- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മർദനത്തിന് ഇരയായാവർ പരാതി നൽകിയിട്ടില്ല; ആരെങ്കിലും പരാതി നൽകിയിട്ട് കാര്യമില്ല; വിമാനത്തിൽ പ്രതിഷേധിച്ചവരെ തള്ളിയിട്ട ഇ.പി.ജയരാജനെതിരെ കേസെടുക്കാതെ പൊലീസ്; മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്നാം പ്രതിക്കെതിരെ ലുക്കൗട്ട് സർക്കുലർ ഉടൻ
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ കേസെടുക്കാതെ പൊലീസ്. മർദനത്തിന് ഇരയായാവർ പരാതി നൽകിയില്ലെന്നാണു പൊലീസ് ഭാഷ്യം. യൂത്ത് കോൺഗ്രസുകാർക്കെതിരെ വധശ്രമത്തിനു കേസെടുത്തപ്പോൾ ഇ.പി.ജയരാജനെതിരെയും നടപടി ആവശ്യപ്പെട്ടു കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
യൂത്ത് കോൺഗ്രസിന്റേതായ പത്തിലേറെ പരാതികൾ ഡിജിപിക്കു നൽകിയെങ്കിലും മർദനമേറ്റെങ്കിൽ ഫർസീൻ മജീദും നവീൻ കുമാറുമാണു പരാതിപ്പെടേണ്ടതെന്ന നിലപാടിലാണ് പൊലീസ്.
യൂത്ത് കോൺഗ്രസ് നൽകിയ പരാതികൾ ഡിജിപി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കു കൈമാറിയെങ്കിലും അദ്ദേഹം അതു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയില്ല. നിലവിൽ കേസെടുക്കാൻ ആരെങ്കിലും പരാതി നൽകിയിട്ടു കാര്യമില്ല, കേസെടുക്കണമെങ്കിൽ ഫർസീൻ മജീദും നവീൻ കുമാറും പരാതി നൽകണമെന്ന് പൊലീസ് പറയുന്നു.
ഇതേസമയം, മുഖ്യമന്ത്രിക്കെതിരെ നടന്നതു വധശ്രമമാണെന്ന് ഉറപ്പിക്കാനുള്ള തെളിവു ശേഖരിക്കുന്ന ശ്രമത്തിലാണു പ്രത്യേക അന്വേഷണ സംഘം. വിമാനത്തിലുണ്ടായിരുന്ന വനിത വികസന കോർപറേഷൻ എം.ഡി വി സി.ബിന്ദു ഉൾപ്പെടെ മൂന്ന് യാത്രക്കാരുടെ മൊഴിയെടുത്തു. വിമാനക്കമ്പനിയായ ഇൻഡിഗോയുടെ റിപ്പോർട്ടും ശേഖരിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 27 വരെയാണ് ഇവരെ റിമാൻഡ് ചെയ്തത്. മൂന്നാം പ്രതി മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സുനിത് നാരായണൻ ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. കേസിൽ മൂന്നാം പ്രതിക്കായി ഇന്ന് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കും. വധശ്രമം, ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ പ്രകാരമാണു കേസ്. മുഖ്യമന്ത്രിയുടെ ഗൺമാൻ എസ്.അനിൽ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസാണു കേസ് രജിസ്റ്റർ ചെയ്തത്.
സുനിത്തിനെ മൂന്നു ദിവസമായിട്ടും കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി പ്രധാന ഇടങ്ങളിലെല്ലാം ലുക്കൗട്ട് സർക്കുലർ കൈമാറാൻ തീരുമാനിച്ചത്. കേസിന്റെ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം ഇന്നു ചേരും. പ്രതിഷേധം നടന്ന വിമാനം നേരിട്ടു പരിശോധിച്ചും ഇന്ന് തെളിവ് ശേഖരിക്കും
അതിനിടെ, കേസ് മജിസ്‌ട്രേട്ട് കോടതി പ്രിൻസിപ്പൽ സെഷൻസ് കോടതിക്കു കൈമാറി. മജിസ്‌ട്രേട്ട് കോടതിക്ക് എയർക്രാഫ്റ്റ് നിയമങ്ങൾ കൈകാര്യം ചെയ്യാൻ അധികാരമില്ലെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണു നടപടി. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളി. അതിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകും. പ്രിൻസിപ്പൽ സെഷൻസ് കോടതി ഇനി ഹൈക്കോടതിയുമായി ആലോചിച്ച് പ്രത്യേക കോടതി രൂപീകരിച്ച് ഈ കേസ് അങ്ങോട്ടു മാറ്റും. നിലവിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ ചെന്നൈയിൽ പ്രത്യേക കോടതിയുണ്ട്. അവിടേക്കു മാറ്റുമോയെന്നു വ്യക്തമല്ല.
ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. കേസിലെ ഗൂഢാലോചന ഉൾപെടെ പുറത്തുകൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്‌പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദ്ദേശം.
അതേ സമയം മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോർട്ടുമായി വിമാനക്കമ്പനി ഇൻഡിഗോ രംഗത്ത് വന്നു. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് പൊലീസിന് നൽകിയ റിപ്പോർട്ടിൽ ഇൻഡിഗോ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും പൊലീസിന് റിപ്പോർട്ട് നൽകി. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) ഇൻഡിഗോ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.
പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചെന്നും എന്നാൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളി തുടർന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തണോ എന്ന കാര്യം മുൻ ജഡ്ജി ഉൾപ്പെടുന്ന ആഭ്യന്തര സമിതി അന്വേഷിക്കുകയാണെന്നും ഇൻഡിഗോ ഡിജിസിഎയെ പ്രാഥമികമായി അറിയിച്ചിട്ടുണ്ട്. വിമാന ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങൾ വിമാന കമ്പനി കൈമാറിയത്.
അതേ സമയം വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചതിനു പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് അദ്ധ്യാപക ജോലി ചെയ്യാനുള്ള യോഗ്യതയില്ലെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. മട്ടന്നൂർ യുപി സ്‌കൂളിലാണ് ഫർസീൻ ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ പ്രബേഷൻ കഴിഞ്ഞിട്ടില്ല. അദ്ധ്യാപക ജോലിക്കുള്ള യോഗ്യതയായ കെടെറ്റും പാസായിട്ടില്ലെന്ന് ഡിഡിഇ ഡിപിഐക്കു റിപ്പോർട്ട് നൽകി. ക്രിമിനൽ കേസിൽ പ്രതിയായതോടെ ഫർസീനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ജോലിയിലെ യോഗ്യത സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