ഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ആസ്തി അഞ്ചുവർഷം കൊണ്ട് കൂടിയത് 300 ശതമാനം. ബിരുദം പൂർത്തിയാക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യസഭ തെരഞ്ഞെടുപ്പിന് നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. വാർത്ത റിപ്പോർട്ട് ചെയ്ത പത്രങ്ങളായ ടൈസ് ഓഫ് ഇന്ത്യ, ഡിഎൻഎ എന്നിവയുടെ വെബ്സൈറ്റിൽ നിന്ന് റിപ്പോർട്ട് അപ്രത്യക്ഷമായത് സമൂഹമാധ്യമങ്ങളിൽ ചൂടുള്ള ചർച്ചയായിരിക്കുകയാണ്.

ടൈംസ് ഓഫ് ഇന്ത്യയുടെ അഹമ്മദാബാദ് എഡിഷനിലും ഇന്നലെ പുറത്തിറങ്ങിയ ഡിഎൻഎ പത്രവുമാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സ്വത്ത് വിവരവും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയുടെയും വിവരങ്ങൾ പുറത്തുവിട്ടത്. 5 വർഷം മുന്പ് എട്ടരക്കോടി രൂപയുണ്ടായിരുന്ന അമിത് ഷായുടെ ആസ്തി 34 കോടി രൂപയായി. രണ്ട് കോടി 60 ലക്ഷം കോടി രൂപയുടെ ബാധ്യത 47 ലക്ഷമായി കുറയുകയും ചെയ്തു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലേയും രാജ്യസഭ തെരഞ്ഞെടുപ്പിലേയും സത്യവാങ്മൂലം താരതമ്യം ചെയ്തപ്പോഴാണ് അമിത് ഷായുടെ ആസ്തി 300 ശതമാനം കൂടിയെന്ന് വ്യക്തമായത്.10 കോടി 38 ലക്ഷം രൂപയുടെ ആസ്തി പാരന്പര്യമായി കിട്ടിയതെന്നാണ് സത്യവാങ്മൂലത്തിലെ വിശദീകരണം.

2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തിലെ സ്മൃതി ഇറാനിയുടെ ബി കോം ബിരുദമാണ് ഇപ്പോൾ പൂർത്തിയാക്കിയിട്ടില്ലാത്ത ബി കോം ബിരുദമായി മാറിയത്. റിപ്പോർട്ട് പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ ഡിഎൻഎ പത്രങ്ങളുടെ ഓൺലൈൻ പതിപ്പിൽ നിന്ന് വാർത്ത നീക്കിയത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നു. അടുത്തിടെ കോൺഗ്രസിൽ നിന്ന് ബിജെപി യിലേക്ക് വന്ന ബൽവന്ത് സിങ് രജ്പുത് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളിൽ ഏറ്റവും ധനികനായ ഒരാളായിരിക്കും ബൽവന്ത്. 2012-ൽ 263 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്താണ് ഇദ്ദേഹം സ്വന്തമാക്കിയതെങ്കിൽ 2017 ആയപ്പോഴേക്കും ഇത് 316 കോടിയായി ആണ് ഉയർന്നിരിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയും ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന്റെ സ്വത്തു വിവരവും പുറത്തു വിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വാർഷിക വരുമാനം 15,10,147 രൂപയാണ്. ഭാര്യയുടെ വാർഷിക വരുമാനം 20,15,900 രൂപയാണ്. 2011ലെ കണക്കുമായി പട്ടേലിന്റെ ഇപ്പോഴത്തെ ആസ്തി താരതമ്യം ചെയ്താൽ കാര്യമായ വർധനവാണ് കാണിക്കുന്നത്.പട്ടേലിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും സ്ഥാവര ജംഗമ സ്വത്തുക്കളിൽ 2011 മുതൽ ഉള്ള കണക്കുകൾ പരിശോധിച്ചാൽ ഇപ്പോൾ അത് 123 ശതമാനമാണ് ഉയർന്നിരിക്കുന്നത്.