പത്തനംതിട്ട: ദളിത് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിക്കൂട്ടിലായിരിക്കുന്ന റാന്നി പുല്ലൂപ്രം കൃഷ്ണകൃപ ബാലികാസദനം ഒരു വർഷമായി പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെ. ഇതിന് ഒത്താശ ചെയ്തതാകട്ടെ ചൈൽഡ് ലൈനും സാമൂഹിക നീതി വകുപ്പും. ജില്ലയിൽ ഏതു ബാല പീഡനക്കേസു വന്നാലും അത് ഒതുക്കാൻ മുന്നിട്ടു നിൽക്കുകയാണ് ചൈൽഡ് ലൈനും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും എന്ന് നേരത്തേ തന്നെ പരാതിയുണ്ട്. ഈ സംഭവം കൂടി ആയതോടെ അത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ബാലികാസദനം നടത്തിപ്പുകാരൻ ഹരിപ്രസാദിന്റെ നേരെയാണ് സംശയത്തിന്റെ വിരൽമുന നീളുന്നത്. ഈ ബാലികാ സദനം സർക്കാരിന്റെയോ സംഘടനയുടെയോ അല്ല. വ്യക്തിയുടെ മാത്രമാണ്. ലൈസൻസില്ലാതെ ഒരു കൊല്ലമായി പ്രവർത്തിച്ചിട്ടും ഇതിനെതിരേ നടപടിയില്ല. ഹരിപ്രസാദിന്റെ പൂർവകാല ചരിത്രം പരിശോധിച്ചിറങ്ങിയ മറുനാടന് ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടിയത്. ഹൈന്ദവസംഘടനയുടെ നേതൃത്വത്തിൽ പുല്ലാട് പ്രവർത്തിക്കുന്ന ബാലികാ സദനത്തിലായിരുന്നു മുൻപ് ഇയാളുണ്ടായിരുന്നത്.

അവിടത്തെ അന്തേവാസിയുമായുണ്ടായ പ്രശ്‌നം നാട്ടുകാരറിഞ്ഞതോടെ സംഘടനയിലും സ്ഥാപനത്തിലും നിന്ന് ഇയാളെ പുറത്താക്കി. ഇതിന് ശേഷമാണ് പുല്ലൂപ്രത്ത് ഇയാൾ ബാലികാ സദനം തുടങ്ങിയത്. ബാലികമാർക്കൊപ്പം പ്രായപൂർത്തിയായ പെൺകുട്ടികളെയും ഇവിടെ താമസിപ്പിച്ചു പോന്നു. ഇതിന് ആവശ്യമായ ലൈസൻസോ അനുവാദമോ ഉണ്ടായിരുന്നില്ല. പൊലീസിന്റെയും ചൈൽഡ് ലൈനിന്റെയും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെയുമൊക്കെ ഒത്താശയും ഇതിനുണ്ടായിരുന്നു.

പുതുശേരിമല തട്ടേക്കാട് തേവരുപാറ വത്സലയുടെ മകൾ അമ്പിളി(18) രണ്ടു വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ മരിച്ച കേസ് ഒതുക്കിയതും ഇതേ കോക്കസുകൾ തന്നെയാണ്. അമ്പിളിയുടേത് ക്രൂരമായ കൊലപാതകമായിരുന്നു. പക്ഷേ, രണ്ടാമതൊന്ന് ആലോചിക്കാതെ അന്നത്തെ എസ്‌ഐ ലാൽ സി ബേബി ഇതൊരു വെറും ആത്മഹത്യ മാത്രമാക്കി എഴുതിത്ത്ത്തള്ളി. പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിക്കുന്ന ഏതൊരാൾക്കും പ്രഥമദൃഷ്ട്യാ തന്നെ കൊലപാതകമാണെന്ന് മനസിലാകുമായിരുന്നു. ബാലികാ സദനത്തിലെ അന്തേവാസികളുമായി രാത്രികാല ഔട്ടിങ് ഹരിപ്രസാദിന് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. രാത്രി എട്ടുമണിക്ക് ശേഷം പുറത്തു പോകുന്ന ഇവർ മടങ്ങിയെത്തുക വളരെ വൈകിയുമായിരുന്നു.

