കൊച്ചി: അതേ, കൈവെട്ടുകേസിന്റെ പിന്നിലെ യഥാർത്ഥ വില്ലന്മാാർ രണ്ടു പേരാണ്. ഇന്ത്യാ വിഷൻ ചാനലും കോളജിൽതന്നെയുള്ള ഒരു വ്യക്തിയും. തൊടുപുഴ കോളജിലെ ഒരു കൊച്ചുഡിഗ്രിക്ലാസിലൊതുങ്ങേണ്ട പതിവ് ഇന്റേണൽ പരീക്ഷയിലെ വെറുമൊരു ചിഹ്നമിടൽ ചോദ്യം ക്ലാസിനു പുറത്തേക്കെത്തിച്ചതു കൊളജിലെ വ്യക്തി. പത്രങ്ങളുൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ വാർത്ത കൊടുക്കുന്നത് അപകടമാണെന്നു മനസിലാക്കി മാറ്റിവച്ചിട്ടും ചാനൽ മത്സരത്തിൽ മുമ്പിലെത്താൻ പ്രത്യാഘാതങ്ങൾ അവഗണിച്ചും വാർത്ത ബ്രേക്കു ചെയ്തത് ഇന്ത്യാവിഷൻ.

ഇവർ രണ്ടു കൂട്ടരും അവരവരുടെ ദുഷ്പ്രവൃത്തികളിൽനിന്ന് ഒഴിഞ്ഞുനിന്നിരുന്നെങ്കിൽ അദ്ധ്യാപകൻ പ്രഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയ സംഭവമുണ്ടാകില്ലായിരുന്നു, അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടില്ലായിരുന്നു, ഭാര്യ ആത്മഹത്യ ചെയ്യില്ലായിരുന്നു, 13 യുവാക്കൾക്കു തടവുശിക്ഷ ലഭിക്കില്ലായിരുന്നു, എല്ലാറ്റിനുമുപരി സമൂഹത്തിനും സമുദായങ്ങൾക്കിടയിലും വേദനാകരമായ മുറിവുകളുണ്ടാകില്ലായിരുന്നു. എല്ലാം കഴിഞ്ഞിട്ടും വ്രണത്തിന്റെ ചുരമാന്തുകയല്ലിവിടെ. ഇനിയിങ്ങനെയൊരു പ്രശ്‌നം നമുക്കിടയിലുണ്ടാകാതിരിക്കാനുള്ള മുൻകരുതലെന്ന ഉദ്ദേശ്യശുദ്ധിയാണിവിടെ. അസഹ്യമായി മാറിയ ചാനൽ മത്സരവും സാമുഹികകാര്യങ്ങളിൽ മാദ്ധ്യമങ്ങളുടെ അമിതഇടപെടലും കേരളസമൂഹത്തിനു വെല്ലുവിളിയും ശല്യവുമായി എല്ലാവരും കണക്കാക്കുന്ന സമയത്ത്.

അന്ന് എന്താണു സംഭവിച്ചെന്നത് ഒന്നു റീവൈൻഡ് ചെയ്തു നോക്കൂ. പ്രഫ ടി ജെ ജോസഫ് മലയാളം ഡിഗ്രിപരീക്ഷയ്ക്കു ചിഹ്നമിടാൻ പി ടി കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിൽനിന്നുള്ള ഒരു (തറ)ഭാഗമെടുത്തു ചോദ്യം തയാറാക്കുന്നു. ഡിടിപി ചെയ്തയാളോ പരീക്ഷയെഴുതിയ വിദ്യാർത്ഥികളോ ഒരു പ്രശ്‌നവും ചൂണ്ടിക്കാട്ടിയിട്ടില്ല. പരീക്ഷ കഴിയുന്നു. പിന്നീട് പല പത്രലേഖകരിലേക്കും വിളികളെത്തുന്നു, മലയാളം ചോദ്യക്കടലാസിൽ മതനിന്ദയുണ്ടെന്ന്. വാർത്ത കാട്ടുതീ പോലെ പരക്കുന്നു.വിവരമന്വേഷിക്കുന്ന പത്രലേഖകരുടെയടുത്തേക്കു ഒരു പയ്യൻവശമാണ് ചോദ്യക്കടലാസിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി കൊടുത്തുവിടുന്നത്്. തുടക്കത്തിൽ ഇതിനു പിന്നിൽ പ്രവർത്തിച്ചതു അദ്ധ്യാപകനിട്ടു ഒരു പണികൊടുക്കണമെന്നാഗ്രഹിച്ച, കോളജുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചുവന്നയാൾതന്നെ.

