തിരുവനന്തപുരം: ശിവഗിരി മുൻ മഠാധിപതി ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടരന്വേഷണത്തിനു സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ബിജു രമേശ് ഉന്നയിച്ച പുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണണത്തിനുള്ള സാധ്യതായാണ് സർക്കർ തേടുന്നത്. അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് അടിയന്തര റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് എഡിജിപിക്കു സർക്കാർ നിർദ്ദേശം നൽകി. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കെപിസിസി പ്രസിഡന്റ് വി എം. സുധീരനും തമ്മിൽ നടത്തിയ ചർച്ചയിലാണു തീരുമാനം. ഇതോടെ ആരോപണ വിധേയനായ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിക്കും രാഷ്ട്രീയമായ തിരിച്ചടി കൂടിയായി.

അതിനിടെ ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ചെമ്പഴന്തി മഠാധിപതി ശുഭാംഗാനന്ദയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടു. ആരോപണ വിധേയരെയെല്ലാംഅന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ചെമ്പഴന്തി മഠാധിപതി ശുഭാംഗാനന്ദ ആവശ്യപ്പെട്ടു. സത്യം അറിയാൻ എല്ലാവർക്കും താൽപര്യമുണ്ട്. സംസ്ഥാനത്തെ അന്വേഷണ ഏജൻസികൾ അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചു സിബിഐ അന്വേഷണം നടത്തണമെന്നതു ന്യായമായ ആവശ്യമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ അഭിപ്രായം. അടിയന്തരമായി സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം തിരുവനന്തപുരത്തു ആവശ്യപ്പെട്ടു. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വി എം. സുധീരനും ആവശ്യപ്പെട്ടിരുന്നു. കുടുംബാംഗങ്ങളുടെയും ജനങ്ങളുടെയും സംശയങ്ങൾ ദൂരീകരിക്കപ്പെടണം. കുടുംബാംഗങ്ങൾക്കു കൂടി സ്വീകാര്യമായ രീതിയിലുള്ള അന്വേഷണമാണ് നടത്തേണ്ടത്. നിയമവശങ്ങൾ സർക്കാർ പരിശോധിക്കുകയാണെന്നും സുധീരൻ വ്യക്തമാക്കി.

സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചു ശ്രീനാരായണ ധർമവേദി ജനറൽ സെക്രട്ടറി ബിജു രമേശിന്റെ വെളിപ്പെടുത്തലുകൾ നിലവിൽ ക്രൈം ബ്രാഞ്ചാണ് പരിശോധിക്കുന്നത്. ബിജു ഉന്നയിച്ച ആരോപണങ്ങൾ നേരത്തേതന്നെ അന്വേഷിച്ചതാണെങ്കിലും പുതിയ സാഹചര്യത്തിൽ വീണ്ടും പരിശോധിക്കുകയാണെന്നു ക്രൈം ബ്രാഞ്ച് ഉന്നതർ വ്യക്തമാക്കിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.

അതേസമയം ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയാണെന്ന് എസ്എൻഡിപി മുൻ ദേവസ്വം സെക്രട്ടറിയും സ്വാമിയുടെ സന്തതസഹചാരിയുമായിരുന്ന കാവിയാട്ട് മാധവൻകുട്ടിയും ആരോപിച്ചു. കല്ലാറിനെ മുറിച്ചു നീന്തുന്നയാളാണ് ശാശ്വതീകാനന്ദയെന്നും അദ്ദേഹം മുങ്ങിമരിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് കാവിയാട്ട് പറഞ്ഞു.

മരണത്തിന്റെ രഹസ്യം ശാശ്വതീകാനന്ദയുടെ സഹായിയായിരുന്ന സാബുവിന് വ്യക്തമായി അറിയാം. രഹസ്യം പുറത്തു വരാതിരിക്കാൻ സാബുവിനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കാവിയാട്ട് മാധവൻകുട്ടി പീപ്പിൾ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വെള്ളാപ്പള്ളി എസ്എൻഡിപിയിൽ എത്തിയത് ശാശ്വതീകാനന്ദയുടെ നിലപാടിനെ അട്ടിമറിച്ചാണ്. വിദ്യാസാഗറിനെ ജനറൽ സെക്രട്ടറി ആക്കാനായിരുന്നു സ്വാമിയുടെ തീരുമാനമെന്നും എന്നാൽ വിദ്യാസാഗറിനെ വെള്ളാപ്പള്ളി വിരട്ടി പിന്തിരിപ്പിക്കുകയായിരുന്നുവെന്നും കാവിയാട്ട് പറഞ്ഞു.

അതേസമയം ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ബിജു രമേശിന്റെ മൊഴിയെടുത്തില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുൻ ക്രൈംബ്രാഞ്ച് എസ്.ഐ സി.കെ സഹദേവൻ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ബിജു രമേശിന്റെ ഓഫീസിലെത്തി മൊഴിയെടുത്തിരുന്നു. തെളിവുകളൊന്നും അദ്ദേഹം നൽകിയില്ല. താൻ പറഞ്ഞ കാര്യങ്ങൾ കേട്ടുകേൾവി മാത്രമാണെന്ന് ബിജു രമേശ് മൊഴി നൽകിയെന്നും സഹദേവൻ പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെയും ഭാര്യ പ്രീതി നടേശനെയും മകൻ തുഷാർ വെള്ളാപ്പള്ളിയെയും ചോദ്യം ചെയ്തിരുന്നു. ആരോപണ വിധേയനായ പ്രിയൻ എന്നയാളുടെ ഫോൺ മൂന്നുമാസം ക്രൈംബ്രാഞ്ച് ചോർത്തി. ഒരു തുമ്പും കിട്ടിയില്ല. സ്വാമി ശാശ്വതീകാനന്ദ മുങ്ങിമരിച്ചതിന് സഹായി സാബുവിനെക്കൂടാതെ രണ്ട് സാക്ഷികൾകൂടി ഉണ്ടായിരുന്നു. സാബു നൽകിയതിന് സമാനമായ മൊഴിയാണ് ഇരുവരും നൽകിയത്.

പോസ്റ്റ്‌മോർട്ടം നടപടികൾ ക്യാമറയിൽ പകർത്തിയിരുന്നു. വീഡിയോ പരിശോധിച്ചുവെങ്കിലും പിന്നീട് എസ്എൻഡിപി യോഗം പ്രസിഡന്റായ ഡോ. സോമനെ കണ്ടില്ലെന്നും സഹദേവൻ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ കള്ളം പറയുകയാണെന്ന് ബിജു രമേശ് പ്രതികരിച്ചു. തന്റെ മൊഴിയെടുത്തിട്ടില്ല. കെട്ടിച്ചമച്ച കഥയാണ് സഹദേവൻ പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ശ്വാശ്വതീകാനന്ദയുടെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് ശിവഗിരി മഠാധിപതി പ്രകാശനന്ദയും ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. ശ്വാശ്വതീകാനന്ദയുടെ ബന്ധുക്കളും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളും വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് തുടരന്വേഷണ സാധ്യത ആരായാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.