തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ചങ്ങലക്കെട്ടുകളിൽ കിടന്ന വിജിലൻസ് വകുപ്പിനെ ജേക്കബ് തോമസ് ഐ.പി.എസിന്റെ കൈകളിലേക്ക് പൂർണ്ണ സ്വാതന്ത്ര്യത്തോടെ വിട്ടുകൊടുക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. 'വിജിലൻസ് വകുപ്പ് സ്വതന്ത്രമാണ്' എന്ന വിശ്വാസം വളർത്തിയെടുക്കുക എന്നതായിരുന്നു അതിൽ പ്രധാനം. അതിലൂടെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഴിമതി നടത്തിയവരെയെല്ലാം കുടുക്കുക എന്ന ലക്ഷ്യമായിരുന്നു എൽഡിഎഫിന്.

യുഡിഎഫ് സർക്കാരിന്റെ അഴിമതികളോട് കലഹിച്ച് സ്ഥാനചലനത്തിന്റെ വക്കിൽവരെയെത്തിയ ജേക്കബ് തോമസിനെ വിജിലൻസിന്റെ കടിഞ്ഞാൺ ഏൽപ്പിച്ചതോടെ ആദ്യത്തെ ലക്ഷ്യം മുഖ്യമന്ത്രിയും എൽഡിഎഫും നേടി. സർക്കാർ നിർദ്ദേശമില്ലാതെതന്നെ അഴിമതി ആരോപണങ്ങൾ ഉയരുന്ന കേന്ദ്രങ്ങളിലെല്ലാം ചുവപ്പ് കാർഡുമായി കടന്നെത്തിയ ജേക്കബ് തോമസ് വിജിലൻസ് സ്വതന്ത്രമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ചില എൽഡിഎഫ് നേതാക്കളും എംഎ‍ൽഎമാരും എൽഡിഎഫ് അനുഭാവികളായ മുതലാളിമാരും കുടുങ്ങാൻ സാധ്യതയുണ്ടായിട്ടും മലബാർ സിമന്റ്‌സിലെ മുഴുവൻ അഴിമതിയും അന്വേഷിക്കുമെന്ന് ജേക്കബ് തോമസ് പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇതിനെതിരേ എൽഡിഎഫ് സർക്കാരോ, മുഖ്യമന്ത്രിയോ ഒരു വാക്കുപോലും പ്രതികരിക്കാതെ ആയതോടെ കേരള ജനതയും വിശ്വസിച്ചു തുടങ്ങി 'വിജിലൻസ് സ്വതന്ത്രമാണ്' എന്ന്. യു.ഡി.എഫ് സർക്കാരിന്റെകാലത്ത് ഉയർന്ന അഴിമതിക്കഥകളുടെ പിന്നാലെ വൈരാഗ്യബുദ്ധിയോടെ സഞ്ചരിക്കുകയാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. അതിലൊന്നും മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫ് നേതാക്കളും ഇടപെടുന്നുമില്ല. അങ്ങനെയിരിക്കെയാണ് ജേക്കബ് തോമസിന്റെ ചുവപ്പുകാർഡ് സാക്ഷാൽ വെള്ളാപ്പള്ളി നടേശനുനേരെ ഉയർന്നത്. വെള്ളാപ്പള്ളിയെ തൊട്ടാൽ കേരളം കത്തുമെന്ന് പ്രതീക്ഷിച്ചവർക്ക് ഒരു കാര്യം മനസിലായി. കട്ടവനേയും കരിഞ്ചന്തക്കാരനേയും തൊട്ടാൽ പ്രതിഷേധിക്കാൻ കേരള ജനതയെ കിട്ടില്ലെന്ന്.

