ചെന്നൈ: കണിയമൂർ ശക്തി മെട്രിക്യുലേഷൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത. ആത്മഹത്യാ കുറിപ്പെഴുതിയാണ് പെൺകുട്ടിയുടെ ആത്മഹത്യയെന്ന് പറയുമ്പോഴും നിരവധി ചോദ്യങ്ങൾ സജീവമാണ്. ബോർഡിങ് സ്‌കൂളാണ് ഇത്. അതുകൊണ്ട് തന്നെ വിദ്യാർത്ഥിനികൾ നിന്ന് പഠിക്കുന്ന സ്‌കൂൾ. ചിന്നസേലത്തിന് അടുത്ത ഈ സ്‌കൂൾ പേരു കേട്ടതുമാണ്. സർക്കാരിലും പൊലീസിലും സ്വാധീനമുള്ള സ്‌കൂൾ. ഇതിനൊപ്പം മുമ്പും രണ്ടു കുട്ടികൾ ഇവിടെ ആത്മഹത്യ ചെയ്തുവെന്ന വസ്തുതയാണ് ഇപ്പോഴത്തെ മരണത്തെ ദുരൂഹമാക്കുന്നത്. സ്‌കൂൾ അധികാരികൾ കള്ളം പറയുന്നുവെന്നാണ് മരിച്ച പെൺകുട്ടികളുടെ ബന്ധുക്കളുടെ ആരോപണം.

12ന് രാത്രി പെൺകുട്ടി സ്‌കൂളിലെ കെട്ടിടത്തിൽ നിന്ന് ചാടിയെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. രാവിലെയാണ് എന്നാൽ പെൺകുട്ടിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടതെന്നും പറയുന്നു. ഹോസ്റ്റലിലെ മുകൾ നിലയിൽ നിന്ന് പെൺകുട്ടി ചാടിയിട്ടും ആരും അറിഞ്ഞില്ല. ഇതിനൊപ്പം സമാന രീതിയിൽ രണ്ടു പെൺകുട്ടികൾ മുമ്പും മരിച്ചിട്ടുണ്ട്. ആ അന്വേഷണം എങ്ങും എത്തിയില്ല. ഇപ്പോൾ മരിച്ച പെൺകുട്ടിയുടെ ശരീരത്തിലാകെ അസ്വാഭാവികമായ മുറിവുകളുണ്ട്. ഈ മുറിവുകൾ വിരൽ ചൂണ്ടുന്നത് പീഡനത്തിലേക്കാണെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞതാകാമെന്നാണ് ആക്ഷേപം. എന്നാൽ സ്‌കൂൾ ഇതെല്ലാം നിഷേധിക്കുന്നു.

എല്ലാത്തിനും സിസിടിവി തെളിവുണ്ടെന്ന് അവർ പറയുന്നു. എന്നാൽ ഒന്നും പുറത്തു വിട്ടിട്ടില്ല. പെൺകുട്ടിയുടെ അപകടം അറിഞ്ഞെത്തിയ ബന്ധുക്കൾ അന്നുമുതൽ തന്നെ പ്രതിഷേധത്തിലാണ്. സ്‌കൂളിന് പുറത്തായിരുന്നു പ്രതിഷേധം. ഇതിനിടെയാണ് ആക്ഷേപങ്ങൾ തള്ളി വിശദീകരണവുമായി സ്‌കൂൾ മാനേജ്മെന്റ് രംഗത്ത് എത്തിയത്. ഇതോടെ പ്രതിഷേധം അക്രമാസക്തമായി. സ്‌കൂൾ കുട്ടികളും മരിച്ച പെൺകുട്ടിക്ക് നീതി തേടി സമരത്തിന് എത്തി. ഇതോടെ പൊലീസിന് സ്ഥിതി നിയന്ത്രിക്കാൻ കഴിയാതെ വന്നു. ബസ് കത്തിക്കലും മറ്റ് അക്രമങ്ങളും നേരിടാൻ ആകാശത്തേക്ക് വെടിയും വച്ചു. ഇതോടെ ദേശീയ ശ്രദ്ധയിലേക്ക് പെൺകുട്ടിയുടെ മരണവും എത്തി.

പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ കല്ലാക്കുറിച്ചിയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധക്കാരായ വിദ്യാർത്ഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് വാഹനവും സ്‌കൂളിലെ ചില വാഹനങ്ങളും സമരക്കാർ അഗ്നിക്കിരയാക്കി. സ്‌കൂളിലെ നിരവധി ബസുകൾ അടിച്ചുതകർത്തു. ചില ബസുകൾ ട്രാക്ടർ ഉപയോഗിച്ചാണ് തകർത്തത്. ബസുകൾ മറിച്ചിടുകയും ചെയ്തു. സമരക്കാരെ പിരിച്ചുവിടാനായി പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതിഷേധക്കാരിൽ വിദ്യാർത്ഥികൾ മാത്രമല്ല മറ്റു നാട്ടുകാരും ഉൾപ്പെടുന്നതായും വിവരങ്ങളുണ്ട്.

കല്ലാക്കുറിച്ചി ചിന്നസേലത്തെ ശക്തി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയെ ബുധനാഴ്ച രാവിലെയാണ് ഹോസ്റ്റൽ വളപ്പിൽ വീണ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി വിദ്യാർത്ഥിനി ജീവനൊടുക്കിയെന്നാണ് പൊലീസ് നൽകുന്ന വിവരം. വിദ്യാർത്ഥിനിയുടെ ബാഗിൽനിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു.സ്‌കൂളിലെ രണ്ട് അദ്ധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും മറ്റുകുട്ടികളുടെ മുന്നിൽവെച്ച് അവഹേളിച്ചെന്നുമാണ് വിദ്യാർത്ഥിനിയുടെ കുറിപ്പിലുണ്ടായിരുന്നത്. സുഹൃത്തുക്കളുടെ മുന്നിൽവെച്ച് നേരിട്ട അവഹേളനം ഏറെ വിഷമിപ്പിച്ചു. മാതാപിതാക്കളും സുഹൃത്തുക്കളും ക്ഷമിക്കണം. സ്‌കൂൾ മാനേജ്‌മെന്റ് നേരത്തെ വാങ്ങിയ തന്റെ ട്യൂഷൻ ഫീസ് മാതാപിതാക്കൾക്ക് തിരികെ നൽകണമെന്നും കുറിപ്പിലുണ്ടായിരുന്നു.

എന്നാൽ ബന്ധുക്കൾ ഈ അത്മഹത്യാ കുറിപ്പ് മുഖവിലയ്ക്ക് എടുക്കുന്നില്ല. കഴിഞ്ഞദിവസം വിദ്യാർത്ഥിനിയുടെ നാട്ടിൽനിന്നെത്തിയവരും ബന്ധുക്കളും കല്ലാക്കുറിച്ചിയിൽ പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആരോപണവിധേയരായ അദ്ധ്യാപകർക്കെതിരേ നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം. കഴിഞ്ഞദിവസങ്ങളിൽ നൂറുകണക്കിന് നാട്ടുകാരാണ് പ്രതിഷേധത്തിന്റെ ഭാഗമായി കല്ലാക്കുറിച്ചിയിൽ റോഡ് ഉപരോധിച്ചത്. സംഭവത്തിൽ നടപടി സ്വീകരിക്കാതെ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

സ്‌കൂളിലേക്ക് വന്ന അദ്ധ്യാപകരെ തടയാനും ശ്രമമുണ്ടായി. ഇതേത്തുടർന്ന് സ്‌കൂളിന് പുറത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ സംഘർഷം ഉടലെടുത്തത്.