- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷാവേലിയിലെ ലൈറ്റ് പ്രവർത്തിക്കാതിരുന്നപ്പോൾ ചരിഞ്ഞുകിടന്ന മരത്തിലൂടെ ശത്രു കയറി; മുന്നറിയിപ്പ് സംവിധാനങ്ങൾ നോക്കുകുത്തിയായി; സുരക്ഷാവസ്ത്രങ്ങൾ ഒന്നും ധരിക്കാതെ പരിശോധനയ്ക്ക് പോയ നിരഞ്ജൻ സ്ഫോടനത്തിൽ മരിച്ചു; വെളിപ്പെടുന്നത് ഇന്ത്യൻ പ്രതിരോധത്തിന്റെ പാളിച്ചകൾ
ന്യൂഡൽഹി: പത്താൻക്കോട്ടെ വ്യോമസേനാ താവളത്തിൽ പാക് ഭീകരർ ആക്രമണം നടത്തിയത് പ്രതിരോധ സംവിധാനത്തിന്റെ സുരക്ഷാപാളിച്ചകൾ മുതലെടുത്തോ? വ്യോമസേനാ താവളത്തിന്റെ സുരക്ഷാമതിലിലെ ലൈറ്റ് പ്രവർത്തിക്കാതായപ്പോൾ വേലിയിലേക്ക് ചരിഞ്ഞുകിടന്ന മരത്തിലൂടെയാണ് ഭീകരർ അകത്തുകയറിയതെന്ന് സംഭവസ്ഥലം സന്ദർശിച്ച ഇന്ത്യൻ എക്സ്‌പ്രസ് ലേഖകൻ റിപ്പോർട
ന്യൂഡൽഹി: പത്താൻക്കോട്ടെ വ്യോമസേനാ താവളത്തിൽ പാക് ഭീകരർ ആക്രമണം നടത്തിയത് പ്രതിരോധ സംവിധാനത്തിന്റെ സുരക്ഷാപാളിച്ചകൾ മുതലെടുത്തോ? വ്യോമസേനാ താവളത്തിന്റെ സുരക്ഷാമതിലിലെ ലൈറ്റ് പ്രവർത്തിക്കാതായപ്പോൾ വേലിയിലേക്ക് ചരിഞ്ഞുകിടന്ന മരത്തിലൂടെയാണ് ഭീകരർ അകത്തുകയറിയതെന്ന് സംഭവസ്ഥലം സന്ദർശിച്ച ഇന്ത്യൻ എക്സ്‌പ്രസ് ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാസംവിധാനങ്ങളുടെ പാളിച്ചയാണ് ലഫ്. കേണൽ നിരഞ്ജനുൾപ്പെടെയുള്ള സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയത്.
നൂറുകണക്കിന് സൈനികർ കാവൽനിൽക്കുന്ന അതിർത്തിയിലെ വേലിയിലൂടെ ഭീകരർ 50 കിലോ വെടിക്കോപ്പുകളും 30 കിലോ ഗ്രനേഡുകളുമായി ആരും ശ്രദ്ധിക്കാതെ പോയതെങ്ങനെയെന്നതും ദുരൂഹമായി നിൽക്കുന്നു. പ്രതിരോധ സംവിധാനത്തിലെ പാളിച്ചകൾ മുൻകൂട്ടി മനസ്സിലാക്കിയ ഭീകരർ അത് മുതലെടുക്കുകയായിരുന്നു. വ്യോമസേനാ താവളത്തിൽ മൂന്നുദിവസം നീണ്ട പോരാട്ടത്തിന് കളമൊരുക്കിയത് നമ്മുടെ തന്നെ അനാസ്ഥയായിരുന്നുവെന്ന് ഈ അന്വേഷണം തെളിയിക്കുന്നു. അതിർത്തിയിൽ കാലങ്ങളായി തീവ്രവാദികളും കള്ളക്കടത്തുകാരും ഇരുഭാഗത്തേയ്ക്കും കടക്കാൻ രവി നദിയുടെ കൈവഴിയുടെ തീരത്തെയാണ് ആശ്രയിക്കുന്നത്. പാക്കിസ്ഥാനിൽനിന്നുള്ള ഭീകരർ മുമ്പും ഈ വഴി ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ദിനാനഗറിൽ ആക്രമണം നടത്തിയവരും ഇതേ വഴിയെത്തന്നെയാണ് ആശ്രയിച്ചിരുന്നത്.
