കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വില്ലത്തിയോ? ഒരു നടിക്ക് വേണ്ടിയാണ് ക്വട്ടേഷനെന്ന് പൾസർ സുനിയും കാറിനുള്ളിലെ പീഡനത്തിനിടെ ആക്രമത്തിന് ഇരയായ നടിയോട് പറഞ്ഞിരുന്നു. ഇത് വെറുതെ പറഞ്ഞതെന്നായിരുന്നു വിലയിരുത്തൽ. അതിനിടെയാണ് പുതിയ ചർച്ച ഉയരുന്നത്. മാഡത്തെ തേടിയുള്ള യാത്രയിലാകും ഇനി പൊലീസ്, സോളാർ കേസിൽ സരിതാനായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ തന്നെ വിളിച്ച് ഗൂഢാലോചനയെക്കുറിച്ച് സൂചന തന്നെന്ന് നടൻ ദിലീപ് പൊലീസിന് മൊഴിനൽകിയിരുന്നു.

അതിനിടെ കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് സിനിമയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പേരു ദോഷം ഉണ്ടാകാതിരിക്കാൻ പഴുതുകളടച്ചുള്ള അന്വേഷണത്തിന് പൊലീസ് ശ്രമിക്കും. ഫെനി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലും പരിശോധിക്കുന്നത് അതുകൊണ്ടാണ്. സിബിഐയുടെ അന്വേഷണം എന്ന ആവശ്യം ഉയർന്നതിനാൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. എന്നാൽ എല്ലാ കാര്യത്തിലും തീരുമാനമെടുക്കുക പുതിയ പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയാകും. ബെഹ്‌റ കേസ് വിശദമായി പരിശോധിക്കുന്നുണ്ട്. എല്ലാ ഫയലുകളും പൊലീസ് മേധാവി പരിശോധിക്കുമെന്നാണ് സൂചന. എഡിജിപി സന്ധ്യയുമായി കേസ് ഡയറിയിലെ വിശദാംശങ്ങൾ ബെഹ്‌റ ചോദിച്ചറിഞ്ഞിട്ടുണ്ട്.

കേസിൽ മാഡം എത്തുന്നത് സരിതാ എസ് നായരുടെ അഭിഭാഷകനിലൂടെയാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. കേസിലെ പ്രതിയായി ഒളിവിലിരിക്കെ കീഴടങ്ങാനായി പൾസർ സുനി തന്റെ സഹായം തേടിയെന്ന് ഫെനി ബാലകൃഷ്ണൻ സ്ഥിരീകരിച്ചു. മനോജ്, മഹേഷ് എന്നിങ്ങനെയാണ് കാണാൻ വന്നവർ പേരുപറഞ്ഞത്. ഒരാൾ തമിഴ് കലർന്ന മലയാളമാണ് സംസാരിച്ചത്. ചെങ്ങന്നൂരിലായിരുന്നു കൂടിക്കാഴ്ച. മാവേലിക്കര കോടതിയിൽ കീഴടങ്ങിയ ശേഷം കൊച്ചിയിലേക്കു പോകാനുള്ള ഏർപ്പാടുകൾ ചെയ്യാമെന്ന് മറുപടി നൽകി. അന്ന് മാവേലിക്കരയിൽ ഹർത്താലായിരുന്നു. 'മാഡ'ത്തോടു ചോദിക്കട്ടെയെന്നു പറഞ്ഞ് ഇവർ പോയെന്നാണ് ഫെനി പറയുന്നത്. ഈ മാഡത്തെയാണ് പൊലീസ് തേടുന്നത്. എന്തോ അപകടം മണത്ത ഫെനി ദിലീപിനെ വിളിച്ച് ഗൂഢാലോചനയുടെ സൂചന പറഞ്ഞു.

