പബ്ജി നിരോധനത്തിന്റെ ആദ്യ ദിനം ചൈനീസ് കമ്പനി ടെൻസെൻറിന്റെ വിപണി മൂല്യത്തിൽ 1.02 ലക്ഷം കോടി രൂപ നഷ്ടമായി. ടെൻസെൻറ് ഓഹരി മൂല്യം രണ്ടു ശതമാനമാണ് ഇടിഞ്ഞത്. ഇത് രണ്ടാം തവണയാണ് ആപ്ലിക്കേഷൻ നിരോധനത്തെ തുടർന്ന് ടെൻസെന്റിന്റെ ഓഹരി വില ഇടിയുന്നത്. കഴിഞ്ഞ മാസം അമേരിക്ക വിചാറ്റ് നിരോധിച്ചതോടെ ടെൻസെന്റിന്റെ ഓഹരി വില 10 ശതമാനം വരെ ഇടിഞ്ഞിരുന്നു. ഹോങ്കോങ് വിപണിയിൽ വ്യാഴാഴ്ച വ്യാപാരം തുടങ്ങുമ്പോൾ ടെൻസെന്റ് ഓഹരി വില 71 ഡോളറായിരുന്നു. വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇത് 69 ഡോളറിലേക്ക് താഴ്ന്നു. പബ്ജിയിലെ 10 ശതമാനം ഓഹരികളും ടെൻസെന്റിന്റെ കൈവശമാണ്.

വ്യാഴാഴ്ച വ്യാപാരം തുടങ്ങിയ ഉടനെ ടെൻസെന്റ് ഓഹരികൾ 2 ശതമാനം ഇടിഞ്ഞു. ഏകദേശം 175 ദശലക്ഷം ഇൻസ്റ്റാളുകൾ ഉള്ള പബ്ജി മൊബൈലിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഒരു ദക്ഷിണ കൊറിയൻ ഗെയിമിങ് കമ്പനിയാണ് പബ്ജി സൃഷ്ടിച്ചതെങ്കിലും, ചൈനയിലെ ഏറ്റവും വലിയ ഗെയിമിങ് കമ്പനികളിലൊന്നായ ടെൻസെന്റ് ആണ് പബ്ജി മൊബൈൽ പതിപ്പ് കൊണ്ടുവന്നത്. ദക്ഷിണകൊറിയൻ കമ്പനി വികസിപ്പിച്ചെടുത്ത പബ്ജി ഗെയിം പിന്നീട് ചൈനീസ് കമ്പനിയായ ടെൻസെൻറ് അതിൽ നിക്ഷേപം നടത്തുകയായിരുന്നു.

സെപ്റ്റംബർ രണ്ടിന് പബ്ജി ഉൾപ്പടെ 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചിരുന്നു. നൂറിലേറെ ആപ്പുകൾ നിരോധിച്ചെങ്കിലും പബ്ജിയാണ് ഏറെ വാർത്താപ്രാധാന്യം നേടിയത്. ഇന്ത്യയിൽ രണ്ടുവർഷംകൊണ്ട് ഏറെ ജനപ്രീതി നേടിയ ഗെയിം ആയിരുന്നു പബ്ജി. ഓരോ ദിവസവും നിരവധി ഉപയോക്താക്കളെ സ്വന്തമാക്കി മുന്നേറുന്നതിനിടെയാണ് പബ്ജി ഇന്ത്യയിൽനിന്ന് അപ്രതീക്ഷിതമായി നീങ്ങുന്നത്. ബ് ജി, പബ് ജി ലൈറ്റ് എന്നീ ആപ്പുകൾക്ക് ഇന്ത്യയിൽ 50 ദശലക്ഷം സജീവ കളിക്കാർ ഉണ്ട്.

13 ദശലക്ഷമാണ് ഒരു ദിവസം ഇത് കളിക്കുന്നവരുടെ ഇന്ത്യയിലെ എണ്ണം.എന്നാൽ മറ്റൊരു പ്രധാനകാര്യം പബ് ജിയുടെ അടുത്തിറങ്ങിയ മൊബൈൽ ഇതര പതിപ്പുണ്ട്. പേഴ്സണൽ കമ്പ്യൂട്ടർ പതിപ്പാണ് ഇത്. ഇത് എന്നാൽ പൂർണ്ണമായും ചൈനീസ് ബന്ധം ഇല്ലാത്തതാണ്. ഇതിന് ഇപ്പോൾ വിലക്കും വന്നിട്ടില്ല. അതേ സമയം മൊബൈൽ പതിപ്പുകൾക്ക് പിന്നിൽ ചൈനീസ് കമ്പനി ടെൻസെൻറ് ഗെയിംസ് ആണെന്നതാണ് പബ് ജി മൊബൈൽ പതിപ്പിന് വിനയായത്.