ഡിസംബർ 31-ന് രാത്രി അതിർത്തിയിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള ഭഗ്‌വാൽ ഗ്രാമത്തിൽനിന്ന് ടാക്‌സി ഡ്രൈവറായ ഇകാഗർ സിങ് തന്റെ ഇന്നോവ കാറിൽ യാത്ര പുറപ്പെട്ടത് പരിചയമുള്ള ഒരു കുടുംബത്തിലെ ഒരാളെ ആശുപത്രിയിൽ കൊണ്ടുപോകാനുണ്ട് എന്ന പേരിലാണ്. എന്നാൽ, ഇക്കാര്യം ആ കുടുംബം പിന്നീട് നിഷേധിച്ചു. എന്നാൽ, എട്ടുകിലോമീറ്റർ അകലെയുള്ള ജനിയാൽ ഗ്രാമത്തിലെ ഹർജീന്ദർ കൗർ എന്ന ബന്ധുവിനെ ഒമ്പതരയോടെ വിളിച്ച് താൻ വന്നുകൊണ്ടിരിക്കുയാണ് എന്ന് ഇകാഗർ പറഞ്ഞിരുന്നു. ഇകാഗറിനെ പിന്നീട് വിളിച്ചിട്ട് ഹർജീന്ദറിനും കിട്ടിയില്ല. പിറ്റേന്ന് 11 മണിയോടെ കഴുത്തറുത്ത നിലയിൽ ഇയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഹർജീന്ദറിനെ വിളിച്ച് ഏതാനും മിനിറ്റിനുശേഷം ഇകാഗറിനെ ഭീകരർ തടഞ്ഞുനിർത്തിയിട്ടുണ്ടാകാമെന്നും കൊന്നുതള്ളിയിട്ടുണ്ടാകാമെന്നും പൊലീസ് കരുതുന്നു.
ഭഗ്വാൽ ഗ്രാമത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ചതുപ്പുനിലത്തിലൂടെയാകാം ഭീകരർ അതിർത്തികടന്നതെന്നാണ് പൊലീസും അന്വേഷണ ഉദ്യോഗസ്ഥരും കരുതുന്നത്. എന്നാൽ, അതിർത്തി രക്ഷാസേന ഇത് നിരാകരിക്കുന്നു. അതിർത്തി മുറിച്ച് ആരും കടന്നതായി വീഡിയോ ദൃശ്യങ്ങളിൽ ഇല്ലെന്നും അതിർത്തി വേലിക്ക് യാതൊരു കേടും സംഭവിച്ചിട്ടില്ലെന്നും ബി.എസ്.എഫ്. വാദിക്കുന്നു.
എന്നാൽ, രവി നദിയുടെ കൈവഴിക്ക് കുറുകെ വേലിയില്ലാത്ത ഭാഗം മുമ്പും ഭീകരർ ഉപയോഗിച്ചിട്ടുണ്ടെന്നുള്ളതാണ് സത്യം. നദിക്ക് കുറുകെ വേലികെട്ടുക പ്രയാസമാണെങ്കിലും വലകൾ ഉപയോഗിക്കുകയോ ശക്തമായ കാവലേർപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. എന്നാൽ, ഇതിനാവശ്യമായ സേനാബലം ഇല്ലെന്നാണ് ബി.എസ്.എഫിന്റെ പരാതി. പഞ്ചാബിലുള്ള ഓരോ ബി.എസ്.എഫ് ബറ്റാലിയനും 34 കിലോമീറ്റർ അതിർത്തിവീതമാണ് കാക്കുന്നത്. എന്നാൽ, മുഴുവൻ വേലികെട്ടിത്തിരിച്ചിട്ടുള്ള കാശ്മീരിൽ 21 കിലോമീറ്ററാണ് ഒരു ബറ്റാലിയന്റെ ചുമതലയിലുള്ളത്.
