തിരുവനന്തപുരം: പി എസ് സി റാങ്ക് ജേതാക്കളിൽ ചിലർക്ക് ആശ്വാസം. റാങ്ക് പട്ടികയുടെ കാലാവധി സംബന്ധിച്ച പി.എസ്.സി.യുടെ അപ്പീൽ സുപ്രീംകോടതി തള്ളിയതോടെയാണ് തൊഴിൽ അന്വേഷകർക്ക് ആശ്വാസമാകുന്നത്. ഇതോടെ 2016 ഡിസംബർ 30-ന് റദ്ദാക്കിയ റാങ്കുപട്ടികകളിൽനിന്ന് 500-ഓളം പേർക്ക് നിയമനത്തിന് വഴിതെളിഞ്ഞു. അതിന് അപ്പുറവും നിർണ്ണായകമാണ് സുപ്രീംകോടതിയുടെ വിധി.

കാലാവധി കഴിയുന്ന പട്ടിക നീട്ടുന്നത് തങ്ങളുടെ വിവേചനാധികാരമാണെന്ന പി.എസ്.സി.യുടെ വാദം തള്ളുകയും ചെയ്തു സുപ്രീംകോടതി. കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി വിധിപുറപ്പെടുവിച്ചത്. വിധിപ്പകർപ്പ് ലഭിച്ചശേഷം അതനുസരിച്ചുള്ള ക്രമീകരണങ്ങൾ വരുത്തി നിയമനഃശുപാർശ നൽകാനുള്ള തയ്യാറെടുപ്പ് പി.എസ്.സി.യിൽ ആരംഭിച്ചു.

സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് സർജൻ, എൽ.പി., യു.പി. അദ്ധ്യാപകർ, എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്, വാട്ടർ അഥോറിറ്റി മീറ്റർ റീഡർ, കെ.എസ്.ഇ.ബി. മസ്ദൂർ തുടങ്ങി 14-ഓളം തസ്തികകളിലുള്ളവർക്കാണ് വിധിയുടെ പ്രയോജനം ലഭിക്കുക. 2016 ഡിസംബർ 31-നും 2017 ജൂൺ 29-നുമിടയിൽ ഈ തസ്തികകളിൽ റിപ്പോർട്ടുചെയ്ത ഒഴിവുകളിലേക്കായിരിക്കും നിയമനഃശുപാർശ നൽകുക.

2016 ജൂൺ 30-ന് റദ്ദാകാനിരുന്ന വിവിധ റാങ്ക്പട്ടികകളുടെ കാലാവധി അന്നത്തെ സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2016 ഡിസംബർ 30 വരെ നീട്ടിയിരുന്നു. പിന്നീട് സർക്കാർ നൽകിയ ശുപാർശയിൽ, ഇങ്ങനെ അധികകാലാവധി ലഭിച്ചവ ഒഴികെയുള്ള റാങ്ക്പട്ടികകൾക്ക് 2016 ഡിസംബർ 31 മുതൽ 2017 ജൂൺ 29 വരെയായി ആറുമാസം സമയംനൽകി.

എന്നാൽ, രണ്ടാമത് നീട്ടിയ പട്ടികയിലെ അധികകാലാവധി ലഭിക്കാതിരുന്നവർ അതിനെതിരേ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ച് അനുകൂലവിധിനേടി. പ്രത്യേക കാലയളവിലെ റാങ്ക്പട്ടികകൾ മാത്രം തിരഞ്ഞെടുത്ത് കാലാവധി നീട്ടുന്നത് വിവേചനപരവും അന്യായവുമാണെന്ന് വിധികളിൽ കുറ്റപ്പെടുത്തി. ഇതിനെതിരേയാണ് പി.എസ്.സി. സുപ്രീംകോടതിയിൽ അപ്പീൽപോയത്.

അതിനിടെ വിധി നടപ്പാക്കാൻ സാങ്കേതികതടസ്സങ്ങളില്ലെന്ന് പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. നിർദിഷ്ട കാലയളവിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ നേരത്തേതന്നെ മാറ്റിവെച്ചിരുന്നു. അപ്പീൽ ഹർജിയുടെ തീർപ്പിനു വിധേയമായി ഒഴിവുകൾ നികത്താൻ പി.എസ്.സി. യോഗം വളരെമുമ്പേ നിർദ്ദേശം നൽകിയതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇതോടെ ഉദ്യോഗാർത്ഥികളുടെ നിയമ പോരാട്ടം വിജയത്തിലെത്തുകയാണ്.