ടെൻസെന്റ്

വിപണിമൂല്യം കണക്കിലെടുത്താൽ ലോകത്തെ ആദ്യ പത്തു കമ്പനികളിലൊന്നാണ് ടെൻസെന്റ്. എന്നാൽ, ടെൻസെന്റിനേക്കാൾ ഇവരുടെ ആപ്ലിക്കേഷനായ വിചാറ്റാണ് പ്രസിദ്ധം. 1998 ൽ തുടങ്ങിയ വിചാറ്റിന് ഇപ്പോഴുള്ള നൂറ് കോടിയിലേറെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും ചൈനയിലാണ്. ചാറ്റിങ്, ഷോപ്പിങ്, വിഡിയോ, ഗെയിം, ഭക്ഷണം ഓർഡർചെയ്യാൻ, ടാക്‌സി തുടങ്ങി ചൈനക്കാരുടെ മിക്ക ആവശ്യങ്ങൾക്കുമുള്ള ഓൺലൈൻ ഒറ്റമൂലിയാണ് വിചാറ്റ്.

മോദിയുെ ട്രംപും നിരോധനം ഏർപ്പെടുത്തിയതോടെയാണ് വിചാറ്റും ടെൻസെന്റും വാർത്തകളിൽ നിറയുന്നത്. ചൈനീസ് ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തുന്നതിന് ഏറെ മുൻപ് തന്നെ ചൈന നിരവധി ജനപ്രിയ ആപ്ലിക്കേഷനുകൾ നിരോധിച്ചിട്ടുണ്ട്. ജിമെയിലും യുട്യൂബും അടക്കമുള്ള ഗൂഗിൾ ആപ്ലിക്കേഷുകൾ, ഫേസ്‌ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, പിൻട്രസ്റ്റ്, സ്‌നാപ്ചാറ്റ്, ഡെയ്‌ലിമോഷൻ, വിമെയോ, മൈക്രോസോഫ്റ്റ് വൺ ഡ്രൈവ്, ഗൂഗിൾ, ആമസോൺ അലക്‌സ, വിക്കിപീഡിയ, യാഹൂ, ഡക്ഡക്‌ഗോ, വാട്‌സാപ്, ഫേസ്‌ബുക് മെസഞ്ചർ, ടെലഗ്രാം, ബ്ലോഗ്‌സ്‌പോട്ട്, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയവയൊന്നും ചൈനയിൽ ലഭ്യമല്ല. ന്യൂയോർക്ക് ടൈംസ്, ബിബിസി, വാൾസ്ട്രീറ്റ് ജേണൽ, റോയിട്ടേഴ്‌സ്, സിഎൻഎൻ, ടൈം എന്നിവയൊന്നും ചൈനയിൽ ഓൺലൈനിലും കിട്ടില്ല.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ ചൈനക്കാരുടെ ഫേസ്‌ബുക്കും ഗൂഗിളും യുട്യൂബും നെറ്റ്ഫ്‌ളിക്‌സും പേപാലും സ്‌പോട്ടിഫൈയും മാർവെലുമെല്ലാം വിചാറ്റ് അടക്കമുള്ള ടെൻസെന്റ് വെബ് സൈറ്റുകളാണ്. 2017ൽ നടത്തിയ ഒരു സർവേയിൽ മൂന്നിൽ രണ്ട് ചൈനക്കാരും വിചാറ്റ്, ക്യുക്യു എന്നീ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തിയത്. ഒരു ദിവസം ചൈനക്കാർ ഈ ആപ്ലിക്കേഷനുകളിൽ ആകെ ചെലവിടുന്നത് 170 കോടി മണിക്കൂറുകളാണ്!.

വിപണിമൂല്യം കണക്കിലെടുത്താൽ ലോകത്ത് എട്ടാം സ്ഥാനത്തുള്ള കമ്പനിയാണ് ടെൻസെന്റ്. ദിവസങ്ങൾക്ക് മുൻപാണ് ചൈനയിലെ ഏറ്റവും വലിയ ധനികനായി ടെൻസെന്റ് സ്ഥാപകനും സിഇഒയുമായ മാ ഹുവാറ്റെംഗ് മാറിയത്. പോണി മാ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ആസ്തി ഏതാണ്ട് 3.7 ലക്ഷം കോടി രൂപയാണ്. ഹോങ്കോങിന് വടക്ക് ഷെൻസെനിൽ 1998 ലാണ് ടെൻസെന്റ് സ്ഥാപിക്കുന്നത്. 2004ൽ ഹോങ്കോങ് സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട ടെൻസെന്റിന് ലോകമെങ്ങും ഓഫിസുകളും കമ്പനികളുമുണ്ടെങ്കിലും ആസ്ഥാനം ഇപ്പോഴും ഷെൻസെൻ തന്നെ.