പാക്കിസ്ഥാനുമായി 553 കിലോമീറ്റർ അതിർത്തിയാണ് പഞ്ചാബിനുള്ളത്. അതിൽ 462 കിലോമീറ്റർ മാത്രമേ സുരക്ഷാ വേലിയുള്ളൂ. ശേഷിച്ച 91 കിലോമീറ്റർ പ്രദേശം പ്രശ്‌നമേഖലയാണെന്ന് മുമ്പുതന്നെ സുരക്ഷാ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം ദിനാനഗറിലുണ്ടായ ആക്രമണത്തിനുശേഷം ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ധരിപ്പിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.
ടാക്‌സി ഡ്രൈവറായ ഇകാഗർ സിങ്ങിന്റെ ഫോണിലേക്ക് പാക്കിസ്ഥാനിൽനിന്ന് ഒരു വിളി വന്നിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭവാല്പുരിലെ ജയ്‌ഷേ മുഹമ്മദിന്റെ കമാൻഡർമാരെന്ന് കരുതുന്നവരുടെ നമ്പരുകളിലേക്ക് എട്ടുതവണയും വിളി പോയിട്ടുണ്ട്. അതിർത്തികടന്ന് മയക്കുമരുന്ന് കടത്തുന്ന സംഘവുമായി ഇകാഗറിന് ബന്ധമുണ്ടായിരുന്നുവെന്ന് ആദ്യം കരുതാൻ കാരണമിതാണ്. എന്നാൽ, പ്രതിരോധപ്പിഴവിലൂടെ ക്ഷണിച്ചുവരുത്തിയ പത്താൻകോട്ട് ആക്രമണത്തിലെ ആദ്യ ഇരയായിരുന്നു ഇകാഗർ സിങ്ങെന്ന് ഇപ്പോൾ വ്യക്തമാണ്.
പഞ്ചാബ് എസ്‌പി സൽവീന്ദർ സിങ്ങിന്റെ ഔദ്യോഗിക വാഹനം ഭീകരർ തട്ടിയെടുക്കുന്നത് പിന്നീടാണ്. പുതുവർഷം പിറക്കുന്നതിന് ഏതാണ്ട് അരമണിക്കൂർമുമ്പാണ് കൊലിയൻ ഗ്രാമത്തിൽനിന്ന് മഹീന്ദ്ര ജീപ്പ് നാലോ അഞ്ചോ ഭീകരർ ചേർന്ന് തട്ടിയെടുത്തത്. എസ്‌പി. സൽവീന്ദർ സിങ്ങും സുഹൃത്ത് രാജേഷ് വർമയും പാചകക്കാരൻ ഗോപാൽ ദാസുമായിരുന്നു ജീപ്പിലുണ്ടായിരുന്നത്. കൈകൾ പിന്നിൽക്കെട്ടി സൽവീന്ദറിനെയും ഗോപാലിനെയും ഭീകരർ വഴിയിലുപേക്ഷിച്ച് വർമയുമായി കടക്കുകയായിരുന്നു. വ്യോമതാവളത്തിൽനിന്ന് 24 കിലോമീറ്റർ അകലെയാണ് കൊയിലൻ ഗ്രാമം.
