തിരുവനന്തപുരം: ചെലവ് ചുരുക്കലാണ് പിണറായി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. പ്രളയത്തിലകപ്പെട്ടവരെ സഹായിക്കാൻ ലോകബാങ്കിനെ വരെ എത്തിച്ച് വായ്പ എടുക്കാനാണ് സർക്കാരിന്റെ തീരുമാനം. ദുരിത ബാധിതരെ സഹായിക്കാനായി പണപ്പിരിവിനായി സർക്കാർ നെട്ടോട്ടമോടുമ്പോൾ തന്റെ ഇന്നോവ കാറിൽ ലക്ഷങ്ങൾ മുടക്കി സൺ ഫിലിമും സ്റ്റീരിയോ സിസ്റ്റവും അടക്കം ഘടിപ്പിച്ചു മോടി പിടിപ്പിക്കാൻ പതിനായിരങ്ങൾ ചെലവിട്ട് സാക്ഷരതാ മിഷൻ ഡയറക്ടറുടെ പത്രപ്പരസ്യം. സിപിഎമ്മുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് സാക്ഷരതാ മിഷൻ ഡയറക്ടർ.

ആറു വർഷം പഴക്കമുള്ള കാറിൽ ഘടിപ്പിക്കാനായി തീരുമാനിച്ചിട്ടുള്ള ഉപകരണങ്ങളുടെ പട്ടിക കേട്ടാൽ അമ്പരക്കും. ഈ ആഡംബരങ്ങളൊന്നുമില്ലാതെ കാർ സുഗമമായി സഞ്ചരിക്കുമെന്നിരിക്കെയാണു സാക്ഷരതാ മിഷൻ ഡയറക്ടർ പി.എസ്.ശ്രീകലയുടെ പേരിൽ പാർട്ടി പത്രത്തിൽ വലുപ്പമുള്ള പരസ്യം പബ്ലിക് റിലേഷൻ വകുപ്പ് ഇന്നലെ പ്രസിദ്ധീകരിച്ചത്. തികഞ്ഞ പാർട്ടി കുടുംബമാണ് ശ്രീകലയുടേത്. ഭർത്താവ് തിരുവനന്തപരും കോർപ്പറേഷൻ കൗൺസിലർ ബാബുവാണ്. മേയർ സ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെട്ട ആൾ. ഇങ്ങനൊരു കുടുംബത്തിൽ നിന്നുള്ള ശ്രീകല ഇത്തരത്തിൽ പെരുമാറിയത് സർക്കാരിനേയും ഞെട്ടിച്ചിട്ടുണ്ട്. ക്രിസ്റ്റോ കാർ വാങ്ങാനായിരുന്നു ശ്രീലേഖയ്ക്ക് താൽപ്പര്യം. അതു നടന്നില്ല. ഇതോടെയാണ് ഇന്നോവാ കാറിനെ ക്രിസ്‌റ്റോയ്ക്ക് തുല്യമാക്കാൻ തീരുമാനിച്ചത്.

4 അലോയ് വീൽ, ഫ്‌ളോറിങ് മാറ്റ്, 70% അതാര്യമായ സൺ ഫിലിം, ആന്റിഗ്ലെയർ ഫിലിം, വിഡിയോ പാർക്കിങ് സെൻസർ, റിവേഴ്‌സ് ക്യാമറ, ഫുട്ട് സ്റ്റെപ്, വിൻഡോ ഗാർണിഷ്, ഡോർ ഹാൻഡിൽ ക്രോം, ട്രാക്കർ, മാർബിൾ ബീഡ്‌സ് സീറ്റ്, ഡോർ ഗാർഡ്, റിയർ വ്യൂ മിറർ ക്രോം, ബംപർ റിഫ്‌ളെക്ടർ, വുഡ് ഫിനിഷ് സ്റ്റിക്കർ, മൊബൈൽ ചാർജർ, നാവിഗേഷൻ സൗകര്യമുള്ള ആർഡ്രോയ്ഡ് കാർ സ്റ്റീരിയോ, ഫോം ഉൾപ്പെടെ സീറ്റ് കവർ തുടങ്ങിയവയ്ക്കായി ടെൻഡർ ക്ഷണിച്ചാണു കാൽ പേജോളം വലുപ്പത്തിൽ പരസ്യം. സർക്കാർ അംഗീകൃത നിരക്ക് അനുസരിച്ച് പരസ്യത്തിനു തന്നെ 40,000 രൂപയോളം ചെലവു വരും. കാറുകളിൽ സൺ ഫിലിം ഒട്ടിക്കുന്നതിനെതിരെ ഹൈക്കോടതി വിധി നിലവിലുണ്ടെന്നിരിക്കെയാണു നാലു വാതിലുകളിലെ കണ്ണാടിയിലും ഫിലിം പതിപ്പിക്കാൻ ടെൻഡർ ക്ഷണിച്ചത്. ഇതും നിയമ വിരുദ്ധമാണ്.

സർക്കാർ നയമനുസരിച്ച് ഒൻപതു വർഷമാണ് ഒരു കാറിന്റെ ഉപയോഗ കാലാവധി. അതു കഴിഞ്ഞു വിൽക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാം. അധികം സഞ്ചരിച്ചതിനാൽ അഞ്ചു വർഷം പഴക്കമുള്ള കാർ വരെ സമീപകാലത്തു സർക്കാർ വേണ്ടെന്നു വച്ചിട്ടുണ്ട്. ഇനി ഒന്നോ രണ്ടോ വർഷത്തിനകം ഉപേക്ഷിക്കാൻ സാധ്യതയുള്ള ഡയറക്ടറുടെ കാർ മോടി പിടിപ്പിക്കാൻ മാത്രമായി ലക്ഷങ്ങൾ മുടക്കുന്നതിൽ ദുരൂഹതയുമുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഡയറക്ടറുടെ ഭർത്താവായ തിരുവനന്തപുരം നഗരസഭാ സ്ഥിരസമിതി അധ്യക്ഷനുമുണ്ട് കോർപറേഷൻ വക ഔദ്യോഗിക കാർ. ബാബു തിരുവനന്തപുരത്തെ പ്രധാന സിപിഎം നേതാവാണ്.

സംസ്ഥാന സാക്ഷരതാമിഷൻ അഥോറിറ്റി ഡയറക്ടറായി ഡോ. പി.എസ്.ശ്രീകല ചുമതലയേറ്റത് പിണറായി സർക്കാർ അധികാരത്തിൽ ഏറിയതിന് ശേഷമായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളം വിഭാഗം അസി. പ്രൊഫസറായിരുന്നു ശ്രീകല. കേരള സർവകലാശാല സിൻഡിക്കേറ്റിലും കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗമായിരുന്നു. ഇടതു പക്ഷ ആശയങ്ങളുമായി പൊതു സമൂഹത്തിൽ സജീവമായിരുന്നു ശ്രീകല. ഈ സാഹചര്യത്തിലാണ് കാറിന്റെ മോടിപിടിപ്പിക്കൽ വിവാദത്തിന് പുതിയ തലങ്ങളെത്തുന്നത്.