കാസർഗോഡ്: സരിത എസ് നായർക്കു ചുറ്റും കറങ്ങുന്ന ഭരണയന്ത്രത്തിനെതിരെ കനത്ത പ്രതിഷേധവുമായി എൻഡോസൾഫാൻ ഇരകൾ. കലക്ടറേറ്റിൽ ചർച്ചയ്‌ക്കെത്തിയ മന്ത്രി കെ പി മോഹനനെതിരെ രൂക്ഷമായ ഭാഷയിലാണ് എൻഡോസൾഫാൻ ദുരിതബാധിതർ പ്രതികരിച്ചത്.

കലക്ടറേറ്റിൽ ചേർന്ന എൻഡോസൾഫാൻ സെൽ യോഗം മന്ത്രിയുടെ പരാമർശത്തെ തുടർന്ന് അലങ്കോലപ്പെടുകയായിരുന്നു. ഒടുവിൽ നിവൃത്തിയില്ലാതെ കൃഷിമന്ത്രി കെ പി മോഹനന് യോഗത്തിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നു.

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ കാസർഗോഡ് കലക്ടറേറ്റിലായിരുന്നു യോഗം. സെൽ ചെയർമാൻകൂടിയാണു മന്ത്രി മോഹനൻ. എൻഡോസൾഫാൻ ദുരിതബാധിതർ തിരുവനന്തപുരത്തു നടത്തുന്ന സമരം അവസാനിപ്പിക്കാനുള്ള തീരുമാനം യോഗം എടുക്കണമെന്ന് ചർച്ചയ്‌ക്കെത്തിയ പി കരുണാകരൻ എംപി ആവശ്യപ്പെട്ടു. ഇതു വൻ വാഗ്വാദത്തിനു വഴിതെളിച്ചു.

അതിനിടെയാണു സമരം സബന്ധിച്ച തീരുമാനം സമരം നടക്കുന്ന തിരുവനന്തപുരത്താണ് വേണ്ടതെന്നു മന്ത്രി കെ പി മോഹനൻ പ്രതികരിച്ചത്. ഈ പ്രതികരണത്തോടെ യോഗഹാൾ സംഘർഷഭരിതമാകുകയായിരുന്നു. പി കരുണാകരൻ എംപിയും എംഎൽഎമാരും മറ്റ് സെൽ അംഗങ്ങളൂം മന്ത്രിക്കെതിരെ പ്രതിഷേധമുയർത്തി. ഉടൻ യോഗഹാളിനു പുറത്തുണ്ടായിരുന്ന എൻഡോസർഫാൻ ദുരന്തബാധിതർ മുദ്രാവാക്യങ്ങളുമായി അകത്ത് കടന്നു.

''നിങ്ങടെ പ്രശ്‌നം സരിതാ നായർ... ഞങ്ങടെ പ്രശ്‌നം എൻഡോസൾഫാൻ'' എന്ന് മുദ്രാ വാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതോടെ യോഗസ്ഥലത്തേക്ക് പൊലീസും കുതിച്ചെത്തി. നടപ്പിലാക്കാത്ത കാര്യത്തിൽ നിങ്ങളോടൊപ്പം ഞാനുമുണ്ടെന്ന് മന്ത്രി ആവർത്തിച്ചു പറഞ്ഞെങ്കിലും എതിർപ്പിനെത്തുടർന്നു മന്ത്രിക്ക് യോഗസ്ഥലത്തു നിന്നും ഇറങ്ങിപ്പോകേണ്ടി വന്നു.