കോഴിക്കോട്: നെൽകൃഷി ചെയ്യുന്ന പാടം വ്യാജരേഖകളെ മറയാക്കി നികത്തി ആശുപത്രി പണിയാനൊരുങ്ങുന്നതിനെതിരെ കോഴിക്കോട് നഗരത്തോട് ചേർന്ന എടക്കാട് പ്രദേശത്ത് നാട്ടുകാർ നടത്തുന്ന സമരം 200 ദിവസം പിന്നിട്ടു. മാസങ്ങളോളോളമായി നീളുന്ന സമരം കണ്ടില്ലെന്ന് നടിക്കുകയാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ രാഷ്ട്രീയ നേതാക്കൾ. കോഴിക്കോട് ടൗണിൽ നിന്നും ഏഴ് കിലോമീറ്റർ അകലെയുള്ള എടക്കാട് ഗ്രാമമാണ് പുതിയൊരു സമരഭൂമികയായി മാറിയിരിക്കുന്നത്. അമ്പലങ്ങളും കാവുകളും ആമ്പൽ കുളങ്ങളും നെൽ വയലുകളും തണ്ണീർ തടങ്ങളും നിറഞ്ഞ പ്രദേശത്ത് വയൽപ്രദേശം കരയാണെന്ന് വ്യാജരേഖയുണ്ടാക്കി നികത്തിയതാണ് പ്രദേശവാദികളുടെ എതിർപ്പിന് ഇടയാക്കിയത്.

ഉദ്യേഗസ്ഥ വൃന്ദത്തെയും ഇടത് വലത് രാഷ്ട്രീയ മുന്നണികളെയും കൂടെ നിർത്തിയായിരുന്ന പ്രമുഖ്യ സ്റ്റീൽ വ്യവസായ കമ്പനിയായ പി.കെ ഗ്രൂപ്പാണ് അനധികൃതമായി നെൽപ്പാടം നികത്തിയത്. വർഷങ്ങളായി നെല് കൃഷി ചെയ്യുകയും പ്രദേശത്തെ തണ്ണീർ തട സംരക്ഷണ മേഖലയുമായ പുനത്തിൽ താഴം, പുത്തൽ വള്ളിവയൽ എന്നിവിടങ്ങളിലെ എട്ട് ഏക്കർ ഭൂമിയാണ് ഇവരുടെ കൈപിടികളിലൊതുക്കിയത്. നീതി നിഷേധത്തിന്റെയും ഇരട്ട നിയമത്തിന്റെയും നേർക്കാഴ്ചായായിരുന്നു ഇവിടെ സംഭവിച്ചത്. ഭൂമി വരുതിയിലാക്കിയ ശേഷം നെൽ വയലെന്നുള്ളത് തോട്ടമാക്കി മാറ്റാനുള്ള പി.കെ ഗ്രൂപ്പിന്റെ ശ്രമവും വിജയിച്ചു. രേഖകൾ തിരുത്തി നിലം തോട്ടമാക്കിയും അനധികൃതമായി ക്വാറിവേസ്റ്റ് നിറക്കുന്നതിനും വില്ലേജ് ഓഫീസർ മുതൽ ആർ.ഡി.ഒയുടെയും കോർപ്പറേഷന്റെയും എല്ലാവിധ സഹായ സഹകരണങ്ങളും ലഭിച്ചു.

വില്ല പണിയാനെന്ന പേരിലായിരുന്നു വയൽ നികത്തിയത്. നെൽപ്പാടം നികത്തുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ എത്തിയെങ്കിലും ഇത് വക വെയ്ക്കാതെയായിരുന്നു നിലംനികത്തൽ. പിന്നീട്, പെർഫക്ട് ഹെൽത്ത് കെയർ എന്ന പേരിലുള്ള സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയാണ് ഇവിടെ തുടങ്ങാനിരിക്കുന്നതെന്ന് 2011ൽ പി.കെ ഗ്രൂപ്പിന്റെ ഔദ്യോഗിക പ്രഖ്യാപിച്ചു. എന്നാൽ നിയമങ്ങൾ കാറ്റിൽപ്പറത്തി നിലം നികത്തിയതിനെതിരെ പ്രതിഷേധവുമായി സമരസമിതിക്കാർ രംഗത്തെത്തി. എന്നാൽ ഇവർക്ക് ഇടതു-വലതു പാർട്ടികളുടെ പിന്തുണ ലഭിച്ചിരുന്നില്ല.

വൻകിട വ്യവസായമായിട്ടായിരുന്നു സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രി എന്ന സംരംഭം പി.കെ ഗ്രൂപ്പ് ആവിഷ്‌കരിച്ചത്. ഈ പ്രൊജക്ട് യാഥാർത്ഥ്യമാകുക എന്നത് അവരുടെ ഡ്രീം പ്രൊജക്ടായിരുന്നു. അതുകൊണ്ട് തന്നെ കരുതലുകളോടെയാണ് കരുക്കൾ നീക്കിയിരുന്നത്. ഭരണ കക്ഷിയെയും പ്രതിപക്ഷത്തെയും കൈയിലെടുത്തായിരുന്നു ഇവരുടെ നീക്കങ്ങൾ. വില്ലേജ് ഓഫീസിലെയും പൊലീസ് സ്റ്റേഷനിലെയും ചുമരുകളിൽ തൂക്കിയിട്ട പി.കെ ഗ്രൂപ്പിന്റെ കലണ്ടറുകളിൽ നിന്നും വ്യക്തമാണ് ഇവരുമായുള്ള ഉദ്യോഗസ്ഥ ബന്ധങ്ങൾ.



