കൊച്ചി: മലയാളം സിനിമാ ലോകത്തെ ക്രിമിനൽ ബന്ധം വർദ്ധിച്ചു വരുന്നതിന്റെ വ്യക്തമായ തെൡവ് തന്നെയാണ് പൾസർ സുനി സിനിമാ ലൊക്കേഷനുകളിൽ കറങ്ങി നടന്നത്. നടിക്കുണ്ടായ അതേ ദുരനുഭവം മറ്റ് ചില നടിമാർക്കെതിരെയും സിനിമയിൽ ഉണ്ടായിട്ടുണ്ട്. പൾസർ സുനി പല സിനിമാ നടിമാരോടും മോശമായി പെരുമാറിയിട്ടുണ്ട്. എന്നാൽ, അന്നൊക്കെ ചില താരങ്ങളുടെ ബലത്തിൽ വീണ്ടും സിനിമയിൽ വിലസുകയായിരുന്നു ഇയാൾ. ഏഴ് വർഷത്തോളമായി സിനിമ രംഗത്ത് സജീവമാണ് സുനി.

അഞ്ചുവർഷം മുമ്പ് പ്രമുഖ നിർമ്മാതാവിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിനു പിന്നിലും ഇയാളായിരുന്നുവെന്ന് നിർമ്മാതാവ്തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയിൽ നല്ല സ്വാധീനമുള്ള നിർമ്മാതാവ് പരാതി നൽകിയെങ്കിലും ഇയാൾക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഇതിന്റെ ഉത്തരം ഇയാളുടെ ബന്ധങ്ങൾ തന്നെയാണ്. സമാന പരാതി ഉയർന്നിട്ടും സുനിയെ പല താരങ്ങളും ഡ്രൈവറാക്കി. അപ്പോൾ ഇയാളുടെ വളർച്ചയ്ക്കു പിന്നിൽ ആരൊക്കെയെന്നാണ് മലയാളികൾ ചോദിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കേസ് ഇപ്പോൾ കിട്ടുന്ന പ്രതികളിൽ അവസാനിക്കാനാണ് സാധ്യത.

മലയാള സിനിമയിലെ പ്രമുഖനായ ഒരു നിർമ്മാതാവിന്റെ പഴ്‌സണൽ ഡ്രൈവറായിരിക്കേയാണ് ചിത്രത്തിൽ അഭിനയിക്കാൻ തലസ്ഥാനത്ത് നിന്ന് ട്രെയിനിൽ എറണാകുളത്തെത്തിയ നടിയെ ഹോട്ടലിലേക്ക് കൊണ്ടുപോകാൻ കാറുമായി എത്തിയത്. അതേ ട്രെയിനിൽ ഇവരോടൊപ്പം മറ്റൊരു യുവനടിയും ഉണ്ടാകുമെന്നായിരുന്നു വിവരം. ഹോട്ടലിൽ രണ്ട് നടിമാർക്ക് കോംപ്‌ളിമെന്ററിയായി റൂം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് സുനി പ്രൊഡ്യൂസറിൽ നിന്ന് ഓട്ടം പിടിച്ചത്. അതിനായി വ്യാജ കാർഡും ഉണ്ടാക്കി നൽകി. സ്വന്തം ഡ്രൈവറെ സ്വന്തം പടത്തിനായി വരുന്ന നടിയെ സ്വീകരിക്കാൻ പ്രൊഡ്യൂസർ അയയ്ക്കുന്നതിൽ ആരും സംശയിക്കില്ലെന്ന് സുനിക്ക് ഉറപ്പായിരുന്നു.

എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഹോട്ടലിലേക്ക് പോകുന്നതിന് പകരം നടിയെയും കൊണ്ട് ടൗണിൽ പലവട്ടം കറങ്ങി. സംശയം തോന്നിയ നടി ഭർത്താവായ പ്രൊഡ്യൂസറെ വിളിച്ച് വിവരം പറഞ്ഞു. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കാൻ നിർദ്ദേശിച്ച അവരുടെ ഭർത്താവ് ചിത്രത്തിന്റെ നിർമ്മാതാവിനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം ഉടൻതന്നെ സുനിയെ വിളിച്ചു. അതോടെ ഹോട്ടലിന്റെ മുന്നിലിറക്കി വിട്ട് അത്യാവശ്യമാണെന്ന് പറഞ്ഞ് സുനി പോയി.