പുലർച്ചെ രണ്ടരയോടെ സൽവീന്ദർ ഗുർദാസ്പുർ സൂപ്രണ്ട് ജി.എസ്.ടൂറിനെ വിളിച്ച് തന്റെ വാഹനം തട്ടിയെടുത്തതായി ഫോണിൽ പറഞ്ഞു. കൺട്രോൾ റൂമിൽ പറയാൻ ടൂർ പറഞ്ഞതനുസരിച്ച് സൽവീന്ദർ കൺട്രോൾ റൂമിലേക്ക് വിളിച്ചു. ഇതേത്തുടർന്ന് വിവരം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കെ.ബക്ഷിയെയും അറിയിച്ചു. മൂന്നരയോടെ വാഹനം കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചെങ്കിലും രാവിലെ ഏഴുമണിയോടെ മാത്രമാണ് വാഹനം കണ്ടെത്താനായത്. അപ്പോൾ അത് പത്താൻകോട്ട് വ്യോമതാവളത്തിന്റെ തൊട്ടുപിന്നിൽ എത്തിയിരുന്നു. പരിക്കേറ്റ നിലയിൽ വർമയെ ഇതിന് മുമ്പ് കണ്ടെത്തിയിരുന്നു.
വാഹനം കണ്ടെത്താൻ ഇത്രയും വൈകിയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് വിചിത്രമായ ഉത്തരമാണ് പഞ്ചാബ് പൊലീസിന് നൽകാനുള്ളത്. പല പ്രാദേശിക പൊലീസ് സ്‌റ്റേഷനുകളിലും പഴകിത്തുടങ്ങിയ രണ്ട് വാഹനങ്ങൾ മാത്രമാണുള്ളത്. അതുതന്നെ ഇന്ധനമില്ലാതെ കട്ടപ്പുറത്തുമായിരിക്കും. രാത്രിയിൽ പട്രോളിങ് നടത്തുന്ന പതിവുമില്ല. എസ്‌പി.യുടെ വാഹനം തട്ടിയെടുത്ത് വർമയെ തട്ടിക്കൊണ്ടുപോയ കേസ്സിലാണ് രാവിലെ ഒമ്പതുമണിവരെ പഞ്ചാബ് പൊലീസ് നിന്നത്. അവരുടെ തലയിൽ വെളിച്ചം കയറാൻ അത്രയും നേരം വേണ്ടിവന്നു. പത്താൻകോട്ട് വ്യോമതാവളത്തിന്റെ പിന്നിൽ ജീപ്പ് എന്തിനുവന്നുവെന്ന ആലോചനപോലും പഞ്ചാബ് പൊലീസിന് തുടക്കത്തിൽ പോയില്ല.
വാഹനം തട്ടിയെടുത്ത സംഘത്തെതിരയാൻ പൊലീസ് തയ്യാറായെങ്കിലും അവർക്ക് യാതൊരു തുമ്പും കണ്ടെത്താനായില്ല. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സൽവീന്ദർ സിങ്ങിന്റെ തട്ടിയെടുത്ത ഫോൺ കണ്ടെത്തുന്നതോടെയാണ് കഥ മാറിയത്. ഭവൽപ്പുരിലെ ജയ്‌ഷേ മുഹമ്മദിന്റെ നേതാവിനെ വിളിക്കാനാണ് ഫോൺ ഉപയോഗിച്ചിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. ഭീകരർ പത്താൻകോട്ട് തന്നെ ഉണ്ടെന്നും അവരുടെ ലക്ഷ്യം അടുത്തെവിടെയോ ആണെന്നും ഈ ഫോൺ വിളികളിൽ വ്യക്തമായിരുന്നു.
വൈകിട്ട് മൂന്നരയോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ആർമി തലവൻ ജനറൽ ദൽബീർ സിങ് സുഹാഗും വ്യോമസേന തലവൻ എയർമാർഷൽ അരൂപ രാഹയും ഐ.ബി.മേധാവി ദിനേശ്വർ ശർമയും യോഗം ചേർന്ന് സ്ഥിതിഗതിൾ വിലയിരുത്തി. ഗുരുദാസ്പുരിലൂടെ പൊലീസ് വാഹനത്തിൽ ഭീകരർ പട്ടാളവേഷത്തിൽ കടന്നുപോകുന്നത് കണ്ടുവെന്ന സന്ദേശം ഇതിനിടെ എല്ലാ പട്ടാളക്യാമ്പുകളിലും എത്തിയിരുന്നു.
