പത്തനംതിട്ട: റാന്നി അങ്ങാടി പുല്ലൂപ്രം കൃഷ്ണകൃപ ബാലികാസദനത്തിലെ അന്തേവാസി അമ്പിളി(18)യുടെ മരണം പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റേത് ചടുലനീക്കം. കൊലപാതകികൾ ഉടൻ തന്നെ പിടിയിലാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. 

ബാലികാസദനം നടത്തിപ്പുകാരൻ ഹരിപ്രസാദ് അടക്കമുള്ളവരിൽ നിന്ന് ഇന്നലെ സംഘം മൊഴി ശേഖരിച്ചു. കേസ് അന്വേഷണം ആദ്യം അട്ടിമറിച്ച ലോക്കൽ പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. അന്വേഷണം അട്ടിമറിക്കുന്നതിൽ ഇവർക്ക് പങ്കുണ്ടെന്ന് വന്നാൽ വകുപ്പുതലത്തിൽ അന്വേഷണവും നേരിടേണ്ടി വരും.

2015 ഫെബ്രുവരി 15 നാണ് കൃഷ്ണകൃപ ബാലികാസദനത്തിൽ ഇലന്തൂർ ഗവ.കോളജിൽ ബിരുദ വിദ്യാർത്ഥിനിയായിരുന്ന പുതുശേരിമല തട്ടാക്കുന്നേൽ തേവരുപറമ്പിൽ വൽസലയുടെ മകൾ അമ്പിളി കൊല്ലപ്പെട്ടത്. അതിക്രൂരമായ കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നിട്ടും ലോക്കൽ പൊലീസ് സിഐ രാജപ്പൻ റാവുത്തർ, എസ്‌ഐ ലാൽ സി ബേബി എന്നിവർ ചേർന്ന് അന്വേഷണം അട്ടിമറിക്കുകയായിരുന്നു. അമ്പിളിയുടേത് ആത്മഹത്യയാണെന്ന് പറഞ്ഞ് കേസ് ഫയൽ മടക്കിയ പൊലീസ് സംഘം തങ്ങൾക്ക് മരണത്തിൽ സംശയമില്ലെന്ന് അയൽവാസികളിലും ബന്ധുക്കളിലും നിന്ന് എഴുതി വാങ്ങുകയും ചെയ്തു.

പൂഴ്‌ത്തി വച്ച പോസ്റ്റുമോർട്ടം റിപ്പോർട്ടുമായി ബാലികാസദനത്തിലെ മുൻഅന്തേവാസി രമ്യയുടെ ഭർത്താവ് പ്രകാശ് മാധ്യമങ്ങളെ സമീപിച്ചതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറത്തായത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ മറുനാടൻ പുറത്തു വിട്ടതോടെ നടുങ്ങിയത് കേരളാ സമൂഹമായിരുന്നു. ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയി•േലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

ഇന്നലെ രാവിലെ റാന്നി ടി.ബിയിൽ എത്തിയ അന്വേഷണസംഘം ബാലികാസദനം നടത്തിപ്പുകാരൻ പുല്ലൂപ്രം കൊയ്പള്ളിൽ കെ.എസ്. ഹരിപ്രസാദിന്റേതടക്കം പത്തു പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് ആന്റി പൈറസി വിഭാഗം ഡിവൈ.എസ്‌പി എം. ഇക്‌ബാലിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിൽ എസ്‌ഐമാരായ ജിൻസ്, രതീഷ് എന്നിവരും ഉൾപ്പെടുന്നു. ഹരിപ്രസാദിനെ പുറമേ മുൻ അന്തേവാസി രമ്യ, ഭർത്താവ് പ്രകാശ്, ബാലികാ സദനത്തിലെ പാചകക്കാരി മണിയമ്മ, അമ്പിളിയുടെ സുഹൃത്തുക്കളായിരുന്ന ആര്യ, അനിത എന്നിവർ മൊഴി നൽകി. കഴിഞ്ഞ 31 നാണ് അന്വേഷണം തുടങ്ങിയത്.

ആക്ഷൻ കൗൺസിൽ ചെയർമാനും ഗ്രാമപഞ്ചായത്തംഗവുമായ രഞ്ജിത്ത്, മുഖ്യമന്ത്രി അടക്കമുള്ളവർക്കു പരാതി നൽകിയ അമ്പിളിയുടെ മാതൃസഹോദരി പുത്രൻ അനു, ഇദ്ദേഹത്തിന്റെ ഭാര്യ അനുജ, അയൽവാസികളായ സജി കിണറ്റുകര, ശശി എന്നിവരുടെ മൊഴി അന്ന് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ബാലികാസദനത്തിന്റെ പരിസരത്തുള്ളവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.