ഹോട്ടലിൽ എത്തിയ നടിക്ക് സൗജന്യമായി മുറി നൽകിയില്ല. അക്കാര്യം പ്രൊഡ്യൂസർ അറിയുന്നതും അപ്പോഴാണ്. ചതിക്കാനായിരുന്നു ശ്രമമെന്ന് മനസ്സിലാക്കിയതോടെ നടിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകി. കാര്യം കൈവിട്ടു പോകുകയാണെന്ന് മനസ്സിലാക്കിയ സുനി മുങ്ങി. പിന്നീട്, ഇയാൾ എപ്പോൾ പൊങ്ങിയെന്നോ വീണ്ടും എങ്ങനെ സിനിമാ മേഖലയിൽ എത്തിയെന്നോ ആർക്കും അറിയില്ല. പല താരങ്ങളോടൊപ്പവും രണ്ടോ മൂന്നോ മാസത്തേക്ക് ജോലി ചെയ്തിരുന്നതായാണ് അറിവ്. തൊട്ടു മുമ്പേ ജോലി ചെയ്തിരുന്ന ആളുടെ പേര് പറഞ്ഞാണ് പുതിയ ജോലിക്ക് കയറിയിരുന്നതെന്ന് അറിയുന്നു.

എന്നാൽ, പഴയ താരവും പുതിയ താരവും തമ്മിൽ കണ്ടുമുട്ടേണ്ട അവസരം വരുമ്പോൾ ഇയാൾ മുങ്ങിയിരുന്നുവെന്നാണ് വിവരം. ഇക്കാലത്തിനിടയ്ക്ക് പല യുവനടികൾക്ക് നേരെയും ആക്രമണം നടത്തിയിട്ടുണ്ടെന്ന് ഇപ്പോൾ പറഞ്ഞുകേൾക്കുന്നു. ഇതൊക്കെ അപമാനം ഭയന്ന് പണം നൽകി ഒതുക്കിയതാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതായി നിർമ്മാതാവും നടനുമായ ലാൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ വ്യക്തിയുടെ സ്വഭാവ ദൂഷ്യം അറിഞ്ഞില്ലെന്നത് സിനിമാമേഖലയെ മുഴുവനായും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സഹപ്രവർത്തകരായ സ്ത്രീകളുടെ സുരക്ഷ ഒരുക്കാൻ കഴിഞ്ഞില്ല എന്ന ആരോപണം സിനിമാമേഖലയിലെ സംഘടനകളെയും ചെറുതായല്ല കുഴക്കുന്നത്.

അതേസമയം, ഇയാൾ പ്രമുഖ താരത്തിന്റെ ഫാൻസ് അസോസിയേഷനിൽ പദവി വഹിച്ചതായും വാർത്തകളുണ്ട്. ഫാൻസ് അസോസിയേഷൻ പ്രവർത്തകരോടൊപ്പം നിൽക്കുന്നുവെന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പല താരങ്ങൾക്കും ഡ്രൈവർമാരെ എത്തിച്ചു നൽകുന്ന ജോലിയും ഇയാൾ ചെയ്തിരുന്നു. ഒളിവിലായിരിക്കുന്ന പ്രതിക്ക് സിനിമാ മേഖലയിൽ നിന്നു തന്നെ കൃത്യമായ നിർദ്ദേശങ്ങളും സഹായവും ലഭിക്കുന്നുണ്ടെന്ന് ആ മേഖലയിലുള്ളവർ തന്നെ പറയുന്നു. തന്നെ കുടുക്കിയതാണെന്ന് പറഞ്ഞാണ് സുനി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സിനിമാക്കാരുടെ അടുപ്പക്കാരായി എത്തി സിനിമാമേഖല നിയന്ത്രിക്കുന്ന വിധത്തിൽ വളർന്നു വരുന്ന പലരും വഴിവിട്ട രീതിയിലൂടെയാണ് തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതെന്ന് സിനിമയ്ക്കുള്ളിലുള്ളവർ തന്നെ പറയുന്നു. ഇതിന് പ്രമുഖരുടെ പിന്തുണയുമുണ്ടാകുമെന്ന് ഇവർ പറയുന്നു.

