- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർ കോഴക്കേസിൽ എക്‌സൈസ് മന്ത്രിക്കെതിരെ പ്രത്യേക അന്വേഷണം നടത്തും; അന്വേഷണം വിജിലൻസിന് ലഭിച്ച നിയമോപദേശത്തെ തുടർന്ന്; മുഖ്യമന്ത്രിയുമായി കെ ബാബു കൂടിക്കാഴ്ച നടത്തി; പരിശോധിക്കേണ്ടത് ബിജു രമേശിന്റെ തലയെന്ന് കെ ബാബു
തിരുവനന്തപുരം: ബാറുടമ ബിജു രമേശ് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ അന്വേഷണത്തിന് ഉത്തരവ്. വിജിലൻസ് നിയമോപദേഷ്ടാവിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം യൂണിറ്റിനാണ് അന്വേഷണച്ചുമതല. എസ്‌പി സുകേശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്
തിരുവനന്തപുരം: ബാറുടമ ബിജു രമേശ് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ അന്വേഷണത്തിന് ഉത്തരവ്. വിജിലൻസ് നിയമോപദേഷ്ടാവിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം യൂണിറ്റിനാണ് അന്വേഷണച്ചുമതല. എസ്‌പി സുകേശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ മാണിക്കെതിരെ ബിജു രമേശ് 164-ാം വകുപ്പു പ്രകാരം മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞ കാര്യം വിജിലൻസ് സ്ഥിരീകരിച്ചതായും സൂചനയുണ്ട്. രാജ് കുമാർ ഉണ്ണി പണം നൽകിയെന്നു പറയുന്ന ദിവസം ബിജു രമേശിന്റെ കാർ മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലെത്തിയതായി കഴിഞ്ഞദിവസം നടത്തിയ തെളിവെടുപ്പിൽ വിജിലൻസ് സ്ഥീരീകരിച്ചതായാണ് വിവരം.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി കെ ബാബു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, അന്വേഷണം സംബന്ധിച്ചല്ല മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് മന്ത്രി കെ ബാബു പിന്നീട് മാദ്ധ്യമങ്ങളോടു പറഞ്ഞത്. തനിക്കെതിരെയുള്ള ആരോപണം വിജിലൻസ് പരിശോധിക്കട്ടെ. ബിജു രമേശിന്റെ തലയാണ് ശരിക്കും പരിശോധിക്കേണ്ടത്. വ്യാജന്മാരെ കൊണ്ടുവന്ന് തന്നെ ആക്ഷേപിക്കാൻ ശ്രമിക്കുകയാണ്. അന്വേഷണത്തിനുശേഷം ബാക്കി കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാമെന്നും കെ.ബാബു പറഞ്ഞു.
ബിജു രമേശിന്റെ രഹസ്യമൊഴിയിലാണ് കെ ബാബു പണം വാങ്ങിയതായി ആരോപണമുള്ളത്. മന്ത്രി കെ ബാബു പല ഘട്ടങ്ങളിലായി 10 കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ രഹസ്യ മൊഴി. ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്കു തയ്യാറാണെന്ന് നേരത്തെ ബിജു രമേശ് പറഞ്ഞിരുന്നു. മന്ത്രി കെ ബാബുവിന്റെ സെക്രട്ടറി സുരേഷിനെയും നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നും ബിജു പറഞ്ഞു. സുരേഷിനാണ് 50 ലക്ഷം രൂപ കൈമാറിയതെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. കെ ബാബുവിന്റെ വരുമാനസ്രോതസ് വിജിലൻസ് പരിശോധിക്കണമെന്നും പെട്ടിക്കടക്കാരന്റെ മകനായ ബാബു കോടികൾ ഉണ്ടാക്കിയതെങ്ങനെയെന്ന് കണ്ടെത്തണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.
