കോഴിക്കോട്: ശബരിമല സമരംം ബിജെപിയുടെ അജണ്ടയാണെന്ന വിവാദ പ്രസംഗത്തിന്റെ പേരിൽ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.അറസ്റ്റ് അടക്കമുള്ള നടപടികൾ ചൊവ്വാഴ്ച വരെ ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിലനിൽക്കാത്ത കേസാണ് തനിക്കെതിരെ ഉള്ളതെന്ന് ശ്രീധരൻപിള്ള ഹർജിയിൽ പറയുന്നു. കേസിന് ആസ്പദമായ കുറ്റമൊന്നും താൻ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കോഴിക്കോട്ട് യുവമോർച്ചാ സമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് ശ്രീധരൻ പിള്ളയ്ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സമാധാന അന്തരീക്ഷം തകർക്കുംവിധം പൊതുജനങ്ങളിൽ പ്രകോപനത്തിന് പ്രേരണ നൽകുന്ന തരത്തിൽ സംസാരിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 505 (1) (ബി) വകുപ്പ് പ്രകാരമാണ് കേസ്.

പി.എസ് ശ്രീധരൻപിള്ളയുടെ അറസ്റ്റ് ഉടൻ ഉണ്ടാവില്ലെന്നാണ് പൊലീസും നേരത്തെ നൽകിയ സൂചന. മജിസ്ട്രേറ്റിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ അറസ്റ്റുണ്ടാവുകയുള്ളൂ. ജനങ്ങളിൽ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുംവിധം ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്നതിനാണ് ഈ വകുപ്പുപ്രകാരം കേസെടുക്കുന്നത്. എന്നാൽ കേസിന്റെ സ്വഭാവമനുസരിച്ച് തുടരന്വേഷണത്തിൽ ഈ വകുപ്പ് ഇളവ് ചെയ്യാനോ ചെയ്യാതിരിക്കാനോ കഴിയും. അതു കൊണ്ടുതന്നെ ഉടൻ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

കോഴിക്കോട്ടെ മാധ്യമ പ്രവർത്തകൻ ഷൈബിൻ നന്മണ്ടയുടെ പരാതി പ്രകാരം വിവാദപ്രസംഗത്തിൽ കസബ പൊലീസായിരുന്നു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നത്. തുടർന്ന് കേസ് ടൗൺ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു .എൻഡിഎയുടെ നേതൃത്വത്തിൽ കാസർഗോഡ് മധൂരിൽനിന്ന് ശബരിമല സംരക്ഷണരഥയാത്ര നടക്കുന്നതിനിടെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് നടന്നാൽ അത് വലിയ പ്രതിഷേധത്തിലേക്ക് വഴിവച്ചേക്കും എന്ന സാധ്യതയും പൊലീസിനെ കുഴക്കുന്നുണ്ട്. മാത്രമല്ല രഥയാത്രയ്ക്കുനേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് എൻഡിഎ ഇന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധദിനമായി ആചരിക്കുകയാണ്

അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയ ശേഷം കോഴിക്കോട് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് ശ്രീധരൻപിള്ളയ്‌ക്കെതിരെ കേസെടുത്തത്. പൊതുപ്രവർത്തകരായ സാജൻ എസ് ബി നായർ ഡിവൈഎഫ്ഐ നേതാവ് എൽജി ലിജീഷ് എന്നിവരും വിവിധ സ്റ്റേഷനുകളിൽ സമാനമായ പരാതി നൽകിയിട്ടുണ്ട്.

ശബരിമലയിൽ 11 മുതൽ 17 വരെ നടന്ന പ്രക്ഷോഭ പരിപാടികൾ ബിജെപി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് എന്നാണ് ശ്രീധരൻ പിള്ള പ്രസംഗിച്ചത്. തന്ത്രി തന്നോട് ചോദിച്ച ശേഷമാണ് യുവതികൾ കയറിയാൽ നടയടക്കുമെന്ന് പറഞ്ഞത്. ശബരിമല നമ്മളെ സംബന്ധിച്ചിടത്തോളം സുവർണാവസരമാണ്. നമ്മൾ ഒരു അജൻഡ മുന്നോട്ടു വെച്ചു, അതിനു പിന്നിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞ് കളം കാലിയാക്കി... എന്നിങ്ങനെയായിരുന്നു വിവാദ പ്രസംഗം.

തന്ത്രിയെയും പ്രവർത്തകരെയും ശ്രീധരൻപിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചിരിക്കയാണെന്ന് പരാതിയിൽ പറയുന്നു. കോഴിക്കോട് മാവൂർ റോഡിലെ നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോട്ടലിൽ വച്ചായിരുന്നു വിവാദ പ്രസംഗം. ഇത് വലിയ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരുന്നു. വിശ്വാസികളോടൊപ്പം എന്ന ലേബലിലാണ് ബിജെപി ശബരിമല പ്രതിഷേധത്തെ പ്രചരിപ്പിച്ചിരുന്നതെങ്കിലും പ്രസംഗം പുറത്ത് വന്നതോടെ ബിജെപി ഇത് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഉപയോഗിക്കുകയാണ് എന്ന ആരോപണമാണ് പ്രധാനമായും ഉയർന്നുവന്നത്.

എന്നാൽ കേസെടുത്ത സാഹചര്യത്തിലും, പറഞ്ഞകാര്യത്തിൽ ഒരുതരത്തിലുമുള്ള വ്യത്യാസം വരുത്താനും താൻ തയ്യാറല്ലെന്നാണ് ശ്രീധരൻപിള്ള കാസർകോഡ് മധൂരിലെ എൻ.ഡി.എ യോഗത്തിൽ പറഞ്ഞത്. മാത്രമല്ല തനിക്കെതിരേയുള്ള കോടതിയലക്ഷ്യ കേസ് നിലനിൽക്കില്ലെന്നും കോഴിക്കോട് കോൺഗ്രസുകാരനും എറണാകുളത്ത് കമ്യൂണിസ്റ്റുകാരനും കേസ് കൊടുത്തിട്ടുണ്ടെന്നായിരുന്നു ശ്രീധരൻപിള്ളയുടെ പരാമർശം. സുപ്രീംകോടതി വിധിയെ കുറിച്ച് അമിത്ഷാ പറഞ്ഞ കാര്യം ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അതുകൊണ്ട് കേസിനെ ഭയമില്ലെന്നും ശ്രീധരൻപിള്ള വ്യക്തമാക്കിയിരുന്നു.