വിവാഹപ്രായമെത്തിയ യുവതികളെയും ഇവിടെ പാർപ്പിച്ചു. ഇവിടെ നിന്ന് വിവാഹം കഴിച്ചു വിട്ട ഒരു യുവതിയെ ആഴ്ചയിൽ രണ്ടു ദിവസം തിരികെ ബാലികാസദനത്തിൽ എത്തിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. പക്ഷേ, ഭർത്താവ് ഇടപെട്ട് തടഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ ബാലികാ സദനത്തിന്റെ ലൈസൻസ് കാലാവധി അവസാനിച്ചു. പിന്നീട് ഇതു പുതുക്കി നൽകിയിട്ടില്ല. പുതുക്കാൻ അപേക്ഷ നൽകിയിരിക്കുകയാണെന്ന് ഇയാൾ പറഞ്ഞതും വിശ്വസിച്ച് പൊലീസ് മടങ്ങുകയും ചെയ്തു.

അമ്പിളിയുടെ മരണത്തിന്മേൽ പൊലീസ് കാട്ടുന്ന അനാസ്ഥയ്‌ക്കെതിരേ ഇതിനിടെ എസ്എഫ്‌ഐ രംഗത്തു വന്നു. ഇന്നലെ ഇവർ ബാലികാ സദനത്തിന് മുന്നിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ഈ സമയം വാർത്ത ഷൂട്ട് ചെയ്താൽ, അത് നിയമപരമായി നേരിടുന്നതിനായി ഹരിപ്രസാദ് പിഞ്ചുബാലികമാരെ സ്ഥാപനത്തിന്റെ ഗേറ്റിലേക്ക് ഇറക്കി നിരത്തി നിർത്തി. ഏതെങ്കിലും മാധ്യമം വാർത്താചിത്രം കൊടുത്താൽ അത് ചൂണ്ടിക്കാട്ടി നിയമ നടപടി സ്വീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ബാലികാ സദനത്തിനു മുന്നിൽ നടന്ന എസ്എഫ്‌ഐ പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം സജിത് പി. ആനന്ദ് ഉദ്ഘാടനം ചെയ്തു.

പ്രക്ഷോഭം ശക്തമായിട്ടും പൊലീസിന് തെല്ലുംകുലുക്കമില്ല എന്നതാണ് ഏറെ ശ്രദ്ധിക്കപ്പെടുന്ന കാര്യം. ഫയൽ പഠിക്കുകയാണ്, വരട്ടെ നോക്കാം, അന്വേഷണം നടത്താം ഇത്തരം അഴകൊഴമ്പൻ മറുപടിയുമായിട്ടാണ് എസ്‌പി മുന്നോട്ടു പോകുന്നത്. റാന്നി സ്റ്റേഷനിൽ നിന്ന് ഫയൽ വരുത്തി പഠിച്ചുവെന്നൊക്കെയാണ് എസ്‌പി ബി അശോകൻ പറയുന്നത്. ഇന്നലെ എസ്എഫ്‌ഐയുടെ നേതാക്കൾ എസ്‌പിക്ക് പരാതി നൽകിയിരുന്നു. അതിനൊപ്പം അമ്പിളിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പകർപ്പും ഹാജരാക്കി. ഇത് താൻ ഇപ്പോഴാണ് കാണുന്നത് എന്നായിരുന്നുവത്രേ എസ്‌പിയുടെ മറുപടി. സമർഥനായ ഐപിഎസ് ഉദ്യോഗസ്ഥൻ ഹരിശങ്കറിനെ മാറ്റിയ ശേഷമാണ് കൺഫേർഡ് ഐപിഎസുകാരനായ അശോകനെ ഇവിടെ എസ്‌പിയാക്കിയത്. ഇദ്ദേഹത്തിന്റെ പ്രവർത്തനം കോമഡി ഷോ ആയി മാറിയിരിക്കുകയാണെന്നാണ് പൊലീസ് സേനയിലെ തന്നെ അഭിപ്രായം.