മാധ്യമങ്ങളിൽ ദിലീപിനെക്കുറിച്ച് പരാമർശം ഉണ്ടാകുന്നതിനാലായിരുന്നു ഇതെന്നും ഫെനി പറയുന്നു. ഫെനി രണ്ടോ മൂന്നോ തവണ വിളിച്ചെന്ന് ദിലീപ് മൊഴി നൽകിയെന്നാണ് സൂചന. ഇതു സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായില്ല. പക്ഷേ മാഡത്തെ കണ്ടെത്താനാണ് ശ്രമം. ഇതിനായി ഫെനിയേയും പ്രതികളേയും പൊലീസ് ചോദ്യം ചെയ്യും. നടിയെ ആക്രമിച്ചശേഷം പോകുമ്പോൾ പൾസർ സുനി എറണാകുളത്തെ ഒരു വീടിന്റെ മതിൽ ചാടിക്കടന്നുപോകുന്നത് സമീപത്തെ ഒരു സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. സുനിയുമായി അടുപ്പമുള്ള ഒരു സ്ത്രീയുടെ വീടായിരുന്നു ഇത്. ഇവിടെ വച്ചാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈമാറിയതെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കിൽ ഈ സ്ത്രീയാണോ മാഡം എന്നും പൊലീസ് പരിശോധിക്കും. കേസിന്റെ ഗതി തിരിച്ചുവിടാനുള്ള നീക്കമാണോയെന്നും സംശയമുണ്ട്.

ഫെബ്രുവരി 22-ന് പൾസർ സുനി എറണാകുളത്തെ കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ കോടതിമുറിയിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫെനി പറഞ്ഞ ദിവസം മാവേലിക്കരയിൽ ഹർത്താലായിരുന്നു. ആലപ്പുഴ ജില്ലയിൽ എവിടെയെങ്കിലും സുനി കീഴടങ്ങാൻ സാധ്യതയുണ്ടെന്ന് അന്ന് വാർത്ത പ്രചരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മാഡത്തിൽ അന്വേഷണം വേണ്ടി വരുന്നത്. സംഭവത്തിന് പിന്നിലൊരു സ്ത്രീ ഉണ്ടെന്ന സംശയം നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. ക്വട്ടേഷൻ കൊടുത്തത് ഒരു സ്ത്രീയാണെന്ന് പൾസർ സുനി പറഞ്ഞുവെന്ന് നടി തന്നെ മൊഴി നൽകിയിരുന്നതാണ്. എന്നാൽ പൾസർ സുനി അത് നിഷേധിച്ചിരുന്നു. മാത്രമല്ല ദിലീപിന് സംഭവത്തെക്കുറിച്ച് മുന്നറിവുണ്ടായിരുന്നുവെന്നും പൾസർ സുനി മൊഴി നൽകി. സംഭവം നടന്ന ദിവസം ദിലീപും പൾസർ സുനിയും ഒരേ മൊബൈൽ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്.

അതിനിടെ പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. ആലുവ മജിസ്‌ട്രേട്ട് കോടതിമുമ്പാകെയാണ് ജിൻസൻ രഹസ്യമൊഴി നൽകിയത്.സുനി പറഞ്ഞതെല്ലാം തന്റെ മൊഴിയിലുണ്ടെന്ന് ജിൻസൺ പറഞ്ഞു. കാക്കനാട് ജില്ലാജയിലിൽ കഴിയവേയാണ് പൾസർ സുനി ജിൻസണോട് സംസാരിച്ചത്. ജയിലിൽ മൊബെയിൽ ഫോൺ ഉപയോഗിച്ചതിന് പൾസർ സുനിക്കും ജിൻസനുമടക്കം ഏഴ് പേർക്കെതിരെ ഇന്നലെ പുതിയ കേസ് രജിസ്റ്റർ ചെയ്തു.

വിഷ്ണു, സനൽ, സനിൽ, വിപിൻലാൽ, സനിൽകുമാർ, ജിൻസൺ, മഹേഷ് എന്നിവർക്കെതിരെയാണ് കേസ്. സുനിക്കൊപ്പം പല കാലഘട്ടത്തിൽ ജയിലിൽ കഴിഞ്ഞവരാണ് മഹേഷ് ഒഴികെയുള്ള ആറു പേരും. കാക്കനാട് ജില്ലാ ജയിൽ അധികൃതർ നൽകിയ പരാതിയിന്മേലാണ് നടപടി.തടവുകാരനല്ലാത്ത മഹേഷാണ് സുനിക്ക് ജയിലിൽ ഫോൺ എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇൻഫോ പാർക്ക് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. വിഷ്ണുവിനെയും സനലിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുതിയ സാഹചര്യത്തിൽ സുനിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ദിലീപിന്റെ ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ, അന്വേഷണം ആരിലേക്കാണ് നീങ്ങുന്നതെന്ന സൂചന പൊലീസ് നൽകിയിട്ടില്ല. ഇതിനിടെ, ദിലീപിന്റെയും ഇരയായ നടിയുടെയും റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. ദിലിപിന്റെ സ്ഥലം ഇടപാടുകളുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളുണ്ടായിരുന്നതായി പൊലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനായി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും.