വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പ് ഇത്തവണ മുമ്പെങ്ങുമില്ലാത്ത വിധം കലുഷിതമായിരുന്നു. മികച്ച സ്ഥാനാർത്ഥികളല്ല മത്സര രംഗത്തുണ്ടായിരുന്നത് എന്നതിൽ തന്നെ തുടക്കം മുതൽ വിവിധ കോണുകളിൽ നിന്നും എതിർപ്പുകൾ ഉയരുകയുണ്ടായി. ട്രംപിനെതിരെ ആയിരുന്നു പ്രധാന പ്രതിഷേധം. എന്തായാലും ഫലം വന്നപ്പോൾ ട്രംപ് വിജയിച്ചു. എന്നാൽ, ഈ വിജയം അംഗീകരിക്കാൻ ഹിലരിയുടെ അണികൾ തയ്യാറാകുന്നില്ലെന്നത് അമേരിക്കയിൽ അസാധാരണമായ കാര്യമായി. ഇപ്പോൾ നിയുക്ത പ്രസിഡന്റിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങൾ നടക്കുകയാണ്.

റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയും വ്യവസായിയുമായ ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിനെതിരെ പ്രധാന നഗരങ്ങളിലൊക്കെ പ്രകടനങ്ങളുമായി ജനം തെരുവിലിറങ്ങി. ചിലയിടങ്ങളിൽ സംഘർഷം റിപ്പോർട്ടു ചെയ്തു. പ്രതിഷേധം നടന്ന സ്ഥലത്ത് വെടിവയ്പ് നടന്നതായി സീയാറ്റിൽ പൊലീസ് ട്വീറ്റ് ചെയ്തു. അഞ്ചുപേർക്ക് വെടിയേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. എന്നാൽ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് വെടിവയ്പ് നടന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായിരുന്ന ട്രംപിന്റെ വിജയത്തിൽ പ്രതിഷേധവുമായി അമേരിക്കയിൽ ഉടനീളം വൻ ജനക്കൂട്ടമാണ് നിരത്തിലിറങ്ങിയത്.

ന്യൂയോർക്ക് തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയ ജനക്കൂട്ടം ട്രംപ് ടവർ, അദ്ദേഹത്തിന്റെ വീട് എന്നിവിടങ്ങളിലേക്ക് മാർച്ച് നടത്തി. അതേസമയം മാൻഹട്ടൻ പാർക്കിൽ ഒത്തുകൂടിയവർ ഇത് ഞങ്ങളുടെ പ്രസിഡന്റ് അല്ലെ' എന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഫിലാഡാൽഫിയ, ബോസ്റ്റൺ, സീയാറ്റിൽ, പോർട്ട്‌ലാന്റ്, ഓറിഗോൺ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നൂറോളം പേർ തടിച്ചുകൂടി. ട്രംപുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതിഷേധങ്ങൾക്ക് എതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ന്യൂയോർക്കിലെ ഫിഫ്ത് അവന്യൂവിൽ സ്ഥിതിചെയ്യുന്ന ട്രംപിന്റെ താമസസ്ഥലമായ ട്രംപ് ടവറിന്റെ മുന്നിൽ 'ഡംപ് ട്രംപ്' എന്ന പ്ലക്കാർഡുകളേന്തിയാണ് പ്രതിഷേധക്കാർ അണിനിരന്നത്. അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. ട്രംപിന്റെ വംശീയവും കുടിയേറ്റക്കാർക്കും സ്ത്രീകൾക്കും എതിരായ പരാമർശങ്ങളെയും ചൂണ്ടിക്കാണിച്ചാണ് വൈറ്റ് ഹൗസിനുമുന്നിൽ പ്രതിഷേധം നടന്നത്. 'ഞങ്ങൾക്കും ശബ്ദമുണ്ട്', 'എല്ലാവർക്കും വിദ്യാഭ്യാസം' എന്നീ മുദ്രവാക്യങ്ങളുയർത്തി നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.

ശരിയായ കാരണത്തിന് ആളുകൾ ഭയപ്പെടുന്നു എന്നാണ് പ്രതിഷേധ പരിപാടിയുടെ സംഘാടകരിൽ ഒരാളായ മൂവ് ഓൺ ഓർഗ് സംഘടനയിലെ ബെൻ വിക്ലെർ പറഞ്ഞത്. കാലിഫോർണിയയിൽ 7000ത്തോളംപേർ പ്രതിഷേധവുമായി തെരുവിലിറങ്ങി. പൊലീസുമായുള്ള സംഘർഷത്തിൽ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. രണ്ടു പൊലീസ് വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീവച്ചതായും പൊലീസ് വക്താവ് അറിയിച്ചു. നിരവധി വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്‌കരിച്ചും കാമ്പസുകളിൽ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചുമാണ് ട്രംപിന്റെ വിജയത്തിൽ പ്രതികരിച്ചത്.