രാത്രി എട്ടരയോടെ രണ്ട് പ്രത്യേക ദൗത്യസേനാ സംഘങ്ങളും ക്വിക്ക് റിയാക്ഷൻ ടീമും ആറ് ആർമി വാഹനങ്ങളും വ്യോമതാവളത്തിന് പത്ത് മിനിറ്റ് മാത്രം അകലെയുള്ള മാമൂണിൽ നിലയുറപ്പിച്ചു. എന്നാൽ, സംഘത്തെ എന്തുകൊണ്ട് വ്യോമതാവളത്തിലേക്ക് അയച്ചില്ലെന്ന ചോദ്യത്തിന് സുരക്ഷാ കേന്ദ്രങ്ങൾ നൽകുന്ന മറുപടിയും വിചിത്രമാണ്. ആക്രമണം എവിടെയുണ്ടായാലും പെട്ടെന്ന് നീങ്ങാൻ പാകത്തിൽ സംഘത്തെ അവിടെ നിലയുറപ്പിക്കുകയായിരുന്നുവത്രെ.
പത്താൻകോട്ടുള്ള പട്ടാളക്കാരുടെ കുടുംബങ്ങൾക്കുനേരെയും ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്നുകണ്ട് ഒമ്പതുമണിയോടെ എൻ.എസ്.ഡി കമാൻഡോകളെ അജിത് ദോവൽ പത്താൻകോട്ടേയ്ക്ക് അയച്ചു. പത്തുമണിയോടെ 130 കമാൻഡോകൾ വ്യോമതാവളത്തിലെത്തി. രാത്രി രണ്ടരയോടെ 80 പേർ കൂടി ഇവരോടൊപ്പം ചേർന്നു. ഇതൊക്കെ ചെയ്‌തെങ്കിലും വേണ്ടത്ര മുൻകരുതൽ ഉണ്ടായില്ലെന്ന് മാത്രം. ഭീകരർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ സിഗ്നലുകൾ പിന്തുടർന്നാൽ അവരുടെ സാന്നിധ്യം തിരിച്ചറിയാനാകുമായിരുന്നു. വ്യോമതാവളമുൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങൾക്ക് ചുറ്റും തിരച്ചിൽ നടത്താനും സാധിക്കുമായിരുന്നു. അതൊന്നുമുണ്ടായില്ലെന്ന് മാത്രം. പേടിച്ചിരുന്ന വെടിയൊച്ചകൾ പിന്നാലെ മുഴങ്ങുക തന്നെ ചെയ്തു.
എൻഎസ്ജി ബോംബ് സ്‌ക്വാഡ് തലവൻ ലഫ്. കേണൽ ഇ.കെ. നിരഞ്ജൻ കുമാറിന്റെ വീരമൃത്യുവിലേക്കു നയിച്ചതു സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ പാളിച്ചയെന്ന സൂചനകളാണ് പുറത്തുവരുന്നത്. തീവ്രവാദി ആക്രമണവേളയിൽ അവശ്യം അനുവർത്തിക്കേണ്ട മുൻകരുതലുകൾ സ്വീകരിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാകുമായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
തീവ്രവാദികളിൽ ഒരാളുടെ മൃതദേഹം പരിശോധിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനമാണു നിരഞ്ജന്റെ മരണത്തിൽ കലാശിച്ചത്. പരിശോധനയ്ക്കു മുന്നിട്ടിറങ്ങിയ നിരഞ്ജൻ സ്‌ഫോടനപ്രതിരോധത്തിനു പര്യാപ്തമായ സുരക്ഷാകവചം പോലും ധരിച്ചിരുന്നില്ല. അപകടകരമായ സാഹചര്യങ്ങളിൽ പരിശോധനയ്ക്കു വിദൂര നിയന്ത്രിത റോബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സൈന്യത്തിന് ഉണ്ടെന്നിരിക്കെ നിരഞ്ജൻ അതിസാഹസത്തിന് മുതിർന്നത് എന്തിനാണെന്ന ചോദ്യം ശേഷിക്കുന്നു.
