- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നാൽ എന്ത് ചെയ്യും; സാധാരണക്കാരെ കൊന്നിട്ട് വേണോ വികസനം; എന്തെങ്കിലും സംഭവിച്ചാൽ മുഖ്യമന്ത്രി സമാധാനം പറയേണ്ടി വരും'; സിൽവർലൈൻ കല്ലിടലിനെതിരെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴപ്പിലങ്ങാട് പ്രതിഷേധം കടുക്കുന്നു
കണ്ണൂർ: കെ റെയിൽ സർവെ കല്ലിടലുമായി ബന്ധപ്പെട്ട് ധർമ്മടം മുഴപ്പിലങ്ങാടിൽ ഇന്നും പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലാണ് കല്ലിടലിനിടെ പ്രതിഷേധമുണ്ടായത്. കല്ലിടാൻ വേണ്ടി രാവിലെ ഉദ്യോഗസ്ഥർ എത്തിയപ്പോൾ തന്നെ നാട്ടുകാരും വീട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രതിഷേധിക്കുന്ന നാട്ടുകാരെ അറസ്റ്റുചെയ്തു നീക്കാൻ പൊലീസ് ശ്രമിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തു. നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുകയാണ്. അതേസമയം പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥർ രണ്ടു വീടുകളിൽ സിൽവർലൈൻ കല്ലുകൾ സ്ഥാപിച്ചു.
കണ്ണൂർ ധർമടത്തും കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധമുയർന്നു. കല്ലിടാൻ അനുവദിക്കില്ലെന്നാണു പ്രതിഷേധക്കാരുടെ നിലപാട്. കെ-റെയിൽ എൻജിനീയർ അരുണിനുനേരെ കയ്യേറ്റമുണ്ടായി. സ്ത്രീകളാണ് പ്രതിഷേധ രംഗത്തുണ്ടായിരുന്നത്.
'വീടിന്റെ പേരിൽ നിരവധി കടബാധ്യകളുണ്ട്. ആ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നാൽ എന്ത് ചെയ്യും' എന്നാണ് ഒരു വീട്ടമ്മ ചോദിച്ചത്.
'സാധാരണക്കാരെ കൊന്നിട്ട് വേണോ വികസനം, ഇതിലും ഭേദം മോദി ഭരണം. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി സമാധാനം പറയേണ്ടി വരും. മുഖ്യമന്ത്രിയുടെ വീടിന് മുമ്പിൽ സത്യാഗ്രഹമിരിക്കും.' വീട്ടുടമസ്ഥകളായ സ്ത്രീകൾ പറയുന്നു. ഒരുപാട് ലക്ഷങ്ങളുടെ കടമുണ്ട് വീടിന്. ഇതൊക്കെ പോകുന്നു എന്നാണ് പറയുന്നത്.
നേരത്തെ തന്നെ വലിയ രീതിയിൽ ഇവിടെ പ്രതിഷേധം നടന്നിരുന്നു. നേരത്തെയും ഇവിടെ കല്ലിട്ടിരുന്നു. എന്നാൽ ഇത് പിഴുതെറിയുകയായിരുന്നു. ഈ സ്ഥലത്താണ് ഇപ്പോൾ വീണ്ടും കല്ലിട്ടത്. കല്ല് സ്ത്രീകൾ തന്നെ രംഗത്തെത്തി പിഴുതു മാറ്റുകയും ചെയ്തു. പൊലീസ് സന്നാഹം ഉണ്ടെങ്കിലും സ്ത്രീകൾ രംഗത്തുണ്ട് എന്നതുകൊണ്ട് തന്നെ ചെറുത്ത് നിൽക്കേണ്ടതില്ല എന്നാണ് പൊലീസ് നിലപാട്.
പൊലീസും പ്രതിഷേധക്കാരും തമ്മിൽ പ്രശ്‌നം ഉണ്ടായപ്പോൾ ഫാത്തിമ എന്ന വീട്ടമ്മയ്ക്ക് ആരോഗ്യപ്രശ്‌നം ഉണ്ടാവുകയും വീട്ടിലേക്ക് മാറ്റുകയും ചെയ്തു. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.