പിന്നീട് ഫോട്ടോസ്റ്റാറ്റുകളുടെ എണ്ണം വർദ്ധിച്ചു. വിവിധ മുസ്ലിം സംഘടനയിൽപ്പെട്ടവർ അന്വേഷിക്കാൻ തുടങ്ങി. സ്വാഭാവികമായും പോപ്പുലർ ഫ്രണ്ടിനു ബന്ധമുള്ള തേജസ് പത്രത്തിനും ജമാ അത്തേ ഇസ്ലാമിയുടെ മാദ്ധ്യമം പത്രത്തിനുമാണ് ആദ്യം കിട്ടിയത്. തൊടുപുഴയിൽനിന്നു വാർത്ത ഹെഡ് ഓഫീസിലെ എഡിറ്റോറിയലിലേക്ക്. മതവിദ്വേഷമുണ്ടാക്കുന്ന ആ വാർത്ത പ്രസിദ്ധീകരിച്ചാലുണ്ടാകുന്ന അപകടം മനസിലാക്കി എക്കാലത്തുമെന്നപോലെ രണ്ടു പത്രങ്ങളിലെയും എഡിറ്റർമാർ വാർത്ത മാറ്റിവയ്ക്കുന്നു. അതുപോലെ തന്നെയായിരുന്നു എല്ലാ പത്രങ്ങളിലെയും എഡിറ്റോറിയൽ തീരുമാനം. പക്ഷേ പിറ്റേന്നും സംഭവം വാർത്തയായി വന്നുകാണാൻ രണ്ടു ഭാഗത്തുനിന്നു തിരക്കിട്ട ശ്രമം നടന്നു. ഒന്ന്, കോളജുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചയാൾ, അദ്ദേഹം ക്രിസ്ത്യാനിയാണ്. പിന്നെ ഒരു സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മാദ്ധ്യമരംഗത്തു പ്രവർത്തിച്ചു ബന്ധമുള്ളയാൾ. അദ്ദേഹം മുസ്ലിം നാമധാരിയും.

തുടർന്നു വല്ലാത്ത കഥകൾ പരക്കുന്നു. ഡിടിപിക്കാരിയും പരീക്ഷയെഴുതിയ വിദ്യാർത്ഥികളും ചോദ്യത്തിലെ മുഹമ്മദ് എന്നതു പ്രവാചകന്റെ പേരാണെന്നും ചോദ്യം പ്രവാചകനിന്ദയാണെന്നും അദ്ധ്യാപകനെ ചൂണ്ടിക്കാട്ടിയതാണെന്നും അദ്ധ്യാപകൻ അതു പുച്ഛിച്ചു തള്ളുകയായിരുന്നെന്നുമാണ് ഒരു കഥ. പരീക്ഷാസമയത്തു വിദ്യാർത്ഥിനി ഇക്കാര്യം ഇൻവിജിലേറ്ററോടു(ഇൻവിജിലേറ്റർ താനായിരുന്നില്ലെന്ന് അദ്ധ്യാപകൻ)പരാതിപ്പെട്ടപ്പോൾ അദ്ദേഹം വിദ്യാർത്ഥിനിയെ പരീക്ഷയിൽനിന്നു പുറത്താക്കി, കുട്ടി വീട്ടിൽചെന്നു മാതാപിതാക്കളുമായി കോളജിൽ മടങ്ങിയെത്തി. തങ്ങളുടെ സൗകര്യം പോലെ പരീക്ഷയിടുമെന്നു കോളജുകാർ അവരോടു ധിക്കാരപൂർവം പറഞ്ഞു. അവർ ലേഖനകർത്താവായ പി ടി കുഞ്ഞുമുഹമ്മദിനു സ്‌കാൻ ചെയ്ത ചോദ്യക്കടലാസ് അയച്ചുകൊടുത്തു. അതുകണ്ടിട്ടു കുഞ്ഞുമുഹമ്മദ് അറിയിച്ചു, താൻ ഭ്രാന്തനെന്നാണു കഥാപാത്രത്തിനു പേരിട്ടത്, പ്രവാചകന്റെ പേരിട്ടത് അദ്ധ്യാപകനാണ്...

