പന്തളം: പരവതാനി കിട്ടാത്തതോണ്ടാ സാറേ നടുറോഡിൽ പായ വിരിച്ചുകിടന്നത്... എന്നു ജൂനിയർ മാൻഡ്രേക് എന്ന സിനിമയിൽ ജഗതി ശ്രീകുമാർ പറഞ്ഞിട്ടുണ്ട്. അതു പോലെ പായയും വിരിച്ച് അതിൽ തലയണയും കിടക്കയും ഇട്ട് റാന്തലും കത്തിച്ചുപിടിച്ച് ഒരു സ്ഥലം ഉടമ റവന്യൂമന്ത്രിക്കു മുന്നിൽ നീണ്ടുനിവർന്നുകിടന്നു. താൻ കിടന്നാലും തലയും കുത്തി നടന്നാലും പിന്നാക്കം നടന്ന് പ്രതിഷേധിച്ചാലും ഒന്നുമില്ലെന്ന മട്ടിൽ റവന്യൂമന്ത്രി അടൂർ പ്രകാശ് വിട്ടടിച്ചു പോയി.

സാധാരണ സർക്കാർസ്ഥലമാണ് വല്ലവരും കൈയേറാറുള്ളത്. ഇവിടെയാകട്ടെ വ്യക്തിയുടെ സ്ഥലം കൈയേറാനാണ് സർക്കാരിന്റെ ശ്രമം. അതിനുള്ള പ്രതിഷേധമായിട്ടായിരുന്നു കിടപ്പുസമരം. തോന്നല്ലൂർ കോട്ടേത്ത് ശ്രീനിലയത്തിൽ കെ.എസ്. പ്രദീപാണ് കിടന്നുകൊണ്ട് സമരം ചെയ്തത്. പന്തളം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിനു തറക്കല്ലിടാൻ മന്ത്രി അടൂർ പ്രകാശ് എത്തിയപ്പോൾ സ്ഥലത്തിനുമേൽ അവകാശം ഉന്നയിച്ചായിരുന്നു പ്രദീപിന്റെ കിടപ്പു സമരം. മന്ത്രി സമരക്കാരനെ തിരിഞ്ഞുനോക്കിയില്ല. അദ്ദേഹത്തിന്റെ പരാതി കേൾക്കാനും തയാറായില്ല. സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് സർക്കാർ കണ്ടെത്തിയ സ്ഥലം തന്റേതാണെന്നാണ് പ്രദീപ് പറയുന്നത്. ഇതു സംബന്ധിച്ച് പത്തനംതിട്ട സബ് കോടതിയുടെ ഉത്തരവും പ്രദീപിന്റെ കൈയിലുണ്ട്.

3,06,498 രൂപയ്ക്ക് പത്തനംതിട്ട സബ് കോടതി പ്രദീപിന്റെ പേരിൽ ജപ്തി ചെയ്തുകൊടുത്ത ഭൂമിയാണിതെന്നു രേഖകൾ വ്യക്തമാക്കുന്നു. കുരമ്പാലയിലുള്ള പൊതുമരാമത്ത് വക 4.84 ഏക്കർ സ്ഥലത്തെ പാറ പൊട്ടിക്കുന്നതിന് 1996-98 വർഷത്തിൽ പത്തുലക്ഷം രൂപയ്ക്ക് പ്രദീപ് ലേലം കൊണ്ടിരുന്നു. ഇതിനെ തുടർന്ന് 14700 രൂപ പൊതുമരാമത്തിൽ അടയ്ക്കുകയും ചെയ്തു. എന്നാൽ ജനവാസ കേന്ദ്രമായതിനാൽ കേവലം 30 സെന്റ് സ്ഥലത്തെ പാറ മാത്രമേ പൊട്ടിക്കാൻ പൊതുമരാമത്ത് അനുവദിച്ചുള്ളൂ.

ഇതിനെതിരെ 2002 ലാണ് പ്രദീപ് സബ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. 2007ൽ 2,48,000 രൂപയും ആറു ശതമാനം പലിശയും പ്രദീപിന് നൽകുന്നതിന് കോടതി ഉത്തരവിട്ടു. എന്നാൽ പണം ലഭിച്ചില്ല. ഇതേ തുടർന്ന് 2011ൽ ഇപ്പോൾ സ്മാർട്ട് വില്ലേജ് ഓഫീസ് പണിയാൻ കണ്ടെത്തിയ സർക്കാർ പുറമ്പോക്ക് ഭൂമി പ്രദീപിന്റെ പേരിലേക്ക് കോടതി അറ്റാച്ച് ചെയ്ത് ഉത്തരവുണ്ടായി. ഇത് സംബന്ധിച്ച ആധാരം 2012 ജനുവരി നാലിന് രജിസ്റ്റർ ചെയ്തു. സ്ഥലത്ത് സ്മാർട്ട് വില്ലേജ് ഓഫീസ് പണിയുന്നതിന് പ്രദീപ് എതിരല്ല.

എന്നാൽ തന്റെ പരാതി പോലും കേൾക്കാൻ അധികൃതർ കാണിക്കുന്ന അലംഭാവമാണ് ഇദ്ദേഹത്തെ തളർത്തിയത്. അതിനാലാണ് പദ്ധതിക്കായി ശിലാസ്ഥാപനം നടത്തുന്ന സ്ഥലത്ത് പായും തലയിണയും റാന്തൽ വിളക്കുമായി കിടന്ന് സമരം നടത്താൻ പ്രദീപ് തയാറായത്. പ്രദീപിനെ ശ്രദ്ധിക്കാതെ മന്ത്രി പോയെങ്കിലും കലക്ടർ ഹരികിഷോർ പ്രദീപിന്റെ പരാതി കേൾക്കാൻ തയാറായി. പ്രശ്‌നത്തിന് ഉടൻ പരിഹാരം ഉണ്ടാകുമെന്നും അതിനാൽ സമരം പിൻവലിക്കണമെന്നും കലക്ടർ ഉപദേശിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഒടുവിൽ സമരത്തിൽനിന്നു പിന്മാറാൻ പ്രദീപ് തയാറായത്. സ്മാർട്ട് വില്ലേജിന്റെ നിർമ്മാണം നൂറുദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും തുടർന്ന് പന്തളം പഞ്ചായത്തിൽ ഉൾപ്പെട്ട കുരമ്പാല വില്ലേജും സ്മാർട്ടാകുമെന്നും റവന്യൂ മന്ത്രി പിന്നീട് പറഞ്ഞു.