മുഴപ്പിലങ്ങാട് കുളം മുതൽ റെയിൽവേ ഓവർ ബ്രിഡ്ജുവരെയാണ് ഇന്നലെ പ്രതിഷേധം നടന്നിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ പൊലിസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. തങ്ങളുടെ വീടിന്റെ പരിസരത്ത് കല്ലിടുന്നതിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പുരുഷന്മാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ പൊലീസ് വാഹനം തടഞ്ഞു. പൊലീസ് സുരക്ഷയിൽ സ്ഥാപിച്ച സർവ്വെ കല്ലുകൾ നാട്ടുകാർ അവരുടെ മുൻപിൽ നിന്നു തന്നെ പിഴുതുമാറ്റി ദൂരെയെറിഞ്ഞു.
കല്ലിടൽ ധർമ്മടം നിയോജക മണ്ഡലത്തിലെ മുഴപ്പിലങ്ങാട് മഠത്തിന് സമീപമെത്തിയപ്പോഴാണ് പ്രതിഷേധം ശക്തമായത്. ഇവിടെ, സർവ്വെ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ തന്നെ പ്രതിഷേധവുമായി നാട്ടുകാരും, രംഗത്ത് എത്തിയിരുന്നു. വീടിന്റെ പരിസരത്ത് കെ. റെയിൽ സർവ്വെ കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് വീടുകളിലെ സ്ത്രീകൾ ഉൾപ്പടെ രംഗത്ത് എത്തിയത്. റമദാൻ വ്രതത്തിനിടെ വീട്ടുമുറ്റങ്ങളിലും പരിസരങ്ങളിലും കല്ലിടുന്നതിന് ഉദ്യോഗസ്ഥർ വൻ പൊലീസ് സന്നാഹവുമായെത്തിയത് പ്രതിഷേധത്തിന് കാരണമായി.
ജനകീയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ മാധ്യമ പ്രവർത്തകർ ചിത്രീകരിക്കുന്നത് തടയാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായി. സർവ്വെ കല്ല് സ്ഥാപിക്കുന്നത് തടഞ്ഞാൽ കസ്റ്റഡിയിൽ എടുക്കുമെന്ന പ്രഖ്യാപനവുമായി പൊലീസ് രംഗത്ത് എത്തിയതോടെ വീടുകളിൽ നിന്ന് സ്ത്രീകൾ കൂട്ടമായി ഇറങ്ങി വന്ന് സർവ്വേ തടയുകയായിരുന്നു. വീടുകളിൽ നിന്നും കസ്റ്റഡിയിലെടുത്ത പുരുഷന്മാരെ പിന്നീട് പൊലിസ് വിട്ടയച്ചുവെങ്കിലും സമരസമിതി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തുകൊണ്ടുപോയി.
കനത്ത പ്രതിഷേധത്തിന് ഇടയിലും വൻ സുരക്ഷയിൽ സർവ്വെ കല്ല് സ്ഥാപിക്കൽ വൈകുന്നേരം വരെ തുടരുകയായിരുന്നു. തങ്ങളുടെ വീടും പരിസരവും കെ. റെയിലിനായി ഏറ്റെടുത്താൽ കുടുംബം അടക്കം ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ചില വീട്ടുകാർ സർവ്വെയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. എന്നാൽ ഇക്കാര്യം ചെവി കൊള്ളാതെയാണ് ഇവർ കുറ്റി സ്ഥാപിക്കൽനടപടി തുടർന്നത്.
മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലത്തിൽ കാര്യമായ എതിർപ്പ് ഇല്ലാതെ സർവ്വെ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും പരമാവധി ശ്രമിച്ചെങ്കിലും പ്രതിഷേധം അലയടിക്കുകയായിരുന്നു. സർവ്വെ കല്ല് സ്ഥാപിച്ച് ഉദ്യോഗസ്ഥർ മടങ്ങിയതിന് ശേഷം ആളുകൾ വീടുകളിൽ നിന്ന് കൂട്ടമായെത്തി സർവ്വെ കല്ലുകൾ പിഴുതുമാറ്റി. വരും ദിവസങ്ങളിലും കെ റെയിൽ സർവ്വെക്കെതിരെ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