കൊച്ചി: വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം എന്ന വാദമാണ് സിപിഎം നേതാക്കൾ ആവർത്തിക്കുന്നത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും, കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ പങ്ക് സംശയിക്കുന്നുവെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വ്യാഴാഴ്ചയും പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ പ്രതികൾ ആയുധം കരുതിയിരുന്നില്ലെന്ന് കോടതി. വിമാനം ലാൻഡ് ചെയ്ത ശേഷമാണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയോടുള്ള വ്യക്തി വിരോധമല്ല പ്രതിഷേധത്തിന് കാരണം. എയർപോർട്ട് മാനേജർ ആദ്യം നൽകിയ റിപ്പോർട്ടിൽ വാക്കുതർക്കം എന്ന് മാത്രമാണുള്ളത്. പിന്നീട് നൽകിയ റിപ്പോർട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്ളതെന്നും കോടതി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഇന്നാണ് ജാമ്യം ലഭിച്ചത്. കസ്റ്റഡിയിലുള്ള ഫർസിൻ മജീദിനും നവീൻ കുമാറിനുമാണ് ജാമ്യം അനുവദിച്ചത്. കേസിലെ പ്രതിയായ സുജിത് നാരായണന് മുൻകൂർ ജാമ്യവും അനുവദിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഇട്ട പോസ്റ്റ് ഇങ്ങനെ:

'പ്രതിഷേധം, പ്രതിഷേധം' എന്ന് രണ്ട് തവണ കേട്ടപ്പോൾ അത് വധശ്രമമായി തോന്നിയ ദുർബലനായ മുഖ്യമന്ത്രി, വധശ്രമത്തിന് കേസെടുത്ത് ജയിലിലടച്ച യൂത്ത് കോൺഗ്രസ്സിന്റെ സമരപോരാളികൾ ഫർസിൻ മജീദിനും, നവീൻ കൂടാളിക്കും ജാമ്യം ലഭിച്ചു...മുഴങ്ങട്ടെ 'പ്രതിഷേധം, പ്രതിഷേധം''

ജൂൺ 12ന് മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. സംഭവത്തിൽ വലിയതുറ പൊലീസ് വധശ്രമം ഉൾപ്പെടെ വകുപ്പുകളിലാണ് കേസ് എടുത്തിരുന്നത്.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ അടുത്തേക്ക് വന്ന ഇവരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തള്ളി മാറ്റുകയായിരുന്നു. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, ആർസിസിയിൽ രോഗിയെ കാണാൻ പോകുന്നുവെന്ന് പറഞ്ഞതാണ് ഇവർ വിമാനത്തിൽ കയറിയതെന്ന് പൊലീസ് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായത് ആസൂത്രിത ആക്രമണമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആവർത്തിച്ചിരുന്നു. വിമാനത്തിൽ കയറിയവരിൽ ഒരാൾ രണ്ട് വധശ്രമ കേസിലുൾപ്പെടെ പത്തൊൻപത് കേസിലെ പ്രതിയാണ്. ഇത്തരത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെയാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ കോൺഗ്രസ് നേതൃത്വം വിമാനത്തിൽ കയറ്റിവിട്ടത്. ഇത്തരം ഭീകരപ്രവർത്തനത്തിനെതരെ ജനങ്ങളെയാകെ അണിനിരത്തുമെന്നും ഇപി ജയരാജൻ പറഞ്ഞിരുന്നു.