മലപ്പുറം: സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിട്ടും കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരെ പരിഹസിച്ച് വ്യത്യസ്തമായ പ്രതിഷേധവുമായി മലപ്പുറം പാണ്ടിക്കാട്ടെ നാട്ടുകാർ. കുഴികൾ നിറഞ്ഞ് കുളമായ റോഡ് 'സ്വിമ്മിങ് പൂൾ' ആക്കിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഈ സമയം അവിചാരിതമായി സ്ഥലം എംഎൽഎ യു എ ലത്തീഫും സ്ഥലത്ത് എത്തി. പ്രതിഷേധക്കാർ റോഡിന്റെ അവസ്ഥയെ കുറിച്ച് പരാതി പറയുമ്പോൾ വാഴ നടണമെന്ന ഉപദേശമാണ് മഞ്ചേരിയിലെ ലീഗ് എംഎൽഎ നൽകിയത്.

വെള്ളം മുങ്ങിക്കിടക്കുന്ന കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമില്ലെന്ന് കണ്ടതോടെയാണ് വ്യത്യസ്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത് വന്നത്. റോഡിലെ കുഴിയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിച്ചും തുണി കഴുകിയുമായിരുന്നു ഒരു യുവാവിന്റെ പ്രതിഷേധം. മലപ്പുറം പാണ്ടിക്കാട് റോഡിലാണ് സംഭവം.

ചെളിവെള്ളം നിറഞ്ഞ കുഴിക്കു മുന്നിൽ ഒരു യുവാവ് തപസ്സു ചെയ്തു. എംഎൽഎയുടെ വാഹനത്തിനു മുന്നിലായിരുന്നു പ്രതിഷേധം. കാറിൽ നിന്നിറങ്ങിയ എംഎൽഎ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. റോഡിൽ വാഴ നട്ടു പ്രതിഷേധിക്കണമെന്ന് എംഎൽഎ പറഞ്ഞു. മഞ്ചേരി പാണ്ടിക്കാട് റോഡിലെ കിഴക്കേത്തലയിലായിരുന്നു സംഭവം.

എംഎൽഎ ഒന്ന് ഉഷാറാകാണം എന്നായിരുന്നു പ്രതിഷേധക്കാരുടെ മറുപടി. മലപ്പുറം മഞ്ചേരി ഒലിപ്പുഴ റോഡിൽ കിഴക്കെ പാണ്ടിക്കാട് ഭാഗത്താണ് പ്രതിഷേധം നടന്നത്. റോഡിലെ ശോച്യാവസ്ഥ സംബന്ധിച്ച് മന്ത്രിക്കും ജില്ലാ വികസന സമിതിക്കും പരാതി നൽകിയിരുന്നു എന്നാണ് എംഎൽഎ പറയുന്നത്.

ഹംസ എന്ന യുവാവാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കേരളത്തിലെ മുഴുവൻ റോഡുകളുടെയും അവസ്ഥ ഇതാണെന്ന് യുവാവ് പറയുന്നു. പാണ്ടിക്കാട് നിന്നും പാലക്കാട് പോകുന്ന റോഡുകളിൽ എവിടെ നോക്കിയാലും കുഴിയാണ്. മൂന്ന് മാസം മുൻപ് വഴികളെല്ലാം റീ-ടാറിങ് നടത്തിയാണ്. എന്നാൽ വീണ്ടും കുഴികൾ രൂപപ്പെട്ടു.

ഇത് എങ്ങനെ വ്യത്യസ്തമായി ജനശ്രദ്ധയിൽ പെടുത്താമെന്ന് ചിന്തിച്ചപ്പോഴാണ് ഇറങ്ങി കുളിക്കാം എന്ന ആശയം തോന്നിയത്. അങ്ങനെ റോഡിലെ കുഴിയിലുള്ള വെള്ളത്തിൽ കുളിക്കുമ്പോഴാണ് സ്ഥലം എംഎൽഎ യുഎ ലത്തീഫ് ഇതുവഴി കടന്നുപോയത് എന്നും യുവാവ് പറയുന്നു.

കുളിക്കാനും തുണി അലക്കാനുമുള്ള വെള്ളം കുഴിയിലുണ്ട്. ഇവിടെ അപകടങ്ങളും മരണങ്ങളും നിരവധിയാണ്. ഇതൊന്നും അധികാരികൾ പോലും ശ്രദ്ധിക്കാത്തതുകൊണ്ട് പ്രതിഷേധം നടത്തിയത് എന്നും യുവാവ് പറഞ്ഞു. കേരളത്തിലെ റോഡുകൾ കുളമായി കിടക്കുകയാണെന്നും ഹംസ കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച സംസ്ഥാനത്തെങ്ങും റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടിരുന്നു. മറ്റൊരിടത്ത് കുഴിയിൽ വീണ് സ്‌കൂട്ടർ രണ്ടായി പിളർന്ന സംഭവവും ഉണ്ടായി. ഇതിൽ നടപടികളൊന്നും സ്വീകരിക്കാത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം. പഞ്ചായത്ത് തലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അതേസമയം, റോഡിലെ കുഴികൾ സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷവും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികൾ ഉണ്ടാകരുത് എന്നാണ് അഭിപ്രായമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കേരളം ഉണ്ടായ അന്ന് മുതൽ റോഡുകളിൽ കുഴിയുണ്ടെന്നും പറഞ്ഞു കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഡിഎൽപി ബോർഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളിൽ നില മെച്ചപ്പെട്ടു എന്നും മന്ത്രി പറഞ്ഞു. എന്നാൽ, റോഡിലെ കുഴി കണ്ടാലറിയാം സർക്കാരിന്റെ പ്രവർത്തനമെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചത്. റോഡിലെ കുഴിയടക്കാൻ പണമില്ല. ഇങ്ങനെ പോയാൽ അടിയന്തര പ്രക്ഷോഭം നടത്തേണ്ടി വരും. പ്രവർത്തനത്തിന്റെ കാര്യത്തിൽ സർക്കാർ പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ഹോട്ടൽ തൊഴിലാളിയായ ഹാഷിം മരണപ്പെട്ട വിഷയത്തിൽ ഹൈക്കോടതി ഉൾപ്പെടെ ഇടപ്പെട്ടിരുന്നു.

ദേശീയപാതകളിലെ കുഴികൾ അടയ്ക്കാൻ ദേശീയ പാത അഥോറിറ്റി ഓഫ് ഇന്ത്യയുടെ കേരള റീജിയണൽ ഓഫീസർക്കും പാലക്കാട്ടെ പ്രോജക്ട് ഡയറക്ടർക്കും കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകുകയായിരുന്നു. ഹാഷിമിന്റെ മരണത്തിൽ നാഷണൽ ഹൈവേ അതോരിറ്റിയെ കുറ്റപ്പെടുത്തിയ, മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. നിരത്തിലെ കുഴികളിൽ സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുപിടിക്കാനാണ് മുഹമ്മദ് റിയാസിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ദേശീയ കുഴിയായാലും സംസ്ഥാന കുഴിയാണെങ്കിലും മരിക്കുന്നത് മനുഷ്യർ തന്നെയാണ്. പൊതുമരാമത്ത് വകുപ്പിൽ എൻഎച്ച് വിഭാഗം ചീഫ് എൻജിനീയറും ഉദ്യോഗസ്ഥരുമുണ്ട്. റോഡ് വിഷയത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. നിറയെ കുഴികളുള്ള റോഡിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി സ്വന്തം കെടുകാര്യസ്ഥത മറച്ചുവയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.