എസ്.എൻ.ഡി.പിയുടെ മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയാക്കി വിജിലൻസ് വകുപ്പ് കേസ് രജിസ്റ്റർ ചെയ്തതോടെ എൽഡിഎഫ് സർക്കാരിന് ധൈര്യം ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് എന്ന പാർട്ടിയുണ്ടാക്കി, തങ്ങളുടെ ശത്രുക്കളായ ബിജെപിയേയും ആർഎസ്എസ്സിനേയും കൂട്ടുപിടിച്ച് സിപിഐ എമ്മിനെ തകർക്കാൻ നടന്ന വെള്ളാപ്പള്ളിയേയും മകനേയും വിജിലൻസ് കുടുക്കാൻ ശ്രമിച്ചപ്പോൾ ഒരു കോണിൽനിന്നും പ്രതിഷേധം ഉയർന്നില്ലെന്ന് സർക്കാരിന് ബോധ്യമായി. ഇനി വെള്ളാപ്പള്ളിക്കെതിരേയുള്ള ഓരോകേസും കുത്തിപ്പൊക്കാനാണ് സർക്കാരിന്റെ തീരുമാനം.

തെരഞ്ഞെടുപ്പുകാലത്ത് വീണ്ടും വിവാദമായ ശാശ്വതീകാനന്ദ സാമിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ സർക്കാർ ആലോചന തുടങ്ങി. ശാശ്വതീകാനന്ദ സ്വാമിയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നൽകിയതിനെത്തുടർന്നാണ് ഈ നീക്കം. ഇതേ ആവശ്യം കഴിഞ്ഞ യു.ഡി.എഫ് സർക്കാരിനോടും ശാശ്വതീകാനന്ദയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പായില്ല. യു.ഡി.എഫ് സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചെങ്കിലും എറണാകുളം റേഞ്ച് ക്രൈം ബ്രാഞ്ച് എസ്‌പി മധുവിനാണ് ചുമതല നൽകിയത്. ഭരണം മാറിയ സാഹചര്യത്തിലാണ് ജൂലൈ ഒന്നിന് ശാശ്വതീകാനന്ദയുടെ കുടുംബം പുതിയ പരാതി നൽകിയത്.

യു.ഡി.എഫ് സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും തങ്ങൾക്ക് നീതിലഭിക്കാൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നുമാണ് പരാതിയിലുള്ളത്. ശാശ്വതീകാനന്ദയുടെ കുടുംബത്തിന്റെ പരാതി മുഖ്യമന്ത്രി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി. സർക്കാരിന് അന്വേഷണത്തിൽ തടസമില്ലെന്നും ഡി.ജി.പിക്ക് ബാക്കി തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രിയുടെ നീക്കത്തിനുന്റെ പിന്നിലുള്ളത്. പരാതി പരിശോധിച്ച ശേഷം, നിലവിലെ അന്വേഷണത്തിന്റെ പുരോഗതികൂടി വിലയിരുത്തി ഈ മാസംതന്നെ ഡി.ജി.പി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ മുഖ്യമന്ത്രി സമ്മതംമൂളിയാൽ അത് വെള്ളാപ്പള്ളി നടേശൻ എന്ന അനിഷേധ്യനായ സമുദായ നേതാവിനേൽക്കുന്ന കനത്ത തിരിച്ചടിയാകും.

വെള്ളാപ്പള്ളിയെ തൊട്ടാൽ ഒന്നും സംഭവിക്കില്ലെന്ന് എൽഡിഎഫ് സർക്കാരിന് ബോധ്യമാക്കിക്കൊടുത്തത് സാക്ഷാൽ ജേക്കബ് തോമസ് ആണ്. അതുപോലെ എസ്.എൻ ട്രസ്റ്റിനും ഈഴവ സമുദായാംഗങ്ങൾക്കും ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത നീങ്ങണമെന്ന് ആഗ്രഹമുണ്ട്. ഈ മർമ്മമാണ് എൽഡിഎഫ് സർക്കാരിന്റെ ആയുധം. ഇതുപയോഗിച്ച് വെള്ളാപ്പള്ളിയെ പൂട്ടിയാൽ ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പാർട്ടിയേയും അത് ഉയർത്തുന്ന ഭീഷണിയേയും ഇല്ലാതാക്കാമെന്ന് എൽഡിഎഫിന് അറിയാം. അതുപോലെ വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ച് മുന്നേറുന്ന ബിജെപിക്കും ഈ നീക്കം കനത്ത പ്രതിരോധം സൃഷ്ടിക്കും.