ഞായറാഴ്ച രാവിലെ ഏഴരയോടെതന്നെ പത്താൻകോട്ട് വ്യോമ താവളത്തിൽ കടന്ന തീവ്രവാദികൾക്കായി തെരച്ചിൽ ആരംഭിച്ചിരുന്നു. ദൗത്യം തുടങ്ങി അധികസമയം കഴിയുംമുമ്പേ തീവ്രവാദികളിൽ ഒരാളുടെ മൃതദേഹം കുറ്റിക്കാടുകൾ നിറഞ്ഞ മേഖലയിൽ കണ്ടെത്തി. കയറും കൊളുത്തുകളും ഉപയോഗിച്ച് നിരഞ്ജന്റെ നേതൃത്വത്തിലുള്ള എൻ.എസ്.ജിയിലെ ബോംബ് സ്‌ക്വാഡ് മൃതദേഹം പുറത്തെത്തിച്ച് തിരിച്ചും മറിച്ചും പരിശോധന നടത്തി അപകടകരമായി യാതൊന്നുമില്ലെന്ന് സ്ഥിരീകരിച്ചു. ആദ്യത്തെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തുനിന്ന് 50 മീറ്റർ അകലെ രണ്ടാമത്തെ തീവ്രവാദിയുടെ മൃതദേഹം കണ്ടെത്തി. പ്രദേശത്ത് കുഴിബോംബുകളൊന്നും സ്ഥാപിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ അയച്ച 'മെൻ െപ്രട്ടക്ടഡ്' വാഹനം സുരക്ഷിതമായി തിരികെയെത്തിയതോടെ പരിശോധനാ നടപടികൾ തുടങ്ങി. ആദ്യ മൃതദേഹത്തിൽ അപായകരമായതൊന്നും ഉണ്ടായിരുന്നില്ലെന്ന ആത്മവിശ്വാസവും ബോംബ് സ്‌ക്വാഡിനുണ്ടായിരുന്നിരിക്കണം.
പരിശോധനാ സ്ഥലത്തേക്കു മൃതദേഹം എത്തിക്കാനായിരുന്നു നിരഞ്ജന്റെ ആദ്യ നിർദ്ദേശം. ശ്രമകരമായ ദൗത്യത്തിനൊടുവിൽ സംഘാംഗങ്ങൾ വലിച്ചിഴച്ച് മൃതദേഹം എത്തിച്ചതിനുപിന്നാലെ നിരഞ്ജൻ അവരുമായി ആശയവിനിമയം നടത്തി. അതിനുശേഷം മൃതദേഹത്തിനടുത്തെത്തി പരിശോധന ആരംഭിച്ചു. മൃതദേഹം തിരിച്ചു കിടത്താനുള്ള ഉദ്യമത്തിനിടെ നിരഞ്ജന്റെ ജീവനെടുത്ത അപ്രതീക്ഷിത സ്‌ഫോടനം. അതിശക്തമായ പൊട്ടിത്തെറിയിൽ തീവ്രവാദിയുടെ ശരീരം ഛിന്നഭിന്നമായി. നിരഞ്ജന്റെ തൊട്ടടുത്തുണ്ടായിരുന്ന കമാൻഡോയുടെ െകെകൾ ചിതറിത്തെറിച്ചു. മറ്റു നാലുപേർക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ശരീരത്തിലൊളിപ്പിച്ചിരുന്ന ഗ്രനേഡോ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് തകർക്കാവുന്ന സ്‌ഫോടകവസ്തുവോ കൊല്ലപ്പെടുന്നതിനു മുമ്പ് തീവ്രവാദി സക്രിയമാക്കിയിരുന്നിരിക്കണമെന്നാണ് അനുമാനിക്കപ്പെടുന്നത്.