പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ തുടരും. നാലുദിവസത്തേക്കാണ് 144 ദീർഘിപ്പിച്ചത്. ഇന്ന് അർദ്ധരാത്രി മുതൽ ഡിസംബർ 4അർദ്ധരാത്രി വരെ നിരോധനാജ്ഞ നീട്ടി പത്തനംതിട്ട ജില്ല മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇലവുങ്കൽ മുതൽ സന്നിധാനം വരെയാണ് നിരോധനാജ്ഞ. തീർത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും, ക്രമസമാധാനം നിലനിർത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും, പൊതുമുതൽ സംരക്ഷിക്കുന്നതിനുമാണ് 144 നീട്ടിയത്.

ഇലവുങ്കൽ മുതൽ സന്നിധാനം വരെയാണ് ജനങ്ങൾ നിയമവിരുദ്ധമായി സംഘം ചേരുന്നതിന് നിയന്ത്രണമുള്ളത്. എന്നാൽ, തീർത്ഥാടകരുടെ സമാധാനപരമായ ദർശനത്തിനും, വാഹനസഞ്ചാരത്തിനും നിരോധനാജ്ഞയിൽ ഒഴിവുണ്ട്. ഭക്തർക്ക് ഒറ്റയ്‌ക്കോ സംഘമായോ ദർശനം നടത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ നാമം ജപിക്കുന്നതിനോ തടസ്സമില്ല.

അതേസമയം,യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ അക്രമസംഭവങ്ങളിൽ നാളിതുവരെ 93 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശബരിമലയിൽ പ്രതിഷേധക്കാർ, ഏതുസമയവും കേന്ദ്രീകരിക്കാൻ സാധ്യതയുള്ളതിനാലും ജനങ്ങളുടെ ഇടയിൽ നുഴഞ്ഞുകയറി അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധ്യതയുള്ളതിനാലാണ് നിരോധനാജ്ഞ ദീർഘിപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നുണ്ട്.

ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്നു ജില്ലാ പൊലീസ് മേധാവി കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. ശബരിമല എഡിഎമ്മിന്റെ റിപ്പോർട്ടും പരിഗണിച്ച ശേഷമാണു തീരുമാനം. അതേസമയം, ശബരിമല വികസനത്തിനു വനഭൂമി വിട്ടു നൽകാനാകില്ലെന്നു കേന്ദ്ര സർക്കാർ അറിയിച്ചു. കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട ഭൂമിയായതിനാൽ സ്ഥലം വിട്ടുനൽകാനാകില്ലെന്നാണു വിശദീകരണം. ദേവസ്വം ബോർഡിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി. വികസന പ്രവർത്തനങ്ങൾക്കായി 500 ഏക്കർ വനഭൂമി വിട്ടുനൽകണമെന്നായിരുന്നു ബോർഡിന്റെ ആവശ്യം.

നിലവിലെ നിർമ്മാണങ്ങളിൽ അപാകതയുള്ള പലതും പൊളിച്ചുനീക്കണമെന്ന നിർദ്ദേശവും കേന്ദ്രം ബോർഡിനെ അറിയിച്ചിട്ടുണ്ട്. യുവതീപ്രവേശത്തിനു സുപ്രീംകോടതി അനുമതി നൽകിയതിനു പിന്നാലെയാണു കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിനു ബോർഡ് വനഭൂമി ആവശ്യപ്പെട്ടത്. നിലവിലെ സൗകര്യങ്ങൾ പരിമിതമെന്ന് ആവർത്തിക്കുന്ന ബോർഡിനു കേന്ദ്ര നിലപാട് പ്രതിസന്ധിയാകും.

അതേസമയം, ഇന്ന് ശബരിമല ദർശനത്തിനായി പമ്പയിലെത്തിയ നാൽപത്തിയെട്ടുകാരി മല കയറാതെ മടങ്ങി. ആന്ധ്രാപ്രദേശ് സ്വദേശിയായ ഉഷയെന്ന സ്ത്രീയാണ് സന്നിധാനത്തേക്ക് പോകണമെന്ന് താൽപര്യം പ്രകടിപ്പിച്ച് പമ്പയിൽ എത്തിയത്. എന്നാൽ, പൊലീസുകാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഉഷ ശബരിമലയിലേക്കില്ലെന്ന് അറിയിച്ചത്. തുടർന്ന് ഉഷയുടെ കൂടെ വന്നവർ മാത്രം മല കയറാൻ തീരുമാനിച്ചു.