ഇതൊക്കെയായിരുന്നു തൊടുപുഴയിലും പരിസരപ്രദേശത്തും പ്രചരിച്ച കഥകൾ. ഇതിൽ ആദ്യകഥ പ്രചരിപ്പിച്ചതു കോളജുകാരും കത്തോലിക്കാസഭയുമാണെന്നു പ്രഫ ടി ജെ ജോസഫ് തന്നെ പറയുന്നു. രണ്ടാമത്തെ കഥയിറങ്ങിയതു മുസ്ലീ്ം നാമധാരിയുൾപ്പെടെയുള്ള വിവിധകേന്ദ്രങ്ങളിൽനിന്നും. ഈ കഥകളുടെ പശ്ചാത്തലസംഗീതം അലയടിക്കുമ്പോഴാണ് ഇന്ത്യാവിഷൻ ലേഖകൻ കുടുതൽ സാമർത്ഥ്യം കാട്ടാൻ രാത്രി പത്തരയോടെ എഡിറ്റോറിയലിൽ വാർത്ത കൊടുത്തത്. മറ്റു പത്രങ്ങൾ കൊടുക്കുംമുമ്പേ കൊടുക്കണമെന്ന മത്സരബുദ്ധിയോടെ എഡിറ്റോറിയലിൽനിന്നു ന്യൂസ് ബ്രേക്ക് ചെയ്തു. അതുണ്ടാക്കുന്ന സാമൂഹികവിപത്ത് എന്തായിരിക്കുമെന്നു മനസിലാക്കാനുള്ള മാനസികപക്വതയും പ്രഫഷണലിസവും അവിടെയുള്ളവർക്കുണ്ടായിരുന്നില്ല. എല്ലാ പത്രങ്ങൾക്കും ചാനലുകൾക്കും ഇതു കിട്ടിയിരുന്നതാണെന്നും പ്രത്യാഘാതമോർത്തിട്ടാണു മത്സരചിന്തയുണ്ടായിട്ടും കൊടുക്കാതിരുന്നതെന്നും ചിന്തിക്കാനുള്ള വിവേകമൊന്നും അവർ കാട്ടിയില്ല.

പിറ്റേന്നു കാര്യങ്ങൾ കൈവിടുകയായിരുന്നു. ഇന്ത്യാവിഷനിൽ വന്ന ജനം ശ്രദ്ധിക്കുന്ന വാർത്ത കൊടുത്തില്ലെങ്കിൽ തങ്ങളുടെ ചാനലിനു നെഗറ്റീവ് മാർക്കു വീഴുമല്ലോയെന്നു മറ്റു ചാനലുകാർ കരുതി. അതോടെ ഓരോ ചാനലായി പതിയെ കൊടുക്കാൻ തുടങ്ങി. ചാനലുകളിലൂടെ ജനമറിഞ്ഞ വാർത്ത തങ്ങൾ കൊടുത്തില്ലെങ്കിൽ വായനക്കാർ കൈവിടുമോയെന്നു ഭയന്നു പിറ്റേന്നു പത്രങ്ങളും കൊടുക്കാൻ തുടങ്ങി. പിന്നെ വിഷയം വഷളായി, വിവാദമായി...മുസ്ലിം പള്ളികൾക്കുമുമ്പിൽ ചോദ്യക്കടലാസിന്റെ ആയിരക്കണക്കിനു കോപ്പികൾ വിതരണം ചെയ്യപ്പെട്ടു. തുടർന്നായിരുന്നു മുസ്ലിം സംഘടനകളുടെ പ്രതിഷേധവും ഭയപ്പെട്ടുപോയ കോളജ് മാനേജ്‌മെന്റിന്റെ കൈകഴുകലും കത്തോലിക്കാ സഭയുടെ അദ്ധ്യാപകനെ ഒറ്റപ്പെടുത്തിയുള്ള നിലപാടും കോളജിൽനിന്ന് അദ്ധ്യാപകനെതിരേയുള്ള ശിക്ഷാനടപടികളും. പിന്നെ പ്രഫസർക്കെതിരേ കേസായി, ഭീഷണിയായി, അദ്ദേഹം ഒളിവിൽപ്പോയി. പിന്നീടു നടന്നതൊക്കെ എല്ലാവർക്കുമറിയാം.

