗസ്ഥ സംഘടന; ലഘുലേഖ പുറത്തുവിട്ടത് അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറെ ചോദ്യം ചെയ്തതിന് പിന്നാലെ
തിരുവനന്തപുരം: കസ്റ്റംസിനെ രൂക്ഷമായി വിമർശിച്ച് സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ഉദ്യോഗസ്ഥ സംഘടന. അസിസ്റ്റന്റ് കമ്മീഷണർ ലാലുവിനെ പേരെടുത്ത് പറഞ്ഞാണ് സംഘടന പുറത്തുവിട്ട ലഘുലേഖയിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണ കുമാറിനെ കസ്റ്റംസ് ഭീഷണിപ്പെടുത്തിയെന്നും ലഘുലേഖയിൽ ആരോപണം ഉന്നയിക്കുന്നു.
'തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്' എന്ന തലക്കെട്ടിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഒക്കെ പരോക്ഷമായി വിമർശിക്കുന്നതാണ് ലഘുലേഖ.
കഴിഞ്ഞ ആഴ്ച അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണ കുമാറിനെ കസ്റ്റംസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടന കസ്റ്റംസിനെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രസർക്കാരിനും കസ്റ്റംസിനും എതിരേ രൂക്ഷമായ പരിഹാസമാണ് ലഘുലേഖയിൽ നടത്തുന്നത്.
സംഘപരിവാർ രാഷ്ട്രീയം കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കസ്റ്റംസ് ഇത്തരം നടപടികളിലേയ്ക്ക് പോകുന്നത് എന്ന വിമർശനമാണ് ലഘുലേഖയിൽ ഉള്ളത്.
അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണനെ കസ്റ്റംസ് ഭീഷണിപ്പെടുത്തിയെന്നും ലഘുലേഖയിൽ ആരോപണം ഉന്നയിക്കുന്നുണ്ട്. ചോദ്യംചെയ്യലിനിടയിൽ സർക്കാരിനെ കരിവാരിത്തേക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ കസ്റ്റംസിന്റെ ഭാഗത്തുനിന്നുണ്ടായി. അതിന് അനുകൂലമായ മൊഴി നൽകാനുള്ള ഭീഷണിയും കസ്റ്റംസ് നടത്തിയെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകുമെന്നും ലഘുലേഖയിൽ പറയുന്നുണ്ട്.
ന്യൂസ് ഡെസ്ക്