- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗ്‌നിപഥിനെതിരെ കേരളത്തിലും തമിഴ്നാട്ടിലും പ്രതിഷേധം; തിരുവനന്തപുരത്തും കോഴിക്കോട്ടും ഉദ്യോഗാർത്ഥികളുടെ മാർച്ച്; പ്രതിഷേധത്തിൽ പങ്കെടുത്തത് സൈന്യത്തിൽ ചേരുന്നതിനായുള്ള മെഡിക്കൽ ടെസ്റ്റും കായികക്ഷമത പരിശോധനയും നടത്തിയവർ
തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനികസേവനപദ്ധതിയായ അഗ്‌നിപഥിനെതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധം ഇരുമ്പുകയാണ്. ഇതിനിടെയാണ് പ്രക്ഷോഭം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുന്നത്. കേരളത്തിലും പദ്ധതിക്കെതിരെ പ്രതിഷേധം ഉയർന്നു. തിരുവനന്തപുരത്ത് മുന്നൂറിലേറെ ഉദ്യോഗാർത്ഥികളാണ് കേന്ദ്രസർക്കാർ പദ്ധതിക്കെതിരെ പ്രതിഷേധവുമായി തടിച്ചുകൂടിയത്. തമ്പാനൂരിൽ നിന്ന് രാജ്ഭവനിലേക്ക് ഇവർ മാർച്ച് നടത്തി.
വീ വാണ്ട് ജസ്റ്റിസ് തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായാണ് ഉദ്യോഗാർത്ഥികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്. സൈന്യത്തിൽ ചേരുന്നതിനായുള്ള മെഡിക്കൽ ടെസ്റ്റ്, കായികക്ഷമത പരിശോധന അടക്കം നടത്തിയവരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. കൊറോണ വ്യാപനത്തെത്തുടർന്ന് എഴുത്തുപരീക്ഷ നടത്താനാകാതിരുന്നതോടെ ഇവരുടെ റിക്രൂട്ട്മെന്റ് നീണ്ടുപോകുകയായിരുന്നു.
കോഴിക്കോട് പ്രതിഷേധത്തിൽ അഞ്ഞൂറിലേറെ പേരാണ് പങ്കെടുത്തത്. കാസർകോട് മുതൽ തൃശൂരിൽ നിന്നുവരെയുള്ള ഉദ്യോഗാർത്ഥികളാണ് കോഴിക്കോട് തടിച്ചുകൂടിയത്. മെഡിക്കൽ, കായിക്ഷമത പരീക്ഷകൾ പാസായ ഉദ്യോഗാർത്ഥികളാണ് സമരരംഗത്തുള്ളത്. എഴുത്തുപരീക്ഷ എത്രയും വേഗം നടത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ചെന്നൈയിൽ രാജ്ഭവനിലേക്ക് നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായെത്തിയത്. ചെന്നൈ യുദ്ധസ്മാരകത്തിന് മുന്നിലും നിരവധി ഉദ്യോഗാർത്ഥികൾ തടിച്ചുകൂടി. ചെന്നൈയിൽ സമാധാനപരമായാണ് സമരം നടക്കുന്നത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