കൊച്ചി: ഓപ്പറേഷൻ ബിഗ് ഡാഡിയിൽ കുടുങ്ങിയ പ്രമുഖ ഗായികയുണ്ട്. ഹവാല ഇടപാടുകളിലും ചർച്ചയായ പേര്. ഈ ഗായികയും പൾസർ സുനിയുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഹവാല ഇടപാടുകളാണ് ഇരുവരേയും അടുപ്പിക്കുന്നത്. യുവനടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹവാല റാക്കറ്റിന്റെ കണ്ണിയെന്നു രഹസ്യവിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. മലയാള സിനിമയിലെ കള്ളപ്പണ റാക്കറ്റിലെ പ്രധാനി.

നടന്മാരുടേയും നടിമാരുടേയും അനധികൃത സമ്പാദ്യം വെളുപ്പിക്കുന്ന ഇടനിലക്കാരൻ. സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളിലേക്കു കുഴൽപ്പണം എത്തിക്കുന്ന ഏജന്റായി പ്രവർത്തിക്കുന്ന സുനി അതിനുള്ള സൗകര്യത്തിനാണു നിർമ്മാണക്കമ്പനിയുടെ ഡ്രൈവറായി ജോലി ചെയ്യുന്നതെന്നും സൂചനയുണ്ട്. വ്യാജ പാസ്‌പോർട്ടുകളിൽ 2013, 2014 വർഷങ്ങളിൽ പല തവണ സുനി ദുബായിലെത്തിയതിനു തെളിവുണ്ട്. പെൺവാണിഭ സംഘങ്ങൾക്കുവേണ്ടി മലയാളി യുവതികളെ വിദേശത്തേക്കു കടത്തിയ മനുഷ്യക്കടത്തു കേസിൽ ദുബായ് പൊലീസ് തെരയുന്ന 'സുനിൽ സുരേന്ദ്ര'നും പൾസർ സുനിയും ഒരാളാണെന്ന സംശയവും സജീവമായി.

നടിയോട് അതിക്രമം കാണിച്ച കേസിൽ സുനി വിദേശത്തേക്കു കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ നോട്ടിസ് നൽകിയിരുന്നു. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരുകളിൽ പാസ്‌പോർട്ടുണ്ടായിരുന്നതായി കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ സ്വത്തുക്കളിലേക്കും അന്വേഷണം നീളുന്നത്. സിനിമാക്കാരുമായെല്ലാം പൾസറിന്റെ ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. താരങ്ങളെ കൊണ്ടു പോകുന്ന വാഹനങ്ങളിൽ കുഴൽപ്പണം കടത്താനുള്ള സാധ്യതയും പൊലീസ് തിരിച്ചറിയുന്നുണ്ട്.

കടത്തുന്ന കുഴൽപ്പണം തട്ടിയെടുക്കാനുള്ള ഗുണ്ടാസംഘം പൾസർ സുനിയുടെ നിയന്ത്രണത്തിലുണ്ടായിരുന്നു. 2014 മേയിൽ പാലായ്ക്കു സമീപം കെഎസ്ആർടിസി ബസിൽ കടത്തിയ നാലുലക്ഷം രൂപയുടെ നോട്ടുകൾ മുഖത്തു മുളകു സ്‌പ്രേ അടിച്ചു കവർന്ന കേസിൽ സുനി പിടികിട്ടാപ്പുള്ളിയായിരുന്നു. ഈ കേസ് തന്നെയാണ് പൊലീസ് പ്രധാനമായും ഈ നിഗമനത്തിലെത്താൻ ആധാരമാക്കുന്നത്. മുൻനിര നടന്മാരും സാങ്കേതിക വിദഗ്ധരുമായി മറ്റു ഡ്രൈവർമാർക്കില്ലാത്ത അടുപ്പം സുനിയുണ്ടാക്കിയതും കള്ളപ്പണ ഇടപാടിലൂടെ ആവാമെന്നു പൊലീസ് കരുതുന്നു.

മൂന്നു പേരുകളിൽ ഇയാൾക്കു വ്യാജ പാസ്‌പോർട്ടുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയതാണ് നിർണ്ണായകമായത്. ഈ സാഹചര്യത്തിൽ പൾസർ സുനിയെ പിണക്കാതെ കേസ് അവസാനിപ്പിക്കാൻ നെട്ടോട്ടമോടുന്നവർ ഏറെയാണ്. അതുകൊണ്ട് തന്നെ ഈ കേസ് ഉടൻ കെട്ടടങ്ങുമെന്ന് പലരും പ്രവചിക്കുകയും ചെയ്യുന്നു.