- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രണ്ടു പേര് ഫ്ളൈറ്റിൽ കയറി കരിങ്കൊടി കാണിച്ചാൽ...എന്തായാലും ഫ്ളൈറ്റിൽ നിന്ന് പുറത്ത് ഇറക്കാൻ കഴിയില്ലല്ലോ': മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ നടന്ന പ്രതിഷേധം യൂത്ത് കോൺഗ്രസ് നേതാക്കളുടെ അറിവോടെ? വാട്സാപ്പ് ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ട് പുറത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിൽ വച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചത് യൂത്ത് കോൺഗ്രസ് നേതാക്കളുടെ അറിവോടെ എന്നുസൂചന. ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും മുൻ എംഎൽഎയുമായ ശബരിനാഥന്റെ വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് പുറത്ത്. റിപ്പോർട്ടർ ടിവിയാണ് ഇത് റിപ്പോർട്ട് ചെയ്തത്.
'കേരള ഒഫീഷ്യൽ ഗ്രൂപ്പ്' എന്ന പേരിൽ യൂത്ത് കോൺഗ്രസ് ലോഗോ ഡിസ്പ്ലേ പിക്ച്ചറായിട്ടുള്ള ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടാണ് പുറത്ത് വന്നത്. മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തിൽ വരുന്നുണ്ട് എന്ന വിവരമാണ് ശബരീനാഥൻ എംഎൽഎ എന്ന പേരിൽ സേവ് ചെയ്ത നമ്പറിൽ നിന്നും സന്ദേശമയച്ചിരിക്കുന്നത്. 'രണ്ടു പേര് ഫ്ളൈറ്റിൽ കയറി കരിങ്കൊടി കാണിച്ചാൽ...' എന്ന് അപൂർണ്ണമായ നിർദ്ദേശവും ഇതിനൊപ്പമുണ്ട്. എന്തായാലും ഫ്ളൈറ്റിൽ നിന്ന് പുറത്ത് ഇറക്കാൻ കഴിയില്ലല്ലോ എന്നും ഈ നമ്പറിൽ നിന്നുള്ള മെസേജിലുണ്ട്.
ഇതിന് മറുപടിയായി പി പി അഭിലാഷ് ഐവൈസി എന്ന് വാട്സ്ആപ്പിൽ പേരുള്ള നമ്പറിൽ നിന്നും ഫ്ളൈറ്റിൽ ടിക്കറ്റ് കിട്ടുമോ എന്ന് ഗ്രൂപ്പിൽ ആരായുന്നുണ്ട്. ഇത് പ്രാവർത്തികമാക്കിയാൽ അടിപൊളി സമരമായിരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ പറയുന്നു. ആബിദ് അലി എന്നൊരാൾ ടിക്കറ്റ് സ്പോൺസർ ചെയ്യ് എന്ന് ശബരിനാഥനോട് ആവശ്യപ്പെടുന്നുണ്ട്. ഇതിന് മറുപടിയായി ദുൽഖിഫിൽ ഒരു വോയ്സ് മെസേജ് അയച്ചതും സ്‌ക്രീൻ ഷോട്ടിൽ നിന്നും വ്യക്തമാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പ്രതിഷേധം നടന്നതെന്നാണ് ഈ വാട്സ്ആപ്പ് ചാറ്റുകൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
ജൂൺ 12ന് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി സഞ്ചരിച്ച ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ കെ നവീൻ എന്നിവരായിരുന്നു വിമാനം ലാൻഡ് ചെയ്യുമ്പോൾ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി അദ്ദേഹം ഇരുന്നിരുന്ന സീറ്റിലേക്ക് അടുത്തത്. ഇവരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പിടിച്ചു തള്ളിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