തിരുവനന്തപുരം: മുട്ടിലിഴഞ്ഞ് യാചിക്കരുത്, നിവർന്ന് നിന്ന് ചോദിച്ച് വാങ്ങണം എന്നാണ് സിപിഎം പാർട്ടി ക്ലാസുകളിൽ കേഡർമാർക്ക് നൽകുന്ന ആദ്യപാഠങ്ങളിൽ ഒന്ന്. ഇന്ന്, കേരളത്തിലെ യുവത ഏറെ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ സിപിഎം സർക്കാർ സ്വന്തക്കാരായ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ മാമാങ്കം തുടരുമ്പോൾ പി എസ് സി പരീക്ഷ എഴുതി റാങ്കുലിസ്റ്റുകളിൽ ഇ‌ടംപിടിച്ചവർ മുട്ടിലിഴഞ്ഞ് യാചിക്കുകയാണ്. സിപിഎമ്മിന്റെ ഔദാര്യത്തിനല്ല, അർഹതപ്പെട്ട അവകാശത്തിനായി. എന്നിട്ടും തങ്ങളുടെ ധാർഷ്ട്യം ഒരിഞ്ചുപോലും മാറ്റിവെക്കാൻ ഇടത് സർക്കാർ തയ്യാറാകുന്നില്ല.

പ്രത്യേക മന്ത്രിസഭാ യോ​ഗം ചേർന്ന ഇന്ന് സംസ്ഥാന വ്യാപകമായി ഉദ്യോഗാർഥികളുടെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും ഉദ്യോഗാർഥികൾ യാചനാ സമരം നടത്തി. തിരുവനന്തപുരത്ത് ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർഥികൾ യാചനാസമരവും മുട്ടിലിഴഞ്ഞു പ്രതിഷേധവും നടത്തി. സെക്രട്ടേറിയറ്റിന് സമീപം ഉദ്യോഗാർഥികൾ റോഡിലൂടെ പൊരിവെയിലത്ത് മുട്ടിലിഴഞ്ഞാണ് പ്രതിഷേധിച്ചത്. സമരത്തിനിടെ പലരും കുഴഞ്ഞുവീണു. വൈകാരിക നിമിഷങ്ങൾക്കാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിൽ നിന്ന് സമരപന്തലിലേക്കായിരുന്നു മുട്ടിലിഴയൽ പ്രതിഷേധം.

സർക്കാർ ഉദ്യോഗാർഥികളോട് കാണിക്കുന്നത് നിഷേധാത്മക നിലപാടാണെന്ന് ഉദ്യോഗാർഥികൾ പ്രതികരിച്ചു. ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രകടന പത്രികയിൽ ഉറപ്പ് നൽകിയ സർക്കാരിന്റെ ഭാഗത്ത് നിന്നാണ് ഇത്തരം അനീതി നേരിടേണ്ടി വരുന്നത്. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടുപോലും സർക്കാർ ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാവുന്നില്ലെന്ന് ഉദ്യോഗാർഥികൾ പ്രതികരിക്കുന്നു.

'അർഹതപ്പെട്ട ജോലിക്ക് വേണ്ടിയാണ് ഈ കഷ്ടപ്പാട്, ജോലിക്ക് വേണ്ടി മരണം വരെ പോരാടാൻ തയ്യാറാണ്. കൂടിനിൽക്കുന്ന ആയിരക്കണക്കിന് യുവാക്കളുണ്ട്, ഇവരുടെ കുടുംബങ്ങളും ജോലിക്ക് വേണ്ടി കാത്തിരിക്കുകയാണ്. എന്നിട്ടും സർക്കാർ കണ്ണുതുറക്കുന്നില്ല. പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്നവരാണ് ഞങ്ങൾ. ഞങ്ങളോടെന്തിനാണ് സർക്കാർ ഇങ്ങനെ പിടിവാശി കാണിക്കുന്നത്. ഞങ്ങളിൽ പലരും പി.എസ്.സി പരീക്ഷ എഴുതാനുള്ള പ്രായപരിധി കഴിഞ്ഞവരാണ്. ഞങ്ങളുടെ അവസാന പ്രതീക്ഷയാണിത്. സർക്കാരിന്റെ അനുകൂല തീരുമാനം ഉണ്ടാവുന്നതു വരെ ഞങ്ങൾ പോരാടും. ഗതികെട്ട് അലയുകയാണ് ഇപ്പോൾ.' ഉദ്യോഗാർഥികളിലൊരാൾ പ്രതികരിച്ചു.

പി.എസ്.സി റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് നിയമനം നൽകുക, താൽക്കാലിക നിയമനക്കാരെ സ്ഥിരപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഉദ്യോഗാർഥികൾ നടത്തുന്ന സമരം ഇന്ന്. 21-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഓൾ കേരള ഹയർ സെക്കണ്ടറി റാങ്ക് ഹോൾഡേഴ്‌സിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും നാഷണൽ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ജോലി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ധർണയും ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നു. കണ്ണൂരിലും ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന അനിശ്ചിതകാല സമരം തുടരുകയാണ്. ഉദ്യോഗാർഥികൾ ഇന്ന് നിരാഹാര സമരമാണ് നടത്തുന്നത്. കോഴിക്കോടും ഉദ്യോഗാർഥികൾ പ്രതിഷേധസമരം സംഘടിപ്പിച്ചു.

അതിനിടെ, ടൂറിസം വകുപ്പിലെ 90 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 10 വർഷം ജോലി ചെയ്ത താത്കാലിക ജീവനക്കാർക്കാണ് സ്ഥിരനിയമനം. കൂടാതെ, നിർമ്മിതി കേന്ദ്രത്തിലെ 10 വർഷം പൂർത്തിയാക്കിയ 16 പേരെയും സ്ഥിരപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. മറ്റു ചില വകുപ്പുകളിലും സ്ഥിരപ്പെടുത്തൽ നടന്നിട്ടുണ്ട്. ആകെ 150-ഓളം പേരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

ടൂറിസം വകുപ്പിൽ, പി.എസ്.സി. വഴി നിയമനം നൽകുന്ന തസ്തികകളിൽ അല്ല സ്ഥിരപ്പെടുത്തൽ നടത്തിയിരിക്കുന്നതെന്നും അതിനാൽ ഇതിൽ പുതുമയില്ലെന്നുമാണ് സർക്കാർ പറയുന്നത്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ഉദ്യോഗാർഥികളുടെ സമരം മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല.

അതേസമയം, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിൽ പിഎസ്‌സിക്ക് വിട്ട തസ്തികകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന്, ചട്ടങ്ങൾ പാലിക്കുന്നവ മാത്രം പരിഗണിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.സ്ഥിരപ്പെടുത്താനുള്ള അപേക്ഷകൾ കൂട്ടത്തോടെ എത്തിയതോടെയാണ് മുഖ്യമന്ത്രി നിയന്ത്രണം ഏർപ്പെടുത്തിയത്. നേരത്തെ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി സർക്കാർ ആറുമാസം നീട്ടിയിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് മന്ത്രിസഭാ യോഗം കൈക്കൊണ്ട നിലപാട്. ഇന്ന് മന്ത്രിസഭാ യോഗത്തിലെത്തിയ പകുതി അജണ്ടകൾ അടുത്ത ബുധനാഴ്ച ചേരുന്ന യോഗത്തിൽ പരിഗണിക്കാനായി മാറ്റി.