- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ 500 മീറ്ററിലും പൊലീസ് സന്നാഹം; പോരാഞ്ഞ് മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ 'പാർട്ടി പൊലീസുകാരും'; കറുത്ത ബാഗ് ഉയർത്തിക്കാട്ടിയ കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ചു സിപിഎമ്മുകാർ; ഗസ്റ്റ് ഹൗസിനു മുന്നിൽ പിണറായിക്കെതിരേ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസുകാർ; ജലപീരങ്കി പ്രയോഗിച്ചു പൊലീസ്; തളിപ്പറമ്പിലേക്കുള്ള മുഖ്യന്റെ യാത്ര പ്രതിഷേധം ഭയന്ന് റൂട്ടുമാറ്റി
കണ്ണൂർ: ജന്മനാട്ടിലും കനത്ത പ്രതിഷേധം നേരിട്ടു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നും രംഗത്തെത്തി. കണ്ണൂർ ഗസ്റ്റ് ഹൗസിന് മുമ്പിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഇവർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇരുപതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധ കരിങ്കൊടിയുമായി ഗസ്റ്റ് ഹൗസിന് മുമ്പിൽ പ്രതിഷേധിക്കാനെത്തിയത്. ഇവർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഗസ്റ്റ് ഹൗസിനകത്തേക്ക് കടക്കാനുള്ള ശ്രമം നടത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം പൊലീസുകാരെ കൂടാതെ സിപിഎമ്മുകാരും പിണറായിക്ക് അനുകൂലമായി ഇന്ന് രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ യാത്രക്കിടെ കറുത്ത ബാഗ് ഉയർത്തിക്കാട്ടിയ കെ.എസ്.യു പ്രവർത്തകനെ സിപിഎമ്മുകാർ മർദ്ദിച്ചു. മുഖ്യമന്ത്രിയുടെ തളിപറമ്പിലേക്കുള്ള യാത്ര റൂട്ട് മാറ്റിക്കൊണ്ടുമാണ്. ലീഗിന്റെ ശക്തി കേന്ദ്രങ്ങളെ ഒഴിവാക്കിയാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. പ്രതിഷേധം ഭയന്നാണ് മുഖ്യമന്ത്രി റൂട്ട് മാറ്റിയത്.
മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് പഴുതടച്ചസുരക്ഷയാണ് കണ്ണൂരിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. എട്ട് ഡി.വൈ.എസ്‌പിമാരുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. തളിപ്പറമ്പിലും കുറുമാത്തൂരിനുമിടയിൽ ഒമ്പത് മണിക്കും പന്ത്രണ്ട് മണിക്കും ഇടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് നഗരം മുതൽ കിലയുടെ പരിപാടി നടക്കുന്ന കരിമ്പം ഫാം വരേയുള്ള പ്രദേശം വരെയാണ് ഇത്തരത്തിൽ കർശനമായി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ സഞ്ചാരപാതയിലും പൊതുപരിപാടി നടക്കുന്ന കില തളിപ്പറമ്പ് കാമ്പസിലും പ്രതിഷേധ സാധ്യതയുണ്ട്. സഞ്ചാരപാതയിൽ എവിടെയൊക്കെ പ്രതിഷേധമുണ്ടാകുമെന്നത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ പത്തുകഴിഞ്ഞാണ് കരിമ്പം കില കാമ്പസിൽ അന്താരാഷ്ട്ര പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ തളിപ്പറമ്പിലെത്തുന്നത്. കേന്ദ്രത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ് കോളജിന്റെയും ഹോസ്റ്റലിന്റെയും തറക്കല്ലിടലും മുഖ്യമന്ത്രി നിർവഹിക്കും.
കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി പി.ബി. രാജീവിനാണ് സുരക്ഷചുമതല. പരിപാടി തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് തന്നെ പങ്കെടുക്കുന്ന പ്രതിനിധികളും മാധ്യമപ്രവർത്തകരും കില കാമ്പസിൽ എത്തണമെന്നാണ് പൊലീസ് നിർദ്ദേശം. വേദിയിൽ ഇരിക്കുന്നവരുടെ വാഹനങ്ങൾ മാത്രമേ അകത്തേക്ക് കടത്തിവിടൂ. കർശന പരിശോധനക്കുശേഷമേ പ്രവേശനം അനുവദിക്കൂ. കൂടാതെ പൊതുപരിപാടി നടക്കുന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തും. ജില്ലയിൽ മുഖ്യമന്ത്രിയുടെ സഞ്ചാരപാതയിൽ ഓരോ 500 മീറ്ററിലും പൊലീസിനെ വിന്യസിച്ചുണ്ട്.
അതേസമയം കരിമ്പം കില കാമ്പസിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസും ബിജെപിയും അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളുടെ സാഹചര്യത്തിലാണ് ഇരു പാർട്ടികളും ഈ തീരുമാനം കൈക്കൊണ്ടത്. തളിപ്പറമ്പിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന തിങ്കളാഴ്ചത്തെ പരിപാടി ബഹിഷ്‌കരിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം വി രവീന്ദ്രൻ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