ബെംഗളൂരു:മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ വധവും, കന്നഡ സാഹിത്യകാരൻ എം.എം.കൽബുർഗിയുടെ കൊലപാതകവും തമ്മിൽ ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.ഫോറൻസിക്-ബാലിസ്റ്റിക് റിപ്പോർട്ടുകൾ ലഭ്യമായിട്ടില്ലെങ്കിലും, കൊലയുടെ രീതികൾ തമ്മിലുള്ള സാമ്യമാണ് അന്വേഷണസംഘത്തെ ഈ നിഗമനത്തിലേക്ക് നയിക്കുന്നത്.

കർണാടകത്തിലെ കൊലപാതകങ്ങൾക്ക് മഹാരാഷ്ട്രയിലെ നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരെ കൊലപാതകങ്ങളുമായുള്ള ബന്ധവും അന്വേഷണ വിഷയമാണ്. സംഭവത്തിൽ സുപ്രധാന വിവരങ്ങൾ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചതായി സംസ്ഥാന ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

പണ്ഡിതനും, എഴുത്തുകാരനുമായ സാഹിത്യ അക്കാദമി ജേതാവ് എം.എം.കൽബുർഗിയെ രാവിലെ 8.40 ന് വീട്ടിൽ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് അക്രമികൾ വെടിവച്ചുവീഴ്‌ത്തിയത്. 77 കാരനായ കൽബുർഗിയെ വീട്ടുവാതിൽക്കൽ വച്ച് 7.6 എംഎം നാടൻ പിസ്റ്റളിൽ നിന്നുള്ള രണ്ടു ബുള്ളറ്റുകൾ ഉപയോഗിച്ചാണ് വകവരുത്തിയത്.ഈ മാസം അഞ്ചിന് ഗൗരി ലങ്കേഷിനെയും വീട്ടിൽ വച്ച് രാത്രി 8 മണിക്ക് 7.6 എംഎം നാടൻ പിസ്റ്റളിൽ നിന്നുള്ള നാല് ബുള്ളറ്റുകൾ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്.

2015 ഫെബ്രുവരി 15 ന് കോൽഹാപൂരിൽ ഇടതുപക്ഷ ചിന്തകൻ 81 കാരനായ നരേന്ദ്ര ദബോൽക്കറെ വെടിവച്ച് വീഴ്‌ത്താനും ഇതേ പിസ്റ്റൾ തന്നെയാണ് ഉപയോഗിച്ചതെന്ന് കർണാടക ക്രിമിനൽ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.2013 ഓഗസ്റ്റ് 20 ന് 69 കാരനായ നരേന്ദ ദബോൽക്കറെ കൊല്ലാൻ ഉപയോഗിച്ച പിസ്റ്റളുകളിൽ ഒന്ന് പൻസാരെയെ വധിക്കാൻ ഉപയോഗിച്ചതാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു.

ദബോൽക്കർ വധക്കേസിൽ സിബിഐയും, പൻസാരെ കേസിൽ പ്രത്യേക സംഘവും നടത്തിയ അന്വേഷണത്തിൽ സനാതൻ സൻസ്തയുമായി ബന്ധപ്പെട്ട തീവ്ര ഹിന്ദുസംഘടന ഹിന്ദു ജനജാഗ്രുതി സമിതിയുടെ പങ്കിലേക്ക് വിരൽ ചൂണ്ടിയിരുന്നു. എന്നാൽ, കുറ്റവാളികളെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.കൽബുർഗി വധത്തിലും, മഹാഷാഷ്ട്രയിലെ രണ്ട് സംഭവങ്ങളിലും കൊലയാളികൾ രണ്ട് പിസ്റ്റളുകൾ കൈവശം വച്ചിരുന്നതായും വ്യക്തമായി.

ഈ കൊലപാതകങ്ങൾ തമ്മിലെ മുഖ്യവ്യത്യാസം ഗൗരി ലങ്കേഷിന്റെ വധം രാത്രിയിലും, മറ്റുള്ളവ പകലുമായിരുന്നുവെന്നുള്ളതാണ്. ഇതിന് മുഖ്യകാരണമായി അന്വേഷണസംഘം കരുതുന്നത് ഗൗരി ലങ്കേഷ് സാധാരണയായി രാവിലെ അധികം പുറത്തിറങ്ങിയിരുന്നില്ല എന്നതാണ്.വാടക കൊലയാളികളാണോ,ഏതെങ്കിലും ഗ്രൂപ്പിലെ അംഗങ്ങളാണാ കൊല നടത്തിയതെന്ന കാര്യവും സംഘം അന്വേഷിക്കുന്നു.അതേസമയം കേസിൽ അന്വേഷണ സംഘത്തെ വീണ്ടും വിപുലീകരിച്ചു. 2 ഇൻസ്‌പെക്ടർമാർ അടക്കം 40 ഇൻസ്‌പെക്ടർമാരെയാണ് പുതിയതായി സംഘത്തിൽ ഉൾപ്പെടുത്തിയത്. 105 ഉദ്യോഗസ്ഥരാണ് ഇപ്പോൾ അന്വേഷണസംഘത്തിൽ ഉള്ളത്.

കേസിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഒരാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ആന്ധ്രാ സ്വദേശിയാണ് പിടിയിലായത്. ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഗൗരി ലങ്കേഷിന്റെ വീടിന് പരിസരത്തുള്ള ഒന്നിലധികം സി സി ടി വി കളിൽ ഇയാളുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.