തിരുവനന്തപുരം : കോവിഡ് ബാധിച്ചവരുമായുള്ള പ്രാഥമികസമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ജീവനക്കാർക്ക് അനുവദിച്ചിരുന്ന ഒരാഴ്ചത്തെ സ്‌പെഷൽ കാഷ്വൽ അവധി സർക്കാർ റദ്ദാക്കി.ഇനി കോവിഡ് ബാധിതരുമായി ഇടപഴകിയാലും ജീവനക്കാർ ഓഫിസിൽ എത്തണം. അല്ലെങ്കിൽ സ്വയം അവധിയെടുത്ത് വീട്ടിലിരിക്കാം.പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ആണെങ്കിൽ ജീവനക്കാർ അത് ഓഫിസിൽ വെളിപ്പെടുത്തുകയും സ്വയം നിരീക്ഷിക്കുകയും സാമൂഹിക അകലം അടക്കം എല്ലാ കോവിഡ് മാനദണ്ഡങ്ങളും ഓഫിസിൽ പാലിക്കുകയും വേണമെന്ന് ഡിസാസ്റ്റർ മാനേജ്‌മെന്റ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

എന്നാൽ കോവിഡ് ബാധിച്ചവർക്കുള്ള 7 ദിവസത്തെ സ്‌പെഷൽ കാഷ്വൽ അവധിയും ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുന്ന ജീവനക്കാർക്ക് ചികിത്സാ കാലയളവ് മുഴുവൻ അനുവദിച്ചിട്ടുള്ള സ്‌പെഷൽ കാഷ്വൽ അവധിയും റദ്ദാക്കിയിട്ടില്ല.കഴിഞ്ഞ സെപ്റ്റംബർ 15 മുതലാണ് ഈ ആനുകൂല്യം നൽകിയിരുന്നത്.

രോഗലക്ഷണം ഉണ്ടായാൽ ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശ പ്രകാരം നടപടി സ്വീകരിക്കുകയും വേണം. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ വകുപ്പ് മേധാവിയുടെ അനുമതിയോടെ ഒരാഴ്ചത്തേക്കും മറ്റുള്ളവരുമായി പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടാൽ 3 മുതൽ 7 ദിവസം വരെയും വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം.

കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ളവരുമായ ജീവനക്കാർ 7 ദിവസം കഴിഞ്ഞു പരിശോധനയിൽ നെഗറ്റീവ് ആയാൽ ഓഫിസിൽ ഹാജരാകണമെന്നായിരുന്നു സെപ്റ്റംബർ 15ലെ ഉത്തരവ്. പരിശോധന നിർബന്ധമല്ലെന്നും രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ 7 ദിവസം കഴിഞ്ഞു ഹാരാകണമെന്നും പിന്നീടു തിരുത്തി.

അതേസമയം സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. കേന്ദ്രത്തിന്റെ മാനദണ്ഡങ്ങൾ സംസ്ഥാനങ്ങൾക്കു കടുപ്പിക്കാമെങ്കിലും ഇളവ് അനുവദിക്കാൻ പാടില്ലെന്നിരിക്കെയാണ് സംസ്ഥാനം സ്‌പെഷൽ കാഷ്വൽ അവധി റദ്ദാക്കിയതെന്നു സർവീസ് സംഘടനകൾ പരാതിപ്പെട്ടു. പകരം വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുമില്ല. ഇത് സർക്കാർ ഓഫിസുകളിൽ കോവിഡ് വ്യാപിക്കാൻ ഇടയാക്കുമെന്നാണ് സംഘടനകളുടെ ആക്ഷേപം .

പ്രത്യേക അവധി റദ്ദ് ചെയ്ത സർക്കാർ നടപടിയിൽ ആരോഗ്യപ്രവർത്തകർക്ക്ും പ്രതിഷേധം. രോഗികളുമായി അടുത്തിടപഴകുന്നവരാണ് ആരോഗ്യപ്രവർത്തകർ. ഡോക്ടർമാരും നഴ്‌സുമാരും കഴിഞ്ഞാൽ രോഗികളുമായി സമ്പർക്കം പുലർത്തുന്നതും ആശുപത്രി ജീവനക്കാരാണ്. ഇവർക്ക് എപ്പോൾ വേണമെങ്കിലും രോഗം പിടിപെടാവുന്ന അവസ്ഥയാണ്.നേരത്തേ, സമ്പർക്കപ്പട്ടികയിൽപെട്ടാൽ പ്രത്യേക അവധി അനുവദിക്കുകയും നിരീക്ഷണത്തിൽ കഴിയുകയും ചെയ്യാമായിരുന്നു.

എന്നാൽ, പുതിയ ഉത്തരവ്പ്രകാരം പ്രത്യേക അവധി റദ്ദ് ചെയ്‌തെന്നുമാത്രമല്ല, സമ്പർക്കത്തിൽവരുന്ന ജീവനക്കാർ അക്കാര്യം ഓഫിസിൽ വെളിപ്പെടുത്തുകയും സമൂഹഅകലം അടക്കം എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് കൃത്യമായി ഓഫിസിൽ എത്തുകയും വേണം. ഏതെങ്കിലും രോഗലക്ഷണങ്ങളുണ്ടായാൽ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

പ്രാഥമിക സമ്പർക്കത്തിൽപെട്ട ജീവനക്കാരോട് ഓഫിസിൽ എത്തണമെന്നുപറയുന്നതുതന്നെ രോഗവ്യാപനത്തിന് കാരണമാകും എന്നിരിക്കെ സർക്കാറിന്റെ പുതിയ ഉത്തരവ് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ആരോഗ്യപ്രവർത്തകർ കുറ്റപ്പെടുത്തുന്നു. ഉത്തരവ് റദ്ദാക്കുകയോ ആരോഗ്യരംഗത്തെ ജീവനക്കാരെ ഇതിൽനിന്ന് ഒഴിവാക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.