കൊല്ലം: വിസ്മയ കേസിൽ കിരൺ കുറ്റാക്കാരനെന്ന് തെളിഞ്ഞതോടെ ഒരു വ്യക്തിക്കെതിരായ പോരാട്ടമല്ല മറിച്ച് ഒരു സാമൂഹിക വിപത്തിനെതിരായ പോരാട്ടമാണ് വിജയിക്കുന്നതെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്.സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെ കൂടിയുള്ള പോരാട്ടമായിരുന്നു വിസ്മയ കേസ്.

കിരണിന്റെ കുറ്റം തെളിയുന്നതോടെ അത് സ്ത്രീധനസമ്പ്രദായത്തിനും അതിന്റെ ഭാഗമായുള്ള പീഡനത്തിനും ഒരു താക്കീതാവുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.വിഷയം ഒരു സോഷ്യൽ ഈവിൾ ആയതുകൊണ്ട് തന്നെ പ്രതിക്ക് പരമാവധി ശിക്ഷ നൽകാൻ തന്നെ കോടതിയിൽ വാദിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.ഒപ്പം കേസിന്റെ അന്വേഷണച്ചുമതലുയുണ്ടായിരുന്നു ഉദ്യോഗസ്ഥരെയും അദ്ദേഹം പ്രശംസിച്ചു.

കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൂടിയാണ് കിരൺ കുമാർ. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചർച്ച ചെയ്ത കേസിൽ കോടതി വിധി പറയുന്നത്. വിധി പ്രസ്താവം നടക്കുമ്പോൾ കിരൺ കുമാറിനേയും കോടതിയിലെത്തിച്ചിരുന്നു.

ഭർത്താവ് കിരൺ കുമാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21-ന് ഭർത്തൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും കിരൺ വിസ്മയയെ പീഡിപിച്ചു.

2020 മെയ്‌ 30-നാണ് ബി.എ.എം.എസ്. വിദ്യാർത്ഥിനിയായിരുന്ന വിസ്മയയെ മോട്ടോർവാഹനവകുപ്പിൽ എ.എം വിഐ. ആയിരുന്ന കിരൺകുമാർ വിവാഹം കഴിച്ചത്. സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റകൃത്യങ്ങൾ കിരൺകുമാർ ചെയ്തെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. ഇത് ശരിയാണെന്ന് കോടതി കണ്ടെത്തി.

പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകൾ തെളിവിൽ അക്കമിടുകയും 12 തൊണ്ടിമുതലുകൾ നൽകുകയും ചെയ്തു. പ്രതിയുടെ പിതാവ് സദാശിവൻ പിള്ള, സഹോദരപുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ എന്നീ അഞ്ച് സാക്ഷികൾ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.

കിരൺകുമാറിന്റെ ഫോൺ സൈബർ പരിശോധനയ്ക്കയച്ചതിൽ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ കണ്ടെത്തിയിരുന്നു. സ്ത്രീധനം സംബന്ധമായി നടത്തിയതുൾപ്പെടെ വിസ്മയയുമായുള്ള സംഭാഷണങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജും പ്രതിക്കുവേണ്ടി പ്രതാപചന്ദ്രൻ പിള്ളയും കോടതിയിൽ ഹാജരായി.