സന്നിധാനം: ശബരിമലയിൽ നാമജപം നടത്തിയവർക്കെതിരെ വീണ്ടും അറസ്റ്റ് നടപടി. ഹരിവരാസനം പാടി നടയടച്ചതിന് ശേഷവും ശരണം വിളിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ഏകദേശം അൻപതോളം പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ പമ്പയിലേക്ക് കൊണ്ട് പോകുന്നു. തുടർ നടപടികൾ അവിടെ എത്തിച്ചതിന് ശേഷം തീരുമാനിക്കും. നിരോധനാജ്ഞ നിലനിൽക്കുന്നിടത്ത് ശരണം വിളിക്കുന്നതിനെ തടയരുത് എന്ന് പൊലീസിന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നുവെങ്കിലും പ്രതിഷേധങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അറസ്റ്റ് ചെയ്യുവാനും മറ്റ് നടപടികളിലേക്ക് കടക്കാനും കോടതി അനുവാദം നൽകിയിരുന്നു.അതേ സമയം ശരണം വിളിക്കുക മാത്രമാണ് ചെയ്തതെന്ന് ഭക്തർ അഭിപ്രായപ്പെടുന്നു. ഇപ്പോൾ അറസ്റ്റ് ചെയ്തവരിൽ കൊച്ചുകുട്ടികളും ഉൾപ്പെടുന്നുവെന്നാണ് ഭക്തരുടെ ആരോപണം


ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരേ ശനിയാഴ്ച രാത്രി പത്തുമണിക്കുശേഷം സന്നിധാനത്ത് നാമജപം നടത്തിയ എൻപതോളം പേരെ അറസ്റ്റ് ചെയ്ത് നീക്കി. വിലക്ക് ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് നടപടിയെന്ന് പൊലീസ് അറയിച്ചു. വാവര് നടയുടെ സമീപത്തായാണ് രണ്ടുസംഘമായി നാമജപം നടത്തിയത്. ഇത് നിരോധനാജ്ഞാ ലംഘനമാണെന്ന നിയമപ്രകാരമുള്ള അറിയിപ്പ് പൊലീസ് ലൗഡ് സ്പീക്കർ വഴി പ്രതിഷേധക്കാരെ അറിയിച്ചു. ആദ്യമായാണ് പൊലീസ് ഇത്തരമൊരു അറിയിപ്പ് നൽകുന്നത്. സ്ഥലത്ത് എക്സിക്യുട്ടീവ് മജിസ്ട്രേറ്റും ഉണ്ടായിരുന്നു.

നട അടയ്ക്കുന്നതിന് തൊട്ടുമുമ്പാണ് നാമജപം അവസാനിച്ചത്. ഇതുകഴിഞ്ഞ ഉടൻ നിയമപ്രകാരം അവരെ അറസ്റ്റുചെയ്യുമെന്ന് ഡിവൈ.എസ്‌പി. അറിയിക്കുകയായിരുന്നു. സന്നിധാനത്ത് പതിനെട്ടാം പടിക്ക് അടുത്താണ് പത്തര മണിയോടെ നാമജപ പ്രതിഷേധം ആരംഭിച്ചത്. നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലത്താണ് നാമഡജപം നടക്കുന്നത് എന്ന കണ്ട പൊലീസ് ഇവരോട് ഇവിടെ നിന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും നാമജപ പ്രതിഷേധക്കാർ ഇവിടെ നിന്നും മാറാൻ തയ്യാറായില്ല. ഹരിവരാസനം പാടി നട അടച്ചാൽ ഉടനെ മാറണം എന്ന നിർദ്ദേശം പൊലീസ് നൽകിയെങ്കിലും ഇവർ അനുസരിക്കാൻ തയ്യാറായില്ല.

പമ്പയിൽ എത്തിച്ച ശേഷം ഇവരെ കഴിഞ്ഞ ഞായറാഴ്ച സന്നിധാനത്ത് പ്രതിഷേധം നടത്തിയവരെ കൊണ്ട് പോയതിന് സമാനമായി കസ്റ്റഡിയിൽ എടുക്കുകയും നിരോധനാജ്ഞ ലംഘിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പടെ ചുമത്തി കേസെടുക്കുമെന്നുമാണ് വിവരം. നാമജപം നടത്തുന്നതിന് വിലക്കുണ്ടായിരുന്നില്ലെങ്കിലും നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലത്ത് ഇത് തുടരാൻ അനുവദിക്കില്ലെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് നർദ്ദേശം നൽകിയെങ്കിലും അനുസരിക്കാൻ പ്രതിഷേധക്കാർ തയ്യാറായില്ല.

കഴിഞ്ഞ ദിവസങ്ങളിലും സന്നിധാനത്ത് നാമജപ യജ്ഞങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലത്തായിരുന്നില്ല എന്നതുകൊണ്ട് തന്നെ ഒരു രീതിയിലുള്ള അനിഷ്ട സംഭവങ്ങളിലേക്കോ അറസ്റ്റിലേക്കോ പോകേണ്ട സാഹചര്യവും ഇല്ലായിരുന്നു.പമ്പയിൽ അതേസമയം കാര്യമായ പ്രതിഷേധങ്ങളോ ആൾക്കൂട്ടമോ ഒന്നും തന്നെ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ബാരിക്കേഡ് തീർത്തിരുന്ന സ്ഥലത്ത് അതായത് നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലത്ത് ഒത്തുചേരുകയായിരുന്നു.

തിരുവനന്തപുരത്ത് നിന്നും സന്നിധാനത്ത് എത്തിയ ഒരു വിഭാഗം പ്രതിഷേധക്കാരാണ് സന്നിധാനത്ത് എത്തി പ്രതിഷേധം നടത്തിയത്. ഇവരോടൊപ്പം കൊല്ലത്ത് നിന്നുള്ള ഒരു സംഘവും ഉണ്ടായിരുന്നു. മുന്നറിയിപ്പ് അവഗമിച്ചും പിന്നീട് പൊലീസ് നിർദ്ദേശം അനുസരിക്കാതെയും പ്രതിഷേധം തുടരുകയായിരുന്നു.പമ്പയിലേക്കോ എ.ആർ ക്യാമ്പിലേക്കോ കൊണ്ട് പോയ ശേഷം ഇവരുടെ വിശദാംശങ്ങൾ തിരക്കി അത് രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുക. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും എന്നാണ് വിവരം.