സിനിമാ ലൊക്കേഷനിലേക്ക് താരങ്ങളെ എത്തിക്കുമ്പോൾ പ്രൊഡക്ഷൻ കൺട്രോളർമാർ ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുണ്ട്. പ്രധാന താരമല്ലാത്ത താരങ്ങളെ ലൊക്കേഷനിലെത്തിക്കുമ്പോൾ രണ്ടോ അതിലധികമോ പേരെ ഒന്നിച്ചാണ് കൊണ്ടുപോവുക. ചെലവ് ലാഭിക്കുന്നതിന്റെ ഭാഗമായാണ് അത്. പ്രധാന നായികയെ ലൊക്കേഷനിലെത്തിക്കുമ്പോൾ ഡ്രൈവറെ കൂടാതെ സിനിമയുമായി ബന്ധമുള്ള ആരെങ്കിലും ഒരാൾ കൂടി കൂടെയുണ്ടാകും. എന്നാൽ, കഴിഞ്ഞ ദിവസത്തെ സംഭവത്തിൽ അത്തരത്തിൽ മറ്റാരും കൂടെയുണ്ടായിരുന്നില്ല. മാത്രവുമല്ല, എത്തേണ്ട സമയം കഴിഞ്ഞും നടി എത്താത്തതിനെ തുടർന്ന് ഇക്കാര്യം പ്രൊഡക്ഷനിൽ നിന്നുള്ള ആരും വിളിച്ച് അന്വേഷിക്കാതിരുന്നതെന്ത് എന്ന ചോദ്യവും സിനിമാമേഖലയിൽ നിന്ന് ഉയരുന്നുണ്ട്.

തങ്ങളുടെ കീഴിൽ വരുന്നവരെയല്ലാതെ ഡ്രൈവർമാരായി നിയോഗിക്കരുതെന്ന ഫെഫ്ക സിനി ഡ്രൈവേഴ്‌സ് യൂണിയന്റെ നിർദ്ദേശമുണ്ടായിട്ടും അത് അവഗണിച്ചാണ് പ്രൊഡ്യൂസർമാർ തങ്ങളുടെ പരിചയക്കാരെയും പുറത്തു നിന്നുള്ളവരെയും ഡ്രൈവർമാരായി വച്ചിരുന്നതെന്ന് അവരും ആരോപിക്കുന്നു. മുമ്പ് പലതവണ ഇക്കാര്യത്തിൽ വഴക്കുണ്ടായപ്പോൾ അസോസിയേഷനെ പാടെ അവഗണിക്കുകയായിരുന്നു നിർമ്മാതാക്കൾ ചെയ്തതെന്നും അവർ കുറ്റപ്പെടുത്തുന്നു. പക്ഷേ, അപ്പോഴും തങ്ങളുടെ കൂടെ നിൽക്കുന്നവരെ കുറിച്ച് എന്തുകൊണ്ട് ആരും അന്വേഷിച്ചില്ല എന്ന ചോദ്യം ബാക്കിയാവുകയാണ്.

ഇപ്പോഴത്തെ കേസിലെ മുഖ്യപ്രതി മറ്റൊരു യുവനടിയെ ലക്ഷ്യമിട്ടിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. അഞ്ചു വർഷം മുമ്പ് പ്രമുഖ നിർമ്മാതാവിന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നപ്പോൾത്തന്നെ ഈ യുവ നായികയെയും ഉന്നംവച്ചിരുന്നു. ആ ചിത്രത്തിൽ അഭിനയിക്കാൻ ഈ യുവ നടിയും ഉണ്ടായിരുന്നു. യുവനടിയും കൂടെ എത്തും എന്ന ധാരണയിലാണത്രേ അന്ന് തിരുവനന്തപുരത്തുനിന്നുള്ള നടിയെ ഹോട്ടലിൽ എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. എന്നാൽ, അവർ ഒപ്പം ഉണ്ടായിരുന്നില്ല. അവർ വരാൻവേണ്ടിയായിരുന്നോ ആദ്യം വന്ന നടിയെ ഹോട്ടലിൽ എത്തിക്കാതെ കാറിൽ നഗരത്തിൽ കറങ്ങിയതെന്ന് സംശയം ഉണ്ട്.