തിരുവനന്തപുരം : വ്യാജവാർത്തകൾക്കും അപവാദപ്രചരണങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി പബ്ലിക് സർവീസ് കമ്മിഷൻ. സമൂഹമാധ്യമങ്ങളിലൂടെയും പിഎസ്‌സിയെ അപകീർത്തിപ്പെടുത്തുന്ന വിവരങ്ങളും വ്യാജവാർത്തകളും വ്യാപകമായി പ്രചരിപ്പിക്കുന്നതായി കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉദ്യോഗാർത്ഥികളും ചട്ടവിരുദ്ധമായി ഈ പ്രചരണങ്ങളിൽ ഭാഗമാകുന്നു എന്നത് ഗുരുതരമായ വിഷയമാണ്.

സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെയും തെറ്റായ വർത്തകൾ നൽകുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കും. പിഎസ്‌സിയിൽ ജോലി ലഭിക്കുന്നതിനെന്ന പേരിൽ തികച്ചും നിയമവിരുദ്ധവും പിഎസ്‌സിയുടെ പേര് ഒരു കരാറിൽ ഉൾക്കൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും കമ്മിഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കൃത്യമായ ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായാണ് പിഎസ്‌സി പ്രവർത്തിക്കുന്നത്. വിവിധ സംവരണ വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുവാൻ നിയമം അനുശാസിക്കും പ്രകാരം പിഎസ്‌സി പ്രവർത്തിക്കുന്നു. ഈ സാഹചര്യത്തിൽ സമൂഹത്തിലാകെയും ഉദ്യോഗാർത്ഥികൾക്ക് പ്രത്യേകിച്ചും ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നത് ഭൂഷണമല്ല. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ മുന്നോട്ടുള്ള പ്രയാണത്തിനും ഭരണഘടനാ ദൗത്യങ്ങളുടെ നിർവഹണത്തിനും ഭംഗം വരുന്നതാണ് ഇത്തരം വിവാദങ്ങളെന്നും കമ്മിഷൻ അറിയിച്ചു.