അതിനിടെ, മന്ത്രി കെ ബാബു ബാർ ഉടമാസംഘത്തിൽനിന്ന് പണം വാങ്ങുന്നത് നേരിൽ കണ്ടെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തലുമുണ്ടായി. ചേംബർ ഓഫ് കൊമേഴ്‌സ് ജില്ലാ പ്രസിഡന്റ് റസീഫാണ് പണം നൽകുന്നത് കണ്ടത്. മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ റസീഫ് ഇക്കാര്യം സ്ഥിരീകരിച്ചു. 2013ൽ കെ ബാബുവിന്റെ ചേംബറിൽവച്ചാണ് ബിജു രമേശ് പണം കൈമാറിയത്. ഈ സമയം താനും കൂടെയുണ്ടായിരുന്നു. ചേംബർ ഓഫ് കൊമേഴ്‌സിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു അന്ന് ബിജു രമേശ്. താൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും. ചേംബർ ഓഫ് കൊമേഴ്‌സിലെ യോഗത്തിനുശേഷം കെ ബാബുവിനെ കാണണമെന്നും പണം കൈമാറേണ്ടതുണ്ടെന്നും ബിജു രമേശ് പറഞ്ഞു.
സെക്രട്ടറിയറ്റിൽ അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് താൻ ബിജുവിനോട് ചോദിച്ചു. എങ്കിൽ വാ, കാണിച്ചുതരാമെന്ന് പറഞ്ഞ് തന്നെയും കൂടെ കൂട്ടുകയായിരുന്നു. രാത്രിയാണ് പണം കൈമാറിയത്. ഇക്കാര്യം വിജിലൻസിനോട് പറയാൻ തയ്യാറാണെന്നും റസീഫ് പറഞ്ഞു.
റസീഫിന്റെ വെളിപ്പെടുത്തലോടെ കെ ബാബുവിന്റെ നില കൂടുതൽ പരുങ്ങലിലായിയിരിക്കുകയാണ്. താൻ പണം വാങ്ങിയെന്നതിന് ഒരു തെളിവുമില്ലെന്നായിരുന്നു മന്ത്രി ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടത്. ബിജു രമേശിന്റെ വെളിപ്പെടുത്തൽ ഉണ്ടയില്ലാ വെടിയാണെന്നും ബ്ലാക്ക്‌മെയിലിങ്ങാണെന്നുമായിരുന്നു ബാബുവിന്റെ വാദം. രാജിക്കുവരെ സന്നദ്ധത അറിയിച്ച് നാടകം കളിച്ച ബാബു, പുതിയ വെളിപ്പെടുത്തലോടെ കൂടുതൽ പ്രതിരോധത്തിലാകും.
ഇതിനിടെയാണ് പ്രത്യേക അന്വേഷണം നടത്താൻ വിജിലൻസിനു നിയമോപദേശം ലഭിച്ചിരിക്കുന്നത്. ബാർ കോഴ കേസിൽ ധനമന്ത്രി കെ എം മാണിയെ ചോദ്യം ചെയ്യാനും വിജിലൻസ് അനുമതി ലഭിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന എസ്‌പിക്കാണ് ചോദ്യം ചെയ്യാൻ വിജിലൻസ് ഡയറക്ടർ അനുമതി നൽകിയത്. കേസിൽ രാജ്കുമാർ ഉണ്ണിയടക്കമുള്ള ബാറുടമകളുടെ മൊഴി വീണ്ടുമെടുക്കാനും വിജിലൻസ് തീരുമാനിച്ചു. രാജ് കുമാർ ഉണ്ണി മാണിയെ ഔദ്യോഗിക വസതിയിലെത്തി കണ്ടതിന് തെളിവ് ലഭിച്ചതിനാലാണ് മാണിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. മാണിയുടെ വീട്ടിൽ ബാറുടമകളായ ബിജു രമേശും മറ്റും എത്തിയതിന്റെ തെളിവ് രണ്ടുദിവസം മുൻപ് വിജിലൻസ് ശേഖരിച്ചിരുന്നു.