തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരം കൂടുതൽ ശക്തിയാർജിക്കുകയാണ്. മുട്ടിലിഴഞ്ഞും യാചിച്ചും ഇന്നും സമരം ചെയ്തവരെ കാണാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമരവേദിയിൽ എത്തിയിരുന്നു.

സമരക്കാരോടു സംസാരിക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കൾ കൂട്ടത്തോടെ കാലിൽ വീണ് അപേക്ഷിച്ചത് ഒരുവേള ഉമ്മൻ ചാണ്ടിയെയും അമ്പരപ്പിച്ചു. ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ഈ ദൃശ്യങ്ങൾ വൈറലാവുകയാണ്.

പിടിച്ച് എഴുന്നേൽപ്പിക്കാൻ അദ്ദേഹം ശ്രമിക്കുമ്പോഴും യുവാക്കൾ അപേക്ഷ തുടരുകയായിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലിൽ പിടിച്ചു കരയുന്നവരുടെ കാഴ്ച മനസ്സലിയിപ്പിക്കുന്നതുമായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗാർഥികൾക്കു പിന്തുണയറിയിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെത്തി പ്രതിഷേധിച്ചു.

അവകാശങ്ങൾ നേടിയെടുക്കുന്നതുവരെ സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കി. ഉദ്യോഗാർഥികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്.

'കണ്ണ് തുറക്കൂ... സർക്കാരേ.. ഇന്നീ തെരുവിൽ ഇഴയുമ്പോൾ ഗതികേടാണിത് ഗതികേട്..' സെക്രട്ടേറിയറ്റിനു ചുറ്റും മുട്ടിലിഴഞ്ഞ് ഉദ്യോഗാർഥികൾ വിളിച്ച മുദ്രാവാക്യം സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്.

രാഷ്ട്രീയ തന്ത്രം എന്ന ആക്ഷേപം ഉയർത്താൻ ശ്രമിക്കുമ്പോൾ മുൻപ് ഡിവൈഎഫ്‌ഐയും സിപിഎമ്മും ഇതേ ആവശ്യമുന്നയിച്ച് നടത്തിയ സമരങ്ങളും ഉദ്യോഗാർഥികളുടെ ഗ്രൂപ്പുകളും പ്രതിപക്ഷവും ചർച്ചയാക്കുകയാണ്.

പ്രതിപക്ഷ നേതാക്കൾ വിഡിയോ പങ്കിട്ട് പിന്തുണ പ്രഖ്യാപിച്ചു. രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ വിഡിയോയും കുറിപ്പും പങ്കിട്ട് സർക്കാരിനെതിരെ ആഞ്ഞടിച്ചു.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ മുട്ടിലിഴയുന്ന സ്ഥിതിയുണ്ടാക്കിയത് പിണറായി സർക്കാരാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. 'വർഗീയത വേണ്ട തൊഴിൽ മതിയെന്ന് മുദ്രാവാക്യം മുഴക്കിയവർ, തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന് പറഞ്ഞ് യുവതയെ കാസർകോടു മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലയായി അണിചേർത്തവർ. ഡിവൈഎഫ്‌ഐ ഉൾപ്പെടെ സർക്കാറിന്റെ യുവജന വഞ്ചനയ്ക്ക് കുട പിടിക്കുന്നതാണ് ഏറെ നിർഭാഗ്യകരം.' - കെ.സി വേണുഗോപാൽ കുറിച്ചു.

താൻ കൊടുത്ത വിശ്വാസമാണ് തന്റെ സർക്കാരിൽനിന്ന് പോയിരിക്കുന്നതെന്ന് ഉദ്യോഗാർഥികളിൽ ഒരാൾ പറയുന്നു. പലരും നടക്കത്തില്ലെന്നു പറയുമ്പോഴും സാധാരണക്കാരുടെ വേദനയും വിഷമവും മനസിലാക്കും എന്റെ സർക്കാരെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു - അവർ കൂട്ടിച്ചേർക്കുന്നു. പഠിച്ചുനേടിയ ജോലിക്കായിട്ടാണ് ഉദ്യോഗാർഥികൾ ഇന്ന് തെരുവിൽ ഇറങ്ങിയിരിക്കുന്നത്. 

ഉദ്യോഗാർഥികൾക്കു പിന്തുണയുമായി ഹയർസെക്കൻഡറി റാങ്ക് ഹോൾഡേഴ്‌സും രംഗത്തെത്തി. നാഷണൽ ഗെയിംസിലെ വിജയികൾക്കു സർക്കാർ ജോലി വാഗ്ദാനം നൽകിയിരുന്നു. ഇവരും സമരക്കാർക്കു പിന്തുണ അറിയിച്ചെത്തി.