ആലപ്പുഴ: ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ, ജാഗ്രത തുടരുന്ന ആലപ്പുഴയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പോപ്പുലർ ഫ്രണ്ടിന്റെ മുദ്രാവാക്യം. റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തോടും മാർച്ചിനോടും അനുബന്ധിച്ച് ജില്ലയിൽ ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കല്ലുപാലത്ത് നിന്ന് ബീച്ചിലേക്കാണ്് പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചും ബഹുജന റാലിയും നടന്നത്. റാലിക്കിടെയാണ് ഒരു പ്രവർത്തകന്റെ തോളത്തിരുന്ന കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇത് മറ്റു പ്രവർത്തകർ ഏറ്റുവിളിക്കുകയും ചെയ്തു. ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളെ ലാക്കാക്കിയാണ് പ്രകോപനപരമായ മുദ്രാവാക്യമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കൊച്ചുകുട്ടിയെ കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

മുദ്രാവാക്യം ഇങ്ങനെ:

അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളോ...ഒന്നുകൂടെ മറന്നടാ..ഒന്നുകൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്ത് വച്ചോളോ...വരുന്നുണ്ട്..വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ..മര്യാദയ്ക്ക് ജീവിച്ചാൽ, നമ്മുടെ നാട്ടിൽ ജീവിക്കാം...മര്യാദയ്ക്ക്...മര്യാദയ്ക്ക്..മര്യാദയ്ക്ക് ജീവിച്ചോ..മദ്യാദയ്ക്ക് ജീവിച്ചില്ലേൽ, നമുക്കറിയാം ആസാദി...മര്യാദയ്ക്ക്..മര്യാദയ്ക്ക്..മര്യാദയ്ക്ക് ജീവിച്ചോ

പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി ആയിരുന്നു ഇവരുടെ പ്രകടനം. സമീപ ജില്ലകളിൽ നിന്നും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെക്ക് നിയോഗിച്ചിരുന്നു. പ്രകടനം കടന്നുപോയ ഭാഗത്തുള്ള കടകമ്പോളങ്ങൾ എല്ലാം പൂർണമായും പൊലീസ് അടപ്പിച്ചിരുന്നു. ഈ പ്രദേശത്തുള്ള മറ്റ് വാഹനഗതാഗതം പൂർണമായി നിരോധിക്കുകയും ചെയ്തിരുന്നു. വിശ്വ ഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജറംഗ ദള്ളിന്റെ ഇരുചക്ര വാഹന റാലിയും ഇതേ ദിവസം നടന്നിരുന്നു. ബജ്‌റംഗ്ദൾ റാലി രാവിലെയും, പോപ്പുലർ ഫ്രണ്ട് മഹാസംഗമം വൈകിട്ടുമായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ റാലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാസ പോലുള്ള സംഘടനകൾ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ജാഗ്രത തുടരുകയാണ്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും, ഇതിന് പിന്നാലെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനും കൊല്ലപ്പെട്ടിരുന്നു.