ഓൺലൈൻ ഗെയിമുകൾ, വിഡിയോ, ലൈവ് സ്ട്രീമിങ്, വാർത്ത, സംഗീതം, സാഹിത്യം, ഷോപ്പിങ് തുടങ്ങി പബ്ജി മൊബൈൽസ്, ലീഗ് ഓഫ് ലെജന്റ്‌സ് അടക്കമുള്ള ജനപ്രിയ ഗെയിമുകൾ വരെ ടെൻസന്റിന് കീഴിൽ വരുന്നു. ഈ ഏകീകൃത സ്വഭാവത്തിന് ദോഷഫലങ്ങളും നിരവധിയാണ്. ചൈനീസ് ഭരണകൂടത്തിന് പൗരന്മാരെ നിരീക്ഷിക്കാനുള്ള എളുപ്പവഴി കൂടിയാണ് ടെൻസന്റ് വെബ് സൈറ്റുകളെന്നതാണ് ഇതിൽ പ്രധാനം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ വിമർശിക്കുന്നവരെ വിചാറ്റ് ബ്ലോക്ക് ചെയ്യുന്നത് അപൂർവ്വമല്ല. അന്വേഷണങ്ങളിൽ വിചാറ്റ് അടക്കമുള്ളവയിലെ സ്വകാര്യ സന്ദേശങ്ങൾ തെളിവുകളാകുന്നതും സാധാരണം.

ഓഗസ്റ്റ് ആറിന് ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഓർഡറാണ് ഇപ്പോൾ വിചാറ്റും ടിക്‌ടോകും അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകളെ ആപ്പിലാക്കിയിരിക്കുന്നത്. അമേരിക്കക്കാരുടെ സ്വകാര്യ വിവരം സംരക്ഷിക്കാനാണ് നിരോധനമെന്നാണ് ട്രംപ് വിശദീകരിക്കുന്നത്. വിചാറ്റിനെതിരെ നിരോധനം ഏർപ്പെടുത്തുമ്പോഴും ടെൻസെന്റിനെതിരെ നേരിട്ടുള്ള നടപടിക്ക് അമേരിക്ക മുതിർന്നിട്ടുമില്ല.

ടെൻസെന്റിന്റെ വെബ് സൈറ്റുകളുടെ പ്രധാന കേന്ദ്രം ചൈനയാണ്. 2019ൽ കമ്പനി നേടിയ വരുമാനത്തിൽ അഞ്ച് ശതമാനം മാത്രമാണ് ചൈനക്ക് പുറത്തു നിന്നുള്ളത്. അതുകൊണ്ട് ടെൻസെന്റിനെ മൊത്തത്തിൽ ഈ നിരോധനം വലിയതോതിൽ ബാധിക്കില്ലെന്ന് തോന്നാം. എന്നാൽ, ചൈനക്ക് പുറത്തേക്ക് വളരാനുള്ള വിചാറ്റിന്റേയും ടെൻസെന്റിന്റേയും പരിപാടികൾക്ക് വൻ തിരിച്ചടിയാണ് അമേരിക്കയുടെ നിരോധനം.

അതിർത്തിയിലെ ചതിക്ക് മോദിയുടെ മറുപടി

പബ്ജി ഉൾപ്പടെയുള്ള ആപ്പുകൾ നിരോധിക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതിർത്തിയിൽ സ്ഥിതിഗതികൾ വീണ്ടും വഷളായതോടെയാണ് നൊടിയിടയിൽ ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയത്. ഇപ്പോൾ സർക്കാർ നിരോധിച്ച ചൈനീസ് ആപ്പുകളിൽ ഭൂരിഭാഗവും ഗെയിമുകളും ക്യാമറ ആപ്പുകളുമാണ്. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ ആപ്പുകളുടെ കൂട്ടത്തിലുണ്ട്. 118 ചൈനീസ് ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ബൈഡു, ഷഓമിയുടെ ഷെയർ സേവ് എന്നിവയും ഉൾപ്പെടുന്നു. അതിർത്തിയിൽ ഏറ്റുമുട്ടലിനെത്തുടർന്ന് ചൈനീസ് സാങ്കേതിക സ്ഥാപനങ്ങളെ നിരോധിച്ച് പ്രതിരോധിലാക്കാനാണ് ഇന്ത്യയുടെ നീക്കം. ലഡാക്കിൽ ചൈനയുമായുള്ള പുതിയ അതിർത്തി സംഘർഷങ്ങൾക്കിടയിലാണ് ഈ നടപടി.