- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ-റെയിൽ കല്ലിടലിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത പ്രതിഷേധം; കല്ലായിയിലും ചോറ്റാനിക്കരയിലും സംഘർഷം; ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകൾ നാട്ടുകാർ പിഴുതുമാറ്റി; സർവെ നടപടികൾ രണ്ടാമതും നിർത്തിവച്ചു
കല്ലായി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ-റെയിൽ കല്ലിടലിനെതിരെ പ്രതിഷേധങ്ങൾ കടുത്തു. വെസ്റ്റ് കല്ലായി ഉൾപ്പടെ നിരവധി സ്ഥലങ്ങളിൽ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. എന്നാൽ പ്രതിഷേധം ശക്തമാകുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് കെ-റെയിൽ അധികൃതർ പറയുന്നത്.
കോഴിക്കോട് കല്ലായിയിലും എറണാകുളത്ത് ചോറ്റാനിക്കരയിലും കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. ചോറ്റാനിക്കരയിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകൾ നാട്ടുകാർ പിഴുതുമാറ്റി. കോട്ടയം നട്ടാശ്ശേരിയിലും കല്ലിടലിനെതിരെ പ്രതിഷേധം തുടരുകയാണ്.
കോഴിക്കോട് കല്ലായിയിൽ വീണ്ടും സംഘർഷമുണ്ടായി. ഉദ്യോഗസ്ഥർ കല്ലിടൽ വീണ്ടും തുടങ്ങിയതാണ് സംഘർഷത്തിലെത്തിയത്. നാട്ടുകാർ സംഘടിച്ചെത്തുകയായിരുന്നു. നാട്ടുകാരും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. കെ റെയിൽ ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളികളുമായി പൊലീസുമായി നാട്ടുകാർ വാക്കുതർക്കത്തിലേർപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് കല്ലിടൽ നിർത്തിവച്ചു.
സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിക്കുന്നു. നാട്ടുകാരുടെ വൻ പ്രതിഷേധത്തെ തുടർന്ന് രാവിലെ കല്ലിടാതെ ഉദ്യോഗസ്ഥർ മടങ്ങിയിരുന്നു. കല്ലിടാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. യാതൊരു അറിയിപ്പും കൂടാതെയാണ് ഉദ്യോഗസ്ഥരെത്തിയിരിക്കുന്നതെന്നും അവർ പറഞ്ഞു.
കല്ലായിയിൽ ശക്തമായ പ്രതിഷേധമാണ് കല്ലിടലിനെതിരെ നടന്നത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. കോൺഗ്രസും ബിജെപിയുമടക്കം പ്രതിഷേധവുമായി രംഗത്തെത്തി. കല്ലിടാൻ ഉദ്യോഗസ്ഥരെത്തിയതോടെ നാട്ടുകാർ സംഘടിച്ചെത്തുകയായിരുന്നു. ഉദ്യോഗസ്ഥരെ നാട്ടുകാർ ചോദ്യം ചെയ്തതോടെ നാട്ടുകാരും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി.
നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് രാവിലെ കല്ലിടൽ നിർത്തിവെച്ചിരുന്നു. വീണ്ടും കല്ലിടാനെത്തിയതോടെയാണ് സ്ഥലത്ത് സംഘർഷമുണ്ടായത്. കല്ലിടാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. ഒരു അറിയിപ്പുമില്ലാതെ ഉദ്യോഗസ്ഥരെത്തി കല്ലിടുന്നത് അംഗീകരിക്കാനാകില്ലെന്നും നാട്ടുകാർ പറയുന്നു. ചോറ്റാനിക്കരയിൽ സ്ഥാപിച്ച കല്ല് നേരത്തെ നാട്ടുകാർ പിഴുതെറിഞ്ഞിരുന്നു.
പ്രതിഷേധം കനത്തതോടെ കല്ലിടൽ നടപടികൾ നിർത്തി ഉദ്യോഗസ്ഥർ മടങ്ങി. നാളെ രാവിലെ പത്ത് മണിയോടെ തന്നെ സർവെ പുനഃരാരംഭിക്കുമെന്നാണ് വിവരം. അതേസമയം, ഭൂമിയേറ്റെടുക്കൽ തുടങ്ങിയിട്ടില്ലെന്നും സാമൂഹികാഘാത പഠനത്തിന് വേണ്ടിയാണ് കല്ലിടൽ നടത്തുന്നതെന്നും കെ-റെയിൽ എംഡി വി.അജിത് കുമാർ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