കൊച്ചി: ഓടുന്ന വാഹനത്തിൽ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിച്ച വിഷ്ണുവിന്റെ ഫോൺ സംഭാഷണം പുറത്തുവന്നു. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു, ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തായത്.

ജയിലിൽ നിന്നാണ് വിളിക്കുന്നതെന്ന് വിഷ്ണു സംഭാഷണത്തിൽ വെളിപ്പെടുത്തുന്നുണ്ട്. പൾസർ സുനി കൊടുത്തയച്ച കത്ത് വായിക്കണമെന്നും വിഷ്ണു സംഭാഷണത്തിൽ ആവശ്യപ്പെടുന്നു. ഇനി ബുധനാഴ്ചയെ വിളിക്കാൻ സാധിക്കൂവെന്നും, തനിക്കു പറയാനുള്ളത് കേൾക്കാൻ തയാറാകണമെന്നും വിഷ്ണു അപ്പുണ്ണിയോട് പറയുന്നു. എന്നാൽ, തന്നെ വിളിക്കേണ്ടെന്ന് പലതവണ പറഞ്ഞിട്ടില്ലേയെന്നു ചോദിക്കുന്ന അപ്പുണ്ണി, രൂക്ഷമായാണ് പ്രതികരിക്കുന്നത്. പൾസർ സുനി എഴുതിയ കത്ത് വാങ്ങാൻ വിഷ്ണു പല തവണ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയാറല്ലെന്നാണ് അപ്പുണ്ണിയുടെ മറുപടി. ഇഷ്ടമുള്ളത് ചെയ്‌തോളാനും പൊലീസിൽ കേസുകൊടുക്കാനും അപ്പുണ്ണി ഇയാളെ വെല്ലുവിളിക്കുന്നതും ശബ്ദരേഖയിലുണ്ട്.

കേസിലെ പ്രധാനപ്പെട്ട തെളിവുകളിൽ ഒന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഒന്നരമിനുറ്റ് ദൈർഘ്യമുള്ള ശബ്ദരേഖ. പൾസർ സുനി ദിലീപിനെഴുതിയ കത്തിനെക്കുറിച്ചു തന്നെയാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്. സംഭാഷണത്തിൽ നിരന്തരം എന്തിനാണ് തന്നെ വിളിച്ച് ശല്യപ്പെടുത്തുന്നതെന്നും ഇക്കാര്യത്തിൽ തന്നെ വിളിക്കണ്ട നിനക്കിഷ്ടമുള്ളത് ചെയ്‌തോ എന്ന് ദിലീപിന്റെ മാനേജർ അപ്പുണ്ണി വിഷ്ണുവിനോട് പറയുന്നുണ്ട്. സുനിലിന്റെ സഹതടവുകാരനായ വിഷ്ണു ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. നിരവധി തവണ ദിലീപിനെയും മാനേജർ അപ്പുണ്ണിയേയും നാദിർഷയേയും വിഷ്ണു എന്നയാൾ വിളിച്ചിരുന്നു എന്ന് ഇന്നലെ ദിലീപും നാദിർഷയും വെളിപ്പെടുത്തിയിരുന്നു.

പൾസർ സുനി എഴുതിയതെന്ന പേരിൽ പ്രചരിക്കുന്ന കത്ത് ദിലീപിനെത്തിച്ചത് വിഷ്ണുവാണ്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതു നടൻ ദിലീപാണെന്നു പൊലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്താൻ പൾസൾ സുനിക്കു വൻതുക വാഗ്ദാനം ലഭിച്ചതായാണ് വിഷ്ണുവിന്റെ വെളിപ്പെടുത്തൽ. അപ്പുണ്ണിയെ കൂടാതെ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷായേയും ഇതേ കാര്യവുമായി ബന്ധപ്പെട്ട് വിഷ്ണു ഫോണിൽ ബന്ധപ്പെട്ടിരുന്നു. അതേസമയം, വിഷ്ണുവിനെ നേരിൽ കണ്ടിട്ടില്ലെന്നാണ് നാദിർഷായുടെ പ്രതികരണം.

അപ്പുണ്ണിയോടും നാദിർഷായോടും എട്ടു തവണ വിഷ്ണു ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഈ സംഭാഷണങ്ങളെല്ലാം റെക്കോർഡ് ചെയ്ത് ദിലീപ് പരാതിക്കൊപ്പം പൊലീസിനു നൽകിയിരുന്നു.