സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ നീട്ടി. നാലു ദിവസത്തേക്കാണ് നീട്ടിയത്. ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. ഇന്ന് അർദ്ധരാത്രി വരെയായിരുന്നു നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെയാണ് നിരോധനാജ്ഞ.

നിരോധനാജ്ഞ നീട്ടണമെന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നത്. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് പത്തനംതിട്ട എസ്‌പി പത്തനംതിട്ട കളക്ടർക്ക് പി.ബി നൂഹിന് റിപ്പോർട്ട് നൽകിയത്. എന്നാൽ നാലുദിവസത്തേ്ക്ക് മാത്രമാണ് നിരോധനാജ്ഞ നീട്ടിയത്. സന്നിധാനത്ത് സംഘർഷ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് റാന്നി തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ തുടരണമെന്ന് ആവശ്യപ്പെട്ട് പൊലീസിന്റെ റിപ്പോർട്ട് കളക്ടർക്ക് ലഭിച്ചത്.

എഡിഎമ്മിന്റെ റിപ്പോർട്ട് കൂടി പരിശോധിച്ചാണു കലക്ടർ തീരുമാനമെടുത്തത്. പൊലീസിന്റെ ആവശ്യപ്രകാരം 15ന് അർധരാത്രി മുതൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ, എരുമേലി എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ശബരിമല യുവതീപ്രവേശ വിഷയത്തിൽ അക്രമത്തിന് ആഹ്വാനം ചെയ്തു സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട 40 പേർക്കെതിരെ കേസെടുത്തു. ഹൈടെക് സെല്ലിന്റെയും ജില്ലാ സൈബർ സെല്ലുകളുടെയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കേസ് എടുത്തത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്.

കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അർദ്ധരാത്രി അവസാനിക്കാൻ ഇരിക്കെയാണ് വ്യത്യസ്ത അഭിപ്രായവുമായി റാന്നി തഹസിൽദാറും പത്തനംതിട്ട എസ്‌പിയും രംഗത്തെത്തിയത്. അതേസമയം ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഇന്ന് ഗവർണറെ നേരിട്ട് കണ്ട് വിശദീകരണവും നൽകിയിരുന്നു. ഹൈക്കോടതിയുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിലും ഭക്തരുടെ ഹിതം മാനിച്ചും
നിരോധനാജ്ഞ തുടർന്നാൽ അത് ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ കുറവ് വരുത്തുകയും വ്യാപക വിമർശനത്തിനിടവെയ്ക്കുകയും ചെയ്യുമെന്ന ആശങ്കയുണ്ട്. ഈ സാഹചര്യം ഒഴിവാക്കാൻ വേണ്ടി നിരോധനാജ്ഞ പിൻവലിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഭക്തരെ തടയുന്ന തരം നിരോധനാജ്ഞ സന്നിധാനത്ത് ഇല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

ഇന്നലെ ചില നാമ പ്രതിഷേധങ്ങൾ നടന്നെങ്കിലും സന്നിധാനം പൊതുവെ ശാന്തമാണ്. മാസ പൂജ സമയത്തോ ചിത്തിര ആട്ട വിശേഷ സമയത്തോ കണ്ട പ്രതിഷേധങ്ങൾ നിലവിൽ അവിടെയില്ല. ഈ സാഹചര്യത്തിലാണ് ശബരിമലയിൽ നിരോധനാജ്ഞ തുടരേണ്ട സാഹചര്യമില്ലെന്ന റിപ്പോർട്ട് റാന്നി തഹസിൽദാർ കളക്ടർക്ക് നൽകിയത്. സന്നിധാനത്തെ സ്ഥിതി ശാന്തമാണെന്നും, പൊലീസ് നിയന്ത്രണത്തിന് ഇളവുകൾ വരുത്താമെന്നും റിപ്പോർട്ടിലുണ്ട്. വാവര് നടയിൽ ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

പൊലീസിന്റെ ആവശ്യപ്രകാരം പത്തനംതിട്ട ജില്ലാ കലക്ടർ 15ന് അർധരാത്രി മുതൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലും കോട്ടയം ജില്ലാ കലക്ടർ എരുമേലിയിലും 7 ദിവസത്തേക്കാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ഉടൻ പിൻവലിക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു. കഴിഞ്ഞദിവസം ഗവർണർക്കും ഇതേ ആവശ്യം ഉന്നയിച്ചു ചെന്നിത്തല കത്തു നൽകിയിരുന്നു. 144 പ്രഖ്യാപിച്ചതു ഭക്തരെ ശബരിമലയിൽനിന്ന് അകറ്റാനേ സഹായിച്ചിട്ടുള്ളൂ എന്ന് മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ചെന്നിത്തല പറഞ്ഞു.

ശബരിമല യുവതീപ്രവേശ വിഷയത്തിൽ അന്തിമവിധിക്കായി കാത്തിരിക്കുകയാണെന്നു ബിജെപി അറിയിച്ചു. യുവതീപ്രവേശത്തെ ഭക്തർ എതിർക്കുന്നു. സർക്കാർ ഇരന്നുവാങ്ങിയ പ്രക്ഷോഭമാണ് ഇതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനവ്യൂഹം പമ്പയിൽ പൊലീസ് തടഞ്ഞെന്നാരോപിച്ചു തമിഴ്‌നാട് കന്യാകുമാരി ജില്ലയിൽ വെള്ളിയാഴ്ച ബിജെപി ബന്ദ് പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു ബന്ദ്. അയ്യപ്പഭക്തരെ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയുള്ളതിനാൽ യുവമോർച്ച പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു മോഹനടക്കം 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.