എടക്കനാട് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിന് മുമ്പായിരുന്നു കോഴിക്കോട് നടക്കാവിലെ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ഇന്റർ നാഷണൽ ലെവലിലേക്ക് ഉയർത്തുന്ന പ്രിസം പദ്ധതിയുമായി പ്രദീപ്കുമാർ എംഎ‍ൽഎ രംഗത്ത് വന്നത്. ഈ പദ്ധതി എ പ്രദീപ്കുമാർ എംഎൽഎയ്ക്ക് ഏറെ കൈയടി നേടിക്കൊടുത്തിരുന്നു. ഈ പദ്ധതിക്കായി എംഎ‍ൽഎയെ സഹായിച്ച് കോടികൾ മുടക്കിയതാകട്ടെ പി.കെ ഗ്രൂപ്പ് ഉടമകളിലൊരാളും പി.കെ അഹമ്മദിന്റെ മകനുമായ പ്രമുഖ വ്യവസായി ഫൈസലായിരുന്നു. ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ എന്ന പേരിലുള്ള ഫലകങ്ങളും നടക്കാവ് സ്‌കൂളിൽ സ്ഥാപിച്ചിരുന്നു. ഇതോടെ ജനങ്ങൾക്കിടയിൽ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷനും മതിപ്പുളവാക്കി. ഇതോടെ എടക്കാട്ടെ അനധികൃത ഭൂമി നികത്തലിനെ കുറിച്ച് പ്രദീപ് കുമാർ എംഎൽഎയും ഇടതുപക്ഷവും ഒന്നും മിണ്ടാൻ തയ്യാറായില്ല.

എംപി എം.കെ രാഘവനും വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കുമെല്ലാം വേണ്ടപ്പെട്ട പി കെ ഗ്രൂപ്പിന്റെ ആശുപത്രിക്കെതിരായ സമരം ഇത്രയും ദിവസം പിന്നിട്ടിട്ടും ആരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇതിനിടെ സമരക്കാരുമായുള്ള പല ചർച്ചകളിലും വ്യവസായ സെക്രട്ടറി പങ്കെടുത്തിരുന്നു. സംസ്ഥാന സർക്കാറിന്റെ ഒത്താശയും കോഴിക്കോട് കോർപ്പറേഷന്റെ കെട്ടിട നിർമ്മാണാനുമതിയും മാനാജ്‌മെന്റ് അധികൃതർക്ക് മതൽകൂട്ടായി. പറമ്പ് ഭൂമിയെന്ന് കൃത്രിമ രേഖ ചമച്ചായിരുന്നു പുതിയങ്ങാടി വില്ലേജ് ഓഫീസർ വക പി.കെ ഗ്രൂപ്പിനു നൽകിയ സഹായം ചെയ്തത്. വില്ലേജ് ഓഫീസർ രേഖയിൽ നടത്തിയ തിരുത്ത് ഇന്നും കോടതി കയറുകയാണ്. എന്നാൽ ഇതേ വില്ലേജ് ഓഫീസിൽ വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച അപേക്ഷയിൽ ഈ ഭൂമി നിലമാണെന്നും വയലാണെന്നും വ്യക്തമാക്കുന്നുണ്ട്.

സമരം 213 ദിവസങ്ങൾ പിന്നിടുമ്പോൾ ജനപ്രതിനധികളുടെയും മുഖ്യധാരാ പാർട്ടികളുടെയും തീർത്തും അവഗണിക്കുകയാണ് ഈ സമരത്തെ. സ്റ്റീൽ ഇൻഡസ്ട്രിയൽ കമ്പനിയായ പി.കെ ഗ്രൂപ്പിൽ നിന്നുള്ള പരസ്യ വരുമാനം മുഖ്യധാരാ മാദ്ധ്യമങ്ങളെയും വാർത്ത നൽകുന്നതിൽ നിന്നും വിലക്കിയിരിക്കുകയാണ്. ഇരുനൂറാം ദിവസം കളക്‌ട്രേറ്റ് പടിയിൽ ഉപവാസ സമരം നടത്തിയിട്ടു പോലും പ്രാദേശിക പേജിൽ നാലു വരിയിലൊതുക്കുകയാണ് പ്രമുഖ പത്രങ്ങളെല്ലാം ചെയ്തത്. അനിശ്ചിത കാലമായി തുടരുന്ന സ്ത്രീകളടക്കമുള്ള സമരക്കാർക്കെതിരായി കള്ളക്കേസുമെടുത്തിട്ടുണ്ട്.

വിവിധ വകുപ്പ് തലങ്ങളിലും മലിനീകരണ നിയന്ത്രണ ബോർഡിലും വിവിധ കോടതികളിലുമെല്ലാം വിഷയം ചൂണ്ടിക്കാണിച്ച് സമരക്കാർ നൽകിയ കേസ് നടന്നു വരികയാണ്. നിയമ ലംഘനം ചൂണ്ടിക്കാട്ടിസമര സമിതി ചെയർമാൻ എം.സി സുദേഷ്‌കുമാർ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ജില്ലാകളക്ടർ, ആർ.ഡി.ഒ, തഹസിൽദാർ, വില്ലേജ് ഓഫീസർ, പൊലീസ് കമ്മീഷണർ, നടക്കാവ് സി.ഐ, എലത്തൂർ എ.ഐ, ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധി കെ.ഇ മൊയ്തു എന്നിവർ എതിർ കക്ഷികളായി ഹൈക്കോടതിയിലുള്ള കേസ് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സമരക്കാർ. പ്രദേശ വാസികൾക്ക് സൗജന്യ ചികിത്സയും ജോലിയും വാഗ്ദാനം ചെയ്ത് പ്രതിഷേധം ശമിപ്പിക്കാനുള്ള ശ്രമത്തിലാണ് സമരക്കാർ.