മുസ്ലിം സമുദായത്തിനിടയിൽ സർവസാധാരണമായി ഉപയോഗിക്കുന്ന മുഹമ്മദ് എന്ന പേരുപയോഗിച്ചതാണ് ഇത്രയും വലിയ പ്രശ്‌നമായി മാറിയത്. മുഹമ്മദ് പ്രവാചകന്റെ മാത്രം പേരല്ലെങ്കിലും പ്രവാചകനെ നിന്ദിക്കണമെന്ന ഉദ്ദേശ്യത്തോടെ മാത്രം ഉപയോഗിച്ചതാണെന്നു വരുത്താനാണ്്, ഡിടിപിക്കാരിയും വിദ്യാർത്ഥികളും തെറ്റു ചൂണ്ടിക്കാട്ടിയിട്ടും തിരുത്തിയില്ലെന്ന കഥ പ്രചരിപ്പിച്ചത്്. ആ കഥ എല്ലാവരും വിശ്വസിച്ചു. മാദ്ധ്യമങ്ങൾ സംഗതി വിഷയമാക്കി അവതരിപ്പിക്കുകയും ചെയ്തു. ഇതു രണ്ടുമുണ്ടായിരുന്നില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കില്ലായിരുന്നു.

പോപ്പുലർഫ്രണ്ടിന്റെ സംസ്ഥാനജനറൽ സെക്രട്ടറി കെ എച്ച് നാസർ ഇപ്പോഴും ഈ കഥകളിൽ വിശ്വസിച്ചാണ് അദ്ധ്യാപകനെ കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞദിവസം മറുനാടനോടു പറഞ്ഞതുമങ്ങനെയാണ്. അവ വർഗീയവിഷം വ്യാപിപ്പിക്കാനായി പടച്ചുവിട്ട വെറും കെട്ടുകഥകളാണെന്നും അദ്ധ്യാപകൻ മനപ്പൂർവം പ്രവാചകനിന്ദ നടത്തിയിട്ടില്ലെന്നും അദ്ദേഹം ഇനി മനസിലാക്കിയിട്ടും കാര്യമില്ല, പശുവും ചത്തു....

തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും മാത്രമല്ല കേരളമാകെ ഈ കഥകൾ വിശ്വസിച്ചുവെന്നതാണു സത്യം. പക്ഷേ ഭാവിയിലും ഇമ്മാതിരി പ്രശ്‌നങ്ങളുണ്ടാവാതിരിക്കാൻ പോപ്പുലർ ഫ്രണ്ടുകാർക്കും മതത്തിന്റെ പേരിൽ തമ്മിൽത്തല്ലുന്നവർക്കും ഇതൊരു ഗുണപാഠമാകേണ്ടതാണ്, വിവിധമതജാതിയിൽപ്പെട്ടവർ കഴിയുന്നിടത്തു മതവിദ്വേഷത്തിന്റെ പേരിൽ കൂടുതൽ മുറിവുണ്ടാകാതിരിക്കാൻ. പ്രഫ ജോസഫിനെതിരേ മറഞ്ഞിരുന്നു കരുനീക്കം നടത്തിയ കോളജുമായി ബന്ധപ്പെട്ടയാൾ അജ്ഞാതനായി(? ) കഴിയട്ടെ. അദ്ദേഹത്തിന്റെ ലക്ഷ്യം നേടിക്കഴിഞ്ഞിട്ടുണ്ടാവാണം. ഇത്രയും വലിയ പ്രത്യാഘാതങ്ങൾ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പശ്ചാത്താപം തോന്നുന്നെങ്കിൽ സ്വയം കുമ്പസാരിക്കട്ടെ.

ചാനലുകളുടെ മത്സരബുദ്ധി ഇത്രയധികമില്ലാതിരുന്ന പതിറ്റാണ്ടു മുമ്പായിരുന്നു ഈ സംഭവമെങ്കിൽ അതു മാദ്ധ്യമങ്ങളിൽ വെളിച്ചം കാണില്ലായിരുന്നു, ആരും കൈവെട്ടുന്ന സാഹചര്യം വരെയെത്തില്ലായിരുന്നു. കേരളത്തിൽ പണ്ടും ഇമ്മാതിരി എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്, പത്രങ്ങൾ അവ കണ്ടില്ലെന്നു നടിക്കും. മതവിദ്വേഷം ഊതിക്കത്തിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന അടിസ്ഥാനതത്വം പോലും മറന്നാണു ചാനലുകളുടെ മത്സരം അരങ്ങുതകർക്കുന്നത്. ഇനിയെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ ചാനലുകളുടെ കണ്ണു തുറക്